മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് പ്രകടനം നടത്തുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കപ്പെടും. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് ഇതോടെ വൈഭവിന് സ്വന്തമാകും. നിലവില്‍ ഷഫാലി വര്‍മ്മയുടെ (15 വയസ്സ്, 7 മാസം) പേരിലുള്ള ഈ റെക്കോര്‍ഡിനൊപ്പം, പുരുഷ ക്രിക്കറ്റില്‍ പതിനാറാം വയസ്സില്‍ അരങ്ങേറിയ ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാല റെക്കോര്‍ഡും ഇതോടെ പഴങ്കഥയാകും.

രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ വിസ്മയകരമായ പ്രകടനമാണ് ഈ ഇടംകൈയ്യന്‍ ബാറ്റര്‍ കാഴ്ചവെക്കുന്നത്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 263.16 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റില്‍ 200 റണ്‍സ്. ജസ്പ്രീത് ബുംറയുടെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിയും, വെറും 35 പന്തില്‍ സെഞ്ച്വറി തികച്ചും വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ അയക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ ടീമില്‍ വൈഭവിനെ ഓപ്പണറായി പരീക്ഷിച്ചേക്കും. ബ്രയാന്‍ ലാറയുടെയും യുവരാജ് സിംഗിന്റെയും ശൈലിയെ ഓര്‍മ്മിപ്പിക്കുന്ന വൈഭവ് ഇന്ത്യന്‍ ജേഴ്‌സിയിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.