- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബച്ചോന്‍ കോ ക്യോം മാര്‍ രഹേ ഹോ? ഹമീന്‍ ഭി മാര്‍ ദിഖാവോ'; അന്ന് പതിനാറുകാരന് സച്ചിനെ വെല്ലുവിളിച്ച അബ്ദുള്‍ ഖാദിര്‍; ഇന്ന് ബുംറയ്ക്കു പിന്നാലെ ഹേസല്‍വുഡിനെയും ഭുവനേശ്വറിനെയും പഞ്ഞിക്കിട്ട് വൈഭവ് സൂര്യവംശിയും; ലോകോത്തര ബോളര്‍മാരെ വിറപ്പിച്ച് കൗമാരതാരം റണ്‍വേട്ടയില്‍ മുന്നില്‍

ഗുവഹാത്തി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പതിനാറു വയസുകാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാക്ക് ഇതിഹാസ സ്പിന്നര്‍ അബ്ദുള്‍ ഖാദിറിനെ തുടരെ സിക്‌സറുകള്‍ പറത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എക്കാലവും മധുരിക്കുന്ന ഓര്‍മകളാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ വരവ് അറിയിച്ച ഇന്നിംഗ്‌സ് കൂടിയായിരുന്നു അത്. യുവ സച്ചിന്‍ ഒരു ഓവറില്‍ ഖാദിറിനെ നാല് സിക്‌സറുകളാണ് പറത്തിയത്. എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായ ഖാദിറിനെതിരെ സച്ചിന്‍ ഒറ്റ ഓവറില്‍ 28 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ആ കൗമാരക്കാരന്റെ ബാറ്റിംഗ് വെടിക്കെട്ടിന് വഴിമരുന്ന് ഇട്ടതാകട്ടെ ഖാദിറിന്റെ വെല്ലുവിളിയുടെ തുടര്‍ച്ചയായിരുന്നു.
മുഷ്താഖ് അഹമ്മദിനെതിരെ രണ്ട് സിക്‌സര്‍ പറത്തിയ സച്ചിന്റെ മുഖത്ത് നോക്കി 'ബച്ചോന്‍ കോ ക്യോം മാര്‍ രഹേ ഹോ? ഹമീന്‍ ഭി മാര്‍ ദിഖാവോ' ('നീ എന്തിനാണ് കുട്ടിയെ മാത്രം അടിക്കുന്നത്? എന്നെയും അടിക്കൂ.') എന്ന ഖാദിറിന്റെ വെല്ലുവിളിക്കുള്ള മറുപടിയായിരുന്നു പിന്നെ കണ്ടത്. ആ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഓവര്‍ സ്റ്റാറ്റിസ്റ്റിക്‌സ് 6, 0, 4, 6, 6, 6 എന്നായിരുന്നു, സച്ചിന്‍ 53* റണ്‍സുമായി ക്രീസില്‍ തല ഉയര്‍ത്തി നിന്നു നിന്നു. 20 ഓവറായി ചുരുക്കിയ ഒരു അന്താരാഷ്ട്ര മത്സരത്തിലായിരുന്നു സച്ചിന്റെ മിന്നല്‍ പ്രകടനം. യഥാര്‍ത്ഥത്തില്‍ 2005-ലാണ് അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ തുടങ്ങിയതെങ്കിലും ഇന്ത്യയും പാകിസ്ഥാനും ആദ്യമായി ടി20 കളിച്ചത് 1989-ലാണെന്ന് ക്രിക്കറ്റ് ചരിത്രം പറയുന്നു. അടുത്തിടെ, ആകാശ് ചോപ്രയുമായുള്ള തന്റെ യൂട്യൂബ് ചാനലിലെ ആശയവിനിമയത്തിനിടെ, മത്സരത്തിന് മുമ്പ് എന്താണ് സംഭവിച്ചതെന്നും ഇരു ടീമുകളും എങ്ങനെ ഒരു ടി20 പ്രദര്‍ശന മത്സരം കളിച്ചുവെന്നും സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍ കണ്ട ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു നിമിഷം സച്ചിന്റെ ഇതിഹാസതുല്യമായ അരങ്ങേറ്റം ഓര്‍മയില്‍ വന്നിട്ടുണ്ടാകാം. കാരണം അത്ര അനായാസമായി 16 തികയാത്ത രാജസ്ഥാന്‍ റോയല്‍സിലെ ആ പയ്യന്‍ തല്ലിത്തകര്‍ത്തവരില്‍ ലോകോത്തര പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ഒക്കെ ഉള്‍പ്പെടുന്നു എന്നതായിരുന്നു കൗതുകം. ആദ്യത്തെ മത്സരത്തില്‍ മാറ്റ് ഹെന്റിയെ തല്ലിയാണ് പുതിയ സീസണില്‍ വൈഭവ് സൂര്യവംശി വരവ് അറിയിച്ചത്. അടുത്ത മത്സരങ്ങളില്‍ കഗീസോ റബാദയും ജസ്പ്രീത് ബുമ്രയും. വൈഭവ് സൂര്യവംശിയെന്ന പതിനഞ്ചുകാരന്‍ പവര്‍ ഹൗസിന്റെ തല്ലുകിട്ടിയലോകോത്തര ബോളര്‍മാരുടെ പട്ടികയിലേക്ക് ഇന്നലെ പുതിയൊരു എന്‍ട്രി കൂടിയെത്തി. ജോഷ് ഹെയ്‌സല്‍വുഡ്! ലോകോത്തര ബൗളര്‍മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന 15-കാരന്‍ വൈഭവ് സൂര്യവംശി ഐപിഎല്ലില്‍ ജൈത്രയാത്ര തുടരുകയാണ്.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച ഇക്കണോമി റേറ്റ് കാത്തുസൂക്ഷിക്കുന്ന ബൗളറെന്നാണ് ഹേസല്‍വുഡിനെ പൊതുവെ പറയാറ്. എന്നാല്‍ അതൊന്നും വൈഭവിന് ഒരു വിഷയമേ അല്ലായിരുന്നു. താരത്തെ രണ്ട് തവണയാണ് വൈഭവ് ഗാലറിയിലേക്ക് പറത്തിയത്. ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാറും നന്നായി തല്ലുവാങ്ങി. ഭൂവിക്കെതിരെ ബൗണ്ടറിയടിച്ചാണ് വൈഭവ് തുടങ്ങിയത്. ഭുവിയെ ഒരു തവണകൂടി അതേ ഓവറില്‍ വൈഭവ് ബൗണ്ടറിയിലേക്ക് പറത്തി. ജോഷ് ഹേസല്‍വുഡിനെ രണ്ട് തവണ സിക്‌സിന് പറത്തിയ ജയ്‌സ്വാളിനെ ഹേസല്‍വുഡ് തന്നെ രണ്ടാം ഓവറില്‍ വീഴ്ത്തിയതോടെയാണ് വൈഭവ് ആക്രമണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. അഭിനന്ദന്‍ സിംഗിനെതിരെ തുടര്‍ച്ചയായി രണ്ട് ഫോറും സിക്‌സും പറത്തിയ വൈഭവ് നാലാം ഓവര്‍ എറിയാനെത്തിയ ജോഷ് ഹേസല്‍വുഡിന്റെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി. അടുത്ത രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഹാട്രിക്ക് ബൗണ്ടറി പൂര്‍ത്തിയാക്കിയ വൈഭവ് അവസാന പന്തില്‍ ഹേസല്‍വുഡിനെ സിക്‌സിന് പറത്തി.
അഞ്ചാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്‌സിന് പറത്തി വൈഭവ് 15 പന്തില്‍ അര്‍സെഞ്ചുറിയിലെത്തി. 9 പന്തില്‍ 23 റണ്‍സായിരുന്ന വൈഭവ് അവസാനം നേരിട്ട 6 പന്തില്‍ 3 ഫോറും 3 സിക്‌സും പറത്തിയാണ് 15 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. ജോഷ് ഹേസല്‍വുഡിന്റെ നാലം ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചാം ഓവറില്‍ 17 റണ്‍സുമാണ് വൈഭവ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ അതിവേഗം അര്‍ധസെഞ്ചുറി തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് വൈഭവ്.
ഇതോടെ 20 പന്തില്‍ കുറവ് പന്തുകളില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ തികക്കുന്ന ബാറ്റര്‍മാരില്‍ അഞ്ചാം സ്ഥാനത്തെത്താനും വൈഭവിനായി. നാലു തവണ വീതം ഈ നേട്ടം കൈവരിച്ച നിക്കോളാസ് പുരാന്‍, അഭിഷേക് ശര്‍മ, മൂന്ന് തവണ വീതം ഈ നേട്ടത്തിലെത്തിയ ജേക് ഫ്രേസര്‍ മക്ഗുര്‍ഗ്, ട്രാവിസ് ഹെഡ് എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്. ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ക്രനാല്‍ പാണ്ഡ്യയെ സിക്‌സ് പറത്താനുള്ള ശ്രമത്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 26 പന്തില്‍ 78 റണ്‍സടിച്ച വൈഭവ് എട്ട് ഫോറും ഏഴ് സിക്‌സും പറത്തിയിരുന്നു. 8 ഓവറില്‍ രാജസ്ഥാനെ 129 റണ്‍സിലെത്തിച്ചാണ് വൈഭവ് പുറത്തായത്. ക്രിക്കറ്റ് ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം പക്വതയോടെയും വീര്യത്തോടെയും ബാറ്റ് വീശുന്ന ഈ വണ്ടര്‍ കിഡിന്റെ ബാറ്റിംഗ് കരുത്തില്‍ 202 റണ്‍സെന്ന വിജയലക്ഷ്യം 12 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്.
അടുത്തിടെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തി വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ബുംറയും 15-കാരന്‍ വൈഭവും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മത്സരമായിരുന്നു ഇത്. മത്സരത്തില്‍ രണ്ടാം ഓവര്‍ എറിഞ്ഞ ബുംറയുടെ ആദ്യ പന്തു തന്നെ വൈഭവ് ലോങ് ഓണിന് മുകളിലൂടെയാണ് ഗാലറിയിലെത്തിച്ചത്. അവിടംകൊണ്ടും തീര്‍ന്നില്ല അതേ ഓവറിലെ നാലാം പന്തും വൈഭവ് സിക്‌സറിന് പറത്തി. അതേ ഫോം തന്നെ ആര്‍സിബിക്കെതിരേയും വൈഭവ് തുടരുകയായിരുന്നു.
ബാറ്റിങ് വിസ്മയം തീര്‍ത്ത് വൈഭവ് മുന്നേറുന്നതിനിടെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പും കൗമാരതാരം സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 26 പന്തില്‍ 78 റണ്‍സടിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ വൈഭവ് സൂര്യവംശിയാണ് നാലു മത്സരങ്ങളില്‍ 200 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്നിലെത്തിയത്. സഹതാരം യശസ്വി ജയ്സ്വാളിനെ(183) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിന്റെ തേരോട്ടം. രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം തുടരുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ സൂപ്പര്‍താരം വിരാട് കോലി പ്രശംസിച്ചതും ശ്രദ്ധേയമായി. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മിലുള്ള കളി കഴിഞ്ഞതിന് പിന്നാലെ വൈഭവിനെ തേടി കോലിയുടെ ഓട്ടോഗ്രാഫ് എത്തി. തൊപ്പിയില്‍ 'ഡിയര്‍ വൈഭവ്, വെല്‍ഡണ്‍' എന്നായിരുന്നു കോലി കുറിച്ചത്. പ്ലെയര്‍ ഓഫ് ദ് മാച്ചിനും ഓറഞ്ച് ക്യാപ്പിനും ഒപ്പം എക്കാലത്തേക്കും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു സമ്മാനം. വൈഭവിന്റെ കളി കാണാന്‍ തന്നെ ഭംഗിയാണെന്നും തുടര്‍ന്നും മികച്ച പ്രകടനം നിലനിര്‍ത്താന്‍ കഴിയട്ടെ എന്നും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


