ബെംഗളൂരു: ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളില്‍ ഇല്ലെങ്കിലും സഞ്ജു ഏകദിന ടീമില്‍നിന്ന് പുറത്തായി എന്ന് അര്‍ഥമില്ലെന്നും, ഇനിയും അവസരം വരുമെന്നും ഉത്തപ്പ പറഞ്ഞു.

ഇനി ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കാന്‍ സഞ്ജു ശ്രമിക്കണം. ഇന്ത്യന്‍ ടീമിന്റെ നേതൃത്വം ഏറ്റെടുത്ത പുതിയ സംഘത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കണമെന്നും സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉത്തപ്പ പറഞ്ഞു.

"സഞ്ജുവിന്റെ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ ഇതാദ്യമായല്ല അദ്ദേഹം ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ ഇത്തരമൊരു അവസ്ഥ അവസാനത്തേതുമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകള്‍ തികച്ചും അവിശ്വസനീയമാണ്." - ഉത്തപ്പ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കേ സഞ്ജുവിനെ ഏകദിനത്തില്‍ നിന്ന് തഴഞ്ഞത്. പകരം ലങ്കയ്‌ക്കെതിരായ ടി20 ടീമിലേക്കാണ് സഞ്ജുവിനെ പരിഗണിച്ചത്.