ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. രാജസ്ഥാന്‍ റോയല്‍സിനോട് എട്ട് വിക്കറ്റിനും പഞ്ചാബ് കിങ്സിനോട് അഞ്ച് വിക്കറ്റിനും പരാജയപ്പെട്ടതോടെ പുതിയ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃപാടവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഇതിനിടെ, ടീമിലെ സഞ്ജു സാംസണിന്റെ സാന്നിധ്യം ഗെയ്ക്വാദിന് ഭീഷണിയാകുന്നുണ്ടോ എന്ന ചോദ്യവുമായി മുന്‍ വിദേശ താരങ്ങള്‍ രംഗത്തെത്തി.

ക്രിക്ക് ബസില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണും ന്യൂസിലന്‍ഡ് മുന്‍ പേസര്‍ സൈമണ്‍ ഡൂളും ചെന്നൈ ടീമിലെ നായകമാറ്റ സാധ്യതകളെക്കുറിച്ച് പരാമര്‍ശിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെ വര്‍ഷങ്ങളോളം നയിച്ച പരിചയസമ്പത്തുള്ള സഞ്ജു സാംസണ്‍ ടീമിലുള്ളത് ഗെയ്ക്വാദിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ എന്നായിരുന്നു വോണിന്റെ ചോദ്യം. ഇതിന് അനുകൂലമായ മറുപടിയാണ് സൈമണ്‍ ഡൂള്‍ നല്‍കിയത്. സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു മുന്‍ നായകന്‍ ടീമിലുള്ളത് സ്വാഭാവികമായും നിലവിലെ ക്യാപ്റ്റന് വെല്ലുവിളിയാണെന്ന് ഇരുവരും വിലയിരുത്തി.

കഴിഞ്ഞ ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ട്രേഡ് ഡീലിലൂടെയാണ് സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. ഭാവിയില്‍ ടീമിനെ നയിക്കാന്‍ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നേരത്തെ തന്നെയുണ്ട്. 2021 മുതല്‍ രാജസ്ഥാനെ നയിക്കുകയും ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്ത സഞ്ജുവിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് മികച്ചതാണ്. അതേസമയം, ഋതുരാജാകട്ടെ 2019 മുതല്‍ ചെന്നൈയുടെ നെടുംതൂണാണ്. അന്ന് ലേലത്തില്‍ 20 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്. 2022 സീസണിന് മുന്നോടിയായി 6 കോടിക്ക് ടീം നിലനിര്‍ത്തി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ടീമിന്റെ നായകനുമായി.

ക്യാപ്റ്റന്‍സി ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും സഞ്ജുവിന്റെ ബാറ്റിങ് ഫോം ചെന്നൈയെ ആശങ്കപ്പെടുത്തുന്നുണ്ട്. കളിച്ച രണ്ട് മത്സരങ്ങളിലും മലയാളി താരത്തിന് തിളങ്ങാനായില്ല. രാജസ്ഥാനെതിരെ ആറ് റണ്‍സും പഞ്ചാബിനെതിരെ ഏഴ് റണ്‍സും മാത്രമാണ് സഞ്ജുവിന് നേടാനായത്. ടി20 ലോകകപ്പില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം സഞ്ജു വീണ്ടെടുക്കേണ്ടതുണ്ടെന്ന് സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി. നായകന്റെ സമ്മര്‍ദ്ദവും പ്രമുഖ താരങ്ങളുടെ ഫോമില്ലായ്മയും പരിഹരിച്ച് ചെന്നൈക്ക് വരും മത്സരങ്ങളില്‍ തിരിച്ചുവരാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.