- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രോട്ടീസ് ബാറ്റിങ് നിരയിലെ വിശ്വസ്തന് പടിയിറങ്ങുന്നു! കരാറിന് പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് റസി വാന്‍ഡെര്‍ ഡസന്‍; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ 'വൈകി വന്ന വസന്തത്തിന്' പടിയിറക്കം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ വിശ്വസ്തനായ ബാറ്റര്‍ റസി വാന്‍ഡെര്‍ ഡസന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് 37-കാരനായ താരം പാഡഴിക്കാന്‍ തീരുമാനിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരമാണ് ഡസന്റെ കരിയറിലെ അവസാന പോരാട്ടം. വിടവാങ്ങല്‍ മത്സരത്തില്‍ 69 റണ്‍സുമായി താരം തിളങ്ങിയിരുന്നു.
'അവിശ്വസനീയമായ നന്ദിയോടെയും അഭിമാനത്തോടെയും ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. പ്രോട്ടീസ് ജേഴ്‌സി അണിയുക എന്നത് കഠിനമായ സമര്‍പ്പണം ആവശ്യപ്പെടുന്ന ഒന്നാണ്. എന്റെ രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി,' വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഡസന്‍ കുറിച്ചു. വൈകി വന്ന വസന്തമെന്ന് വിശേഷിപ്പിക്കാവുന്ന കരിയറായിരുന്നു ഡസന്റേത്. 2018-ല്‍ സിംബാബ്വെക്കെതിരെ തന്റെ 29-ാം വയസ്സിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ച ഡസന്‍ ഏകദിന ക്രിക്കറ്റിലാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. 71 ഏകദിന മത്സരങ്ങളില്‍ നിന്ന് 2657 റണ്‍സ് താരം അടിച്ചുകൂട്ടി. ഇതില്‍ ആറ് സെഞ്ച്വറികളും 17 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 2019, 2023 ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 2024-ല്‍ ഒരു ഏകദിന മത്സരത്തില്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യവും താരത്തെ തേടിയെത്തി.
ടി20 ഫോര്‍മാറ്റിലും ഡസന്‍ തന്റെ മുദ്ര പതിപ്പിച്ചു. 57 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നായി 1406 റണ്‍സ് താരം നേടിയിട്ടുണ്ട്. പത്ത് അര്‍ദ്ധ സെഞ്ച്വറികളാണ് കുട്ടിക്രിക്കറ്റിലെ സമ്പാദ്യം. അന്താരാഷ്ട്ര തലത്തില്‍ ആകെ 4968 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിട്ടുള്ള ഡസന്‍, ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളില്‍ സജീവമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയിലെ നട്ടെല്ലായിരുന്ന ഒരു താരത്തിന്റെ പടിയിറക്കം ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നഷ്ടം തന്നെയാണ്.


