- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നും സെഞ്ചുറിയുമായി ബെൻ സ്റ്റോക്സ്; അർധസെഞ്ചുറിയുമായി ഡേവിഡ് മലാനും വോക്സും; മികച്ച സ്‌കോർ ഉയർത്തി ആശ്വാസ ജയം തേടി ഇംഗ്ലണ്ട്; നെതർലൻഡ്‌സിന് 340 റൺസ് വിജയലക്ഷ്യം
പുണെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽനിന്നും പുറത്തായെങ്കിലും ആശ്വാസ ജയം ലക്ഷ്യമിട്ടിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നെതർലൻഡ്‌സിന് മുന്നിൽ ഉയർത്തിയത് 340 റൺസിന്റെ വിജയലക്ഷ്യം. സെഞ്ചറി നേടിയ ബെൻ സ്റ്റോക്‌സും (84 പന്തിൽ 108) അർധ സെഞ്ചറിയുമായി കളം നിറഞ്ഞ ഡേവിഡ് മലാനും (74 പന്തിൽ 87) ക്രിസ് വോക്‌സുമാണ് (45 പന്തിൽ 51) ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 339 റൺസ് നേടിയത്.
തകർപ്പൻ സെഞ്ചുറി നേടിയ സൂപ്പർ താരം ബെൻ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. അർധസെഞ്ചുറി നേടിയ ഡേവിഡ് മലാനും ക്രിസ് വോക്സും മികച്ച പ്രകടനം പുറത്തെടുത്തു. ഏഴാം വിക്കറ്റിൽ സ്റ്റോക്‌സും വോക്‌സും ചേർന്നു നേടിയ 129 റൺസിന്റെ പാർട്‌നർഷിപ്പാണ് ഇംഗ്ലീഷ് പടയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. 36ാം ഓവറിൽ ചേർന്ന ഇവരുടെ കൂട്ടുകെട്ട് 49ാം ഓവറിൽ ബാസ് ഡിലീഡ് ആണ് തകർത്തത്. ഇന്നിങ്‌സ് അവസാനിക്കാൻ രണ്ടു പന്ത് ശേഷിക്കേയാണ് സ്റ്റോക്‌സ് മടങ്ങിയത്. 6 വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണർ ജോണി ബെയർസ്റ്റോ വീണ്ടും നിരാശപ്പെടുത്തി. 15 റൺസ് മാത്രമാണ് താരം നേടിയത്. മറ്റൊരു ഓപ്പണറായ മലാൻ നന്നായി ബാറ്റുവീശാൻ തുടങ്ങിയതോടെ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു. 28 റൺസെടുത്ത ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാൻ ടീം സ്‌കോർ 133-ൽ എത്തിച്ചു. എന്നാൽ റൂട്ട് മടങ്ങിയതിന് പിന്നാലെ മലാനും പുറത്തായി. 74 പന്തിൽ 10 ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 87 റൺസെടുത്ത താരം റൺ ഔട്ടാകുകയായിരുന്നു.
മലാന് പകരം ആക്രണം ഏറ്റെടുത്ത സ്റ്റോക്സ് അടിച്ചുതകർത്തു. മറുവശത്ത് ഹാരി ബ്രൂക്ക് (11), നായകൻ ജോസ് ബട്ലർ (5), മോയിൻ അലി (4) എന്നിവർ അതിവേഗം പുറത്തായെങ്കിലും സ്റ്റോക്സ് പതറിയില്ല. എട്ടാമനായി വന്ന ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ആറുവിക്കറ്റിന് 192 റൺസ് എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് ടീം സ്‌കോർ 321-ൽ എത്തിച്ചു.
ഇതിനിടെ സ്റ്റോക്സ് സെഞ്ചുറി നേടി. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ചുറിയാണിത്. പിന്നാലെ വോക്സ് അർധസെഞ്ചുറിയും കുറിച്ചു. എന്നാൽ 44 പന്തിൽ 51 റൺസെടുത്ത വോക്സിനെ 49-ാം ഓവറിൽ ബാസ് ഡി ലീഡ് പുറത്താക്കി. പിന്നാലെ വന്ന ഡേവിഡ് വില്ലി ഒരു സിക്സടിച്ച് പുറത്തായി. അവസാന ഓവറിൽ സ്റ്റോക്സും പുറത്തായി. 84 പന്തിൽ ആറ് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 108 റൺസെടുത്താണ് സ്റ്റോക്സ് ക്രീസ് വിട്ടത്. അവസാന പത്തോവറിൽ ഇംഗ്ലണ്ട് 124 റൺസാണ് അടിച്ചുകൂട്ടിയത്. നെതർലൻഡ്സിനായി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്ക് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ടൂർണമെന്റിലെ അവസാന രണ്ട് സ്ഥാനക്കാരാണ് നെതർലൻഡ്‌സും ഇംഗ്ലണ്ടും. ഇംഗ്ലണ്ടിന് ഒരു മത്സരത്തിൽ മാത്രമേ ഇതുവരെ ജയിക്കാനായിട്ടുള്ളൂ. അതേസമയം നെതർലൻഡ്‌സ് രണ്ട് മത്സരങ്ങളിൽ ജയിച്ചിട്ടുണ്ട്. ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക് എത്തില്ലെന്ന് ഉറപ്പായ ഘട്ടത്തിൽ, ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. ആശ്വാസ ജയമാണ് ഇംഗ്ലണ്ടും നെതർലൻഡ്‌സും ലക്ഷ്യമിടുന്നത്.
സ്പോർട്സ് ഡെസ്ക്