കൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ ജയം തേടി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഹോം ഗ്രൗണ്ടില്‍ വീണ്ടും പോരാട്ടത്തിന് ഇറങ്ങുന്നു. ടോസിലെ ഭാഗ്യം എതിരാളികളായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനാണ് ലഭിച്ചത്. ടോസ് നേടി ലഖ്നൗ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. ലഖ്നൗ കഴിഞ്ഞ കളിയിലെ ഇലവനെ തന്നെ ഇറക്കും. കെകെആര്‍ നിരയില്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ തിരിച്ചെത്തി. ബ്ലസിങ് മുസരബാനിക്കു പകരമാണ് നരെയ്ന്‍ ഇലവനില്‍ എത്തിയത്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ലഖ്നൗ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് ഇത് വരെ പുറത്തെടുത്തിട്ടുള്ളത്. എന്നാല്‍ ബൗളിങ് നിര വേണ്ട രീതിയില്‍ ശോഭിക്കുന്നില്ല എന്നതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ടീമിന്റെ തുറുപ്പ് ചീട്ടായ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിലെ ആദ്യ 11ല്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇരുവരും കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സീസണില്‍ 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ ഇന്നത്തെ മത്സരത്തില്‍ പന്തെറിയുമെന്നാണ് സൂചന. കാര്‍ത്തിക ത്യാഗി, അംഗ്കൃഷ് രഘുവംശി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

മറുഭാഗത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉള്ളത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ അവസാന ഓവറില്‍ നേടിയ വിജയമാണ് ടീമിന് കരുത്താകുന്നത്.

എന്നാലും ടീമില്‍ നിരവധി പ്രതിസന്ധികള്‍ ഇപ്പോഴുമുണ്ട് നിക്കോളാസ് പുരാന്‍, മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഇത് വരെ തിളങ്ങിയിട്ടില്ല. ഹസരംഗയെ പോലുള്ള സ്പിന്‍ ബൗളറുടെ അഭാവവും ടീമിന് തിരിച്ചടിയാണ്.