ലണ്ടന്‍: ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരെ കളിക്കാന്‍ താല്‍പര്യമില്ലെന്ന് ശിഖര്‍ ധവാന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ നിലപാടറിയിച്ചതോടെയാണ് സംഘാടകര്‍ മത്സരം ഉപേക്ഷിച്ചത്. സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, ഓപ്പണര്‍ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്. ഞായറാഴ്ച ബര്‍മിങ്ങാമിലാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം നടത്താന്‍ തീരുമാനിച്ചിരുന്നത്. ആരുടെയെങ്കിലും വികാരത്തെ മുറിവേല്‍പ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍ സമൂഹമാധ്യമത്തിലാണു പ്രഖ്യാപിച്ചത്. സംഘാടകര്‍ക്കെഴുതിയ തുറന്ന കത്തിലായിരുന്നു ധവാന്‍ നിലപാട് അറിയിച്ചത്. ഇതിനു പിന്നാലെ മറ്റു ചില താരങ്ങളും മത്സരം കളിക്കാനില്ലെന്ന് അറിയിച്ചു. ഇതോടെ മത്സരം ഉപേക്ഷിക്കുകയല്ലാതെ സംഘാടകര്‍ക്കു മറ്റു വഴികളില്ലാതായി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം പൂര്‍ണമായും നിലച്ചിരുന്നു.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത സ്വകാര്യ ടൂര്‍ണമെന്റാണ് 'വേള്‍ഡ് ചാംപ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സ്'. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിരമിച്ച താരങ്ങളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. രാജ്യമാണു പ്രധാനമെന്നും മറ്റൊന്നും അതിലും വലുതല്ലെന്നുമായിരുന്നു ശിഖര്‍ ധവാന്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. മേയ് 11 ന് എടുത്ത തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും ധവാന്‍ വ്യക്തമാക്കി.

മത്സരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ടൂര്‍ണമെന്റ് സംഘാടകര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. ഔദ്യോഗിക പ്രസ്താവനയില്‍ സംഘാടകര്‍ പറയുന്നതിങ്ങനെ... ''ആരാധകര്‍ക്ക് നല്ലതും സന്തോഷകരവുമായ നിമിഷങ്ങള്‍ നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വര്‍ഷം പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയിലേക്ക് വരുമെന്ന് വാര്‍ത്തളില്‍ നിന്ന് അറിഞ്ഞിരുന്നു. അടുത്തിടെ നടന്ന ഇന്ത്യ - പാകിസ്ഥാന്‍ വോളിബോള്‍ മത്സരവും നടന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യത്യസ്ത കായിക ഇനങ്ങളില്‍ മത്സരങ്ങളും കണ്ടപ്പോള്‍, ലെജന്‍ഡ്സ് ടി20യിലും മത്സരം തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍, ഇത്തരമൊരു മത്സരം പലരുടേയും വികാരങ്ങളെ മുറിവേല്‍പ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു.'' സംഘാടകര്‍ വ്യക്തമാക്കി.

യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, യുവരാജ് എന്നിവരുള്‍പ്പെടെയുള്ള മികച്ച ബാറ്റിംഗ് നിരയുമായിട്ടാണ് ഇന്ത്യ എത്തുന്നത്. പേസ് വിഭാഗത്തില്‍ ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ത്ഥ് കൗള്‍, വരുണ്‍ ആരോണ്‍ എന്നിവരേയും ഇന്ത്യക്ക് ആശ്രയിക്കാം. സ്പിന്നര്‍മാരായി ഹര്‍ഭജന്‍ സിങ്ങും പിയൂഷ് ചൗളയും ടീമിലുണ്ട്. കൂടാതെ സ്പിന്‍ ഓള്‍റൗണ്ടറായി യൂസഫ് പത്താനും.

ഇന്ത്യന്‍ ടീം: യുവരാജ് സിംഗ് (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, പിയൂഷ് ചൗള, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഗുര്‍കീരത് മന്‍.