ന്യൂഡല്‍ഹി: സമീര്‍ റിസ്വിയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ രണ്ടാം മത്സരത്തിലും ഡല്‍ഹി ക്യാപിറ്റല്‍സിന് മിന്നും ജയം. മുംബൈ ഇന്ത്യന്‍സിനെ ആറുവിക്കറ്റിനാണ് ഡല്‍ഹി തകര്‍ത്തത്. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 30 പന്തില്‍ 44 റണ്‍സെടുത്ത പതും നിസ്സങ്കയും ഡല്‍ഹിക്ക് വേണ്ടി തിളങ്ങി. സമീര്‍ റിസ്വിയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി. താരം 51 പന്തില്‍ നിന്ന് 90 റണ്‍സെടുത്തു. ലഖ്നൗവിനെതിരായ ആദ്യ മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി റിസ്വി തിളങ്ങിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ഏഴ് റണ്‍സിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കെ.എല്‍ രാഹുല്‍ (1), നിതീഷ് റാണ(0) എന്നിവര്‍ക്ക് കാര്യമായി ഒന്നുംചെയ്യാനായില്ല. എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരകയറ്റുന്നതാണ് അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ കണ്ടത്. പതും നിസ്സങ്കയും സമീര്‍ റിസ്വിയും മുംബൈ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടു. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവന്നു. എട്ടാം ഓവറില്‍ അമ്പത് കടത്തി കൂട്ടുകെട്ട് പത്താം ഓവറിലെ അഞ്ചാം പന്തിലാണ് പിരിയുന്നത്. പതും നിസ്സങ്ക 30 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് മടങ്ങി.

പത്തോവര്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ പിന്നീടങ്ങോട്ട് സമീര്‍ റിസ്വി വെടിക്കെട്ട് നടത്തുന്നതാണ് കണ്ടത്. കോര്‍ബിന്‍ ബോഷ് എറിഞ്ഞ 11-ാം ഓവറില്‍ 20 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്സറും ഫോറും പിറന്നു. 12-ാം ഓവറിലും തകര്‍ത്തടിച്ച റിസ്വി അര്‍ധസെഞ്ചുറി തികച്ചു. ഓവറിലും രണ്ട് സിക്സറുകളടക്കം 14 റണ്‍സാണ് പിറന്നത്. അതോടെ ഡല്‍ഹിക്ക് ജയപ്രതീക്ഷ കൈവന്നു.

റിസ്വി പിന്നെയും മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. അതോടെ ഡല്‍ഹി സ്‌കോര്‍ കുതിച്ചു. മുംബൈ് പരാജയം മണത്തു. 16 ഓവര്‍ അവസാനിക്കുമ്പോള്‍ 149-3 എന്ന നിലയിലായിരുന്നു ഡല്‍ഹി. 17-ാം ഓവറില്‍ റിസ്വി പുറത്തായെങ്കിലും മില്ലറും ട്രിസ്റ്റണ്‍ സ്റ്റബ്സും ചേര്‍ന്ന് ടീമിനെ ജയത്തിലെത്തി. റിസ്വി 51 പന്തില്‍ നിന്ന് 90 റണ്‍സെടുത്തു.

നേരത്തേ ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഡല്‍ഹി ബൗളര്‍മാര്‍ ഞെട്ടിച്ചു. 18 റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണും തിലക് വര്‍മയുമാണ് പുറത്തായത്. റിക്കെല്‍ട്ടണ്‍ ഒന്‍പത് റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ ഡക്കായി മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മയും നായകന്‍ സൂര്യകുമാര്‍ യാദവും ടീമിനെ കരകയറ്റി. ഇരുവരും ഡല്‍ഹി ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തി.

ഏഴോവറില്‍ മുംബൈ അമ്പത് കടന്നു. പതിയെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് രോഹിത്തും സൂര്യകുമാറും ട്രാക്ക് മാറ്റിയതോടെയാണ് മുംബൈ സ്‌കോര്‍ ഏഴുപത് കടന്നത്. ഒടുക്കം പത്താം ഓവറില്‍ രോഹിത്തിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 11 ഓവര്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. പിന്നീടിറങ്ങിയ ഷെര്‍ഫെയ്ന്‍ റൂഥര്‍റഫോര്‍ഡ് അഞ്ച് റണ്‍സെടുത്ത് മടങ്ങി.

അഞ്ചാം വിക്കറ്റില്‍ സൂര്യ, നമാന്‍ ധിര്‍ ചേര്‍ന്ന് ടീമിനെ നൂറുകടത്തി. പിന്നാലെ സൂര്യ അര്‍ധസെഞ്ചുറിയും തികച്ചു. 16-ാം ഓവറില്‍ സൂര്യയും കൂടാരം കയറിതോടെ മുംബൈ പ്രതിരോധത്തിലായി. 36 പന്തില്‍ 51 റണ്‍സാണ് മുംബൈ നായകന്റെ സമ്പാദ്യം. എന്നാല്‍ അടിച്ചുകളിച്ച നമാന്‍ മുംബൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. താരം 21 പന്തില്‍ നിന്ന് 28 റണ്‍സെടുത്താണ് പുറത്തായത്. മിച്ചല്‍ സാന്റ്നര്‍ 13 പന്തില്‍ നിന്ന് 18 റണ്‍സും കോര്‍ബിന്‍ ബോഷ് 11 റണ്‍സെടുത്തും പുറത്താവാതെ നിന്നു.