മെല്‍ബണ്‍: ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് വേണ്ടി നിര്‍ണായകമായ പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ താരങ്ങളാണ് നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍. മൂന്നാം ദിനത്തില്‍ തുടക്കമിട്ട റിഷഭ് പന്തും, രവീന്ദ്ര ജഡേജയും നിറം മങ്ങിയപ്പോള്‍ വീണ്ടും ഒരു തോല്‍വി മുന്നില്‍ കണ്ട ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രകടനം കാഴ്ച വെച്ച താരങ്ങളായിരുന്നു ഇരുവരും.

ഇന്ത്യയുടെ അവസാന വിക്കറ്റുകള്‍ക്കെതിരെ ഒരു പദ്ധതിയും സജ്ജമാകാതെയിരുന്ന ഓസ്ട്രേലിയന്‍ ശൈലി തിരുത്തി എഴുതിച്ച താരമാണ് അദ്ദേഹം. എട്ടാമതായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡി സെഞ്ചുറിയും ഒന്‍പതാമതായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ അപൂര്‍വമായ റെക്കോര്‍ഡ്.

മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന 8 വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് എന്ന റെക്കോഡ് ആണ് ഇരുവരും സ്വാന്തമാക്കിയിരിക്കുന്നത്. 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒന്‍പതാമതും ഇറങ്ങുന്ന രണ്ട് ബാറ്ററമാര്‍ 150 പന്തുകളിലേറെ നേരിടുന്നത്. വാഷി 162 പന്തില്‍ നിന്ന് 50 എടുത്ത് പുറത്തായി. നിതീഷ് 176 പന്തില്‍ 105 റണ്‍സുമായി ക്രീസിലുണ്ട്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടവും നിതീഷ് ഇന്ന് അടിച്ചെടുത്തു. 2008ല്‍ അഡ്ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് ഇന്ന് മറികടന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ട്രാവിസ് ഹെഡിന് പിന്നാലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്താനും നിതീഷിനായി.

നാലു കളികളില്‍ നാലു ഇന്നിംഗ്‌സുകളില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന നിതീഷ് പരമ്പരയിലാകെ 284 റണ്‍സടിച്ചാണ് റണ്‍വേട്ടയില്‍ വിരാട് കോലി, രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍ തുടങ്ങിയ ബാറ്റര്‍മാരെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. നാലു ടെസ്റ്റില്‍ 409 റണ്‍സടിച്ച ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് മാത്രമാണ് ഇനി നിതീഷിന് മുന്നിലുള്ളത്. 275 റണ്‍സടിച്ചിട്ടുള്ള യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ താരങ്ങളില്‍ നിതീഷിന് പിന്നില്‍ രണ്ടാമത്. കെ എല്‍ രാഹുല്‍(259) മൂന്നാമതും വിരാട് കോലി(162) നാലാമതുമാണ്.