- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലേ നാലു മത്സരം; 18 ഫോറും 18 സിക്‌സും; 50 റണ്‍സ് ശരാശരിയും 266.67 സ്ട്രൈക്ക് റേറ്റും; ഓറഞ്ച് ക്യാപും തൂക്കി വൈഭവ് സൂര്യവംശി; പിന്നാലെ കോലിയുടെ സമ്മാനവും

ഗുവാഹത്തി: ഐപിഎല്ലിലെ റോയല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഗുവാഹത്തിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ ആര്‍സിബിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശി എന്ന കൗമാര വിസ്മയത്തിന്റെ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.
ആര്‍സിബി ഉയര്‍ത്തിയ 202-റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് വൈഭവ് സൂര്യവംശി നല്‍കിയ വെടിക്കെട്ട് തുടക്കമാണ് വിജയക്കുതിപ്പായത്. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ അന്താരാഷ്ട്ര ബൗളര്‍മാരെ ഒരു ദാക്ഷണ്യവുമില്ലാതെ പ്രഹരിച്ച വൈഭവ് കേവലം 15 പന്തില്‍ നിന്നാണ് തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും ഇതേ വേഗത്തില്‍ താരം ഫിഫ്റ്റി അടിച്ചിരുന്നു. 26 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകുമ്പോഴേക്കും രാജസ്ഥാന്‍ വിജയത്തിനടുത്തെത്തിയിരുന്നു. ധ്രുവ് ജുറെലുമൊത്ത് (43 പന്തില്‍ 81*) ചേര്‍ന്നുള്ള രണ്ടാം വിക്കറ്റിലെ 108 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന്റെ ജയം അനായാസമാക്കിയത്. 12 പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ ലക്ഷ്യം കണ്ടു.
ബാറ്റിങ് വിസ്മയം തീര്‍ത്ത് വൈഭവ് മുന്നേറുന്നതിനിടെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പും കൗമാരതാരം സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 26 പന്തില്‍ 78 റണ്‍സടിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ വൈഭവ് സൂര്യവംശിയാണ് നാലു മത്സരങ്ങളില്‍ 200 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്നിലെത്തിയത്. സഹതാരം യശസ്വി ജയ്‌സ്വാളിനെ(183) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിന്റെ തേരോട്ടം.
രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം തുടരുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് സൂപ്പര്‍താരം വിരാട് കോലിയുടെ പ്രശംസ. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മിലുള്ള കളി കഴിഞ്ഞതിന് പിന്നാലെ വൈഭവിനെ തേടി കോലിയുടെ ഓട്ടോഗ്രാഫ് എത്തി. തൊപ്പിയില്‍ 'ഡിയര്‍ വൈഭവ്, വെല്‍ഡണ്‍' എന്നായിരുന്നു കോലി കുറിച്ചത്. പ്ലെയര്‍ ഓഫ് ദ് മാച്ചിനും ഓറഞ്ച് ക്യാപ്പിനും ഒപ്പം എക്കാലത്തേക്കും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു സമ്മാനം. വൈഭവിന്റെ കളി കാണാന്‍ തന്നെ ഭംഗിയാണെന്നും തുടര്‍ന്നും മികച്ച പ്രകടനം നിലനിര്‍ത്താന്‍ കഴിയട്ടെ എന്നും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നാലു മത്സരങ്ങളില്‍ നിന്നായി 18 വീതം ഫോറും സിക്‌സും പറത്തിയ വൈഭവ് 50 റണ്‍സ് ശരാശരിയും 266.67 എന്ന മാരകപ്രഹരശേഷിയും നിലനിര്‍ത്തുന്നു. ആര്‍സിബിക്കെതിരെ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സീസണിലെ രണ്ടാം അര്‍ധസെഞ്ചുറിയാണ് ഇന്ന് നേടിയത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും വൈഭവ് 15 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചിരുന്നു. 43 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന് ആര്‍സിബിക്കെതിരെ രാജസ്ഥാനെ വിജയവര കടത്തിയ ധ്രുവ് ജുറെലാണ് 176 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ഇതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സ് താരം സമീര്‍ റിസ്വി(160), കൊല്‍ക്കത്തയുടെ അംഗ്രിഷ് രഘുവംശി(155) എന്നിവരാണ് റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ചിലുള്ളത്. ഹെന്റിച്ച് ക്ലാസന്‍(145), രജത് പാട്ടീദാര്‍(142), വിരാട് കോലി(129), ദേവ്ദത്ത് പടിക്കല്‍(129), അജിങ്ക്യാ രഹാനെ(124) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍.
ആര്‍സിബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്റെ രവി ബിഷ്‌ണോയ് ആണ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. നാലു മത്സരങ്ങളില്‍ 9 വിക്കറ്റുമായാണ് ബിഷ്‌ണോയ് ഒന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ(6), റാഷിദ് ഖാന്‍(5), ഡല്‍ഹിയുടെ ലുങ്കി എംഗിഡി(5), രാജസ്ഥാന്റെ ജോഫ്ര ആര്‍ച്ചര്‍(5) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചിലുള്ളത്.


