മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ, സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ, ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര, യുവതാരം തിലക് വര്‍മ എന്നിവരെ കണ്ടെത്തിയ കഥ പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് ടീം ഉടമ നിത അംബാനി. യുവതാരങ്ങളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും മുംബൈ ഇന്ത്യന്‍സ് എക്കാലത്തും പുറത്തെടുക്കുന്ന മികവിനെക്കുറിച്ച് പറയുമ്പോഴായിരുന്നു ഹാര്‍ദ്ദിക്കിനെയും ക്രുനാലിനെയുമടക്കം കണ്ടെത്തിയ കഥ പറഞ്ഞത്.

പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ ഐപിഎല്‍ ടീമിലെടുക്കാനുമായി താനും തന്റെ ടീമും രഞ്ജി ട്രോഫിയിലെ ഒരു മത്സരം പോലും വിടാതെ കാണാറുണ്ടെന്ന് നിത അംബാനി ബോസ്റ്റണില്‍ പറഞ്ഞു. അങ്ങനെ ഒരിക്കല്‍ തന്റെ ടീമിലുള്ളവരാണ് രണ്ട് മെലിഞ്ഞു നീണ്ട പയ്യന്‍മാരെ എനിക്ക് മുമ്പില്‍ കൊണ്ടുവന്നത്. പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാഗി ന്യൂഡില്‍സ് മാത്രം കഴിച്ചായിരുന്നു അവരുടെ ജീവിതതമെന്ന് അവരെന്നോട് പറഞ്ഞു. എന്നാല്‍ അവരോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും വിജയിക്കാനുള്ള ത്വരയും ഞാന്‍ കണ്ടു.

അങ്ങനെയാണ് അവരെ മുംബൈ ടീമിലെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും കളിക്കാര്‍ക്കായി നിശ്ചിത തുകയെ ചെലവഴിക്കാനാകു. അതുകൊണ്ട് തന്നെ ലേലത്തില്‍ അധികം തുക മുടക്കാതെ എങ്ങനെ പ്രതിഭകളെ കണ്ടെത്താമെന്നതാണ് ഞങ്ങളുടെ ആലോചന. ഹാര്‍ദ്ദിക് പാണ്ഡ്യയെ 10 ലക്ഷം രൂപക്കാണ് ഞങ്ങള്‍ അന്ന് ടീമിലെടുത്തത്. ഇന്നവന്‍ മുംബൈയുടെ അഭിമാനമായ നായകനാണെന്നും നിത അംബാനി വ്യക്തമാക്കി.

2015ല്‍ മുംബൈ ടീമിനൊപ്പം കരാറൊപ്പിട്ട ഹാര്‍ദിക്കിന്റെ പ്രകടനം, ആ സീസണില്‍ ടീം കിരീടം നേടുന്നതിലും നിര്‍ണായകമായി. ഏതാനും മാസങ്ങള്‍ക്കുശേഷം താരം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത സീസണില്‍ ക്രുണാല്‍ രണ്ടു കോടി രൂപക്ക് മുംബൈയിലെത്തി.

അടുത്തവര്‍ഷം ഞങ്ങളുടെ സ്‌കൗട്ട് ടീം മറ്റൊരു ബൗളറെ എന്റെ മുന്നിലെത്തിച്ചു. അവനെ കണ്ടപ്പോള്‍ തന്നെ അവനുവേണ്ടി അവന്റെ പന്തുകളായിരിക്കും സംസാരിക്കുകയെന്ന് എനിക്ക് തോന്നി. അവനാണ് ജസ്പ്രീത് ബുമ്ര, പിന്നീട് നടന്നതെല്ലാം ചരിത്രമാണ്.

2013ലാണ് ബുംറയുമായി മുംബൈ കരാറിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷം ലേലത്തിലേക്ക് പോയ താരത്തെ 1.2 കോടി രൂപക്ക് മുംബൈ തന്നെ ടീമിലെത്തിച്ചു 2022 സീസണു മുന്നോടിയായി ഹാര്‍ദിക് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയി. 2024ല്‍ റെക്കോഡ് തുകക്ക് മുംബൈയുടെ നായകനായിട്ടായിരുന്നു ഹാര്‍ദിക്കിന്റെ തിരിച്ചുവരവ്.

കഴിഞ്ഞ വര്‍ഷം അതുപോലെ ഞങ്ങളുടെ ടീം കണ്ടെത്തി കളിക്കാരനാണ് തിലക് വര്‍മ. ഇന്നവന്‍ മംബൈയുടെയും ഇന്ത്യയുടെയും അഭിമാനമാണ്. ഇതുകൊണ്ടൊക്കെയാണ് മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യയുടെ ക്രിക്കറ്റ് നേഴ്‌സറി എന്ന് വിശേഷിപ്പിക്കുന്നതെന്നും നിത അംബാനി പറഞ്ഞു. ഇത്തവണ ഐപിഎല്ലില്‍ മാര്‍ച്ച് 23ന് ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം.