മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ് ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടൂര്‍ണമെന്റിലെ താരമായിരുന്നു യുവരാജ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ തിരിച്ചുവരവുകളിലൊന്നിന്റെ കഥ പറയുകയാണ് മുന്‍ താരം യുവരാജ് സിംഗ്. തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍, രാജ്യം 2011ലെ ലോകകപ്പ് വിജയം ആഘോഷിക്കുമ്പോള്‍ താന്‍ അനുഭവിച്ച കഠിനമായ വേദനകളെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണുമായുള്ള പോഡ്കാസ്റ്റില്‍ യുവരാജ് വെളിപ്പെടുത്തി. 2011 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പിയായി മാറുമ്പോഴും കഠിനമായ ക്ഷീണവും ശാരീരിക അസ്വസ്ഥതകളും യുവരാജിനെ അലട്ടിയിരുന്നു.

എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യത്തിന് മുന്നില്‍ അദ്ദേഹം സ്വന്തം ആരോഗ്യം അവഗണിച്ചു. ലോകകപ്പിന് ശേഷം നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂമര്‍ ഉണ്ടെന്നും അത് അപൂര്‍വ്വമായ ഒരു കാന്‍സര്‍ ആണെന്നും തിരിച്ചറിഞ്ഞത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് യുവരാജ് ഓര്‍ത്തെടുത്തു.. ''നിങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലുള്ള രക്തക്കുഴലിലാണ് ട്യൂമര്‍. ഒന്നുകില്‍ നിങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കാം, അല്ലെങ്കില്‍ ഹൃദയാഘാതം വന്ന് മരിക്കാം. കീമോതെറാപ്പി ചെയ്തില്ലെങ്കില്‍ 3 മുതല്‍ 6 മാസം വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്നായിരുന്നു ഡോക്ടറുടെ വാക്കുകള്‍.'' യുവരാജ് വിശദീകരിച്ചു.

ഈ വാക്കുകളാണ് തന്റെ ജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യുവരാജ് പറയുന്നു. നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനായി ഒരു കാന്‍സര്‍ ഫൗണ്ടേഷന്‍ നടത്തുന്ന താന്‍ തന്നെ സ്വന്തം രോഗലക്ഷണങ്ങള്‍ അവഗണിച്ചു എന്നത് വിരോധാഭാസമായി തോന്നി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011-12 കാലഘട്ടത്തില്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശാരീരികമായും മാനസികമായും തകര്‍ന്നുപോയ നിമിഷങ്ങളുണ്ടായിരുന്നു. ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് പലരും കരുതിയിരുന്നെങ്കിലും, നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ലോകകപ്പ് സമയത്ത് തന്നെ കഠിനമായ ക്ഷീണവും ശാരീരിക അസ്വസ്ഥതകളും യുവി അനുഭവിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്. ലോകകപ്പിന് ശേഷം നടത്തിയ പരിശോധനയിലാണ് ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലുള്ള രക്തക്കുഴലില്‍ അപൂര്‍വ്വമായ ഒരു കാന്‍സര്‍ ട്യൂമര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഡോക്ടര്‍ നിതേഷ് റോഹ്താഗി നല്‍കിയ മുന്നറിയിപ്പ് തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്ന് യുവരാജ് ഓര്‍ക്കുന്നു. 'ഒന്നുകില്‍ നിനക്ക് പോയി ക്രിക്കറ്റ് കളിക്കാം, പക്ഷേ ചിലപ്പോള്‍ ഹൃദയാഘാതം വന്ന് മരിച്ചേക്കാം. ഉടന്‍ കീമോതെറാപ്പി ചെയ്തില്ലെങ്കില്‍ മൂന്ന് മുതല്‍ ആറ് മാസം വരെ മാത്രമേ ആയുസ്സുണ്ടാകൂ' എന്നായിരുന്നു ഡോക്ടറുടെ വാക്കുകള്‍. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍, ടെസ്റ്റ് ടീമിലേക്കുള്ള വാതില്‍ തുറക്കപ്പെട്ട നിമിഷത്തില്‍ ഇത്തരമൊരു വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നുവെന്ന് യുവി പറഞ്ഞു.

തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയ്ക്ക് പോയെങ്കിലും ഇനിയൊരിക്കലും ക്രിക്കറ്റിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ആശങ്കയായിരുന്നു എല്ലാവര്‍ക്കും. ലാന്‍സ് ആംസ്ട്രോങ്ങിനെ ചികിത്സിച്ച ഡോക്ടര്‍ ഐന്‍ഹോണിന് പോലും യുവിയെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ഒരു വര്‍ഷമെടുത്തു. 'ക്രിക്കറ്റ് കളിക്കുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാണ്? ഞാന്‍ ഒന്നുമല്ല' എന്ന ചിന്ത ആ ദിവസങ്ങളില്‍ തന്നെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്ന് യുവരാജ് വെളിപ്പെടുത്തി.

ചികിത്സയ്ക്കിടയിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നിരന്തരം പഴയ വീഡിയോകള്‍ കാണുമായിരുന്നു. അമേരിക്കയില്‍ സന്ദര്‍ശിക്കാനെത്തിയ അനില്‍ കുംബ്ലെ ലാപ്‌ടോപ്പ് അടച്ചുവെച്ച്, ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാതെ ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ ഉപദേശിച്ചതും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ പിന്തുണയും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.

ഒരിക്കലും കളിക്കളത്തിലേക്ക് മടങ്ങില്ലെന്ന് കരുതിയടത്തുനിന്നാണ് കാന്‍സറിനെ തോല്‍പ്പിച്ച് ആറു മാസത്തിനുള്ളില്‍ ഇന്ത്യക്കായി ട്വന്റി-20 മത്സരത്തില്‍ അദ്ദേഹം വീണ്ടും ഇറങ്ങിയത്. ആ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ വീണ്ടും കളിക്കളത്തിലെത്തിയെന്നത് വലിയൊരു വിജയമായാണ് യുവി കാണുന്നത്. ഒരു കായികതാരം എന്നതിലുപരി, തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു പോരാളിയായി യുവരാജ് സിംഗ് ഇന്നും ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനമായി തുടരുന്നു.