- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകാൻ ഇല്ലിങ്വർത്ത്; പിന്നെ റിച്ചാർഡ് കെറ്റിൽബെറോയും; ലോകകപ്പ് ഫൈനലിനുള്ള അംപയർമാരെ പ്രഖ്യാപിച്ച് ഐസിസി; ആ കണക്കുകൾ ആരാധകരെ ഞെട്ടിക്കുന്നത്
അഹമ്മദാബാദ്: അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിനുള്ള അംപയർമാരെ പ്രഖ്യാപിച്ച് ഐസിസി. മികച്ച അംപയർക്കുള്ള ഐസിസി പുരസ്കാരം നേടിയ റിച്ചാർഡ് കെറ്റിൽബെറോയും റിച്ചാർഡ് ഇല്ലിങ്വർത്തുമാകും മത്സരം നിയന്ത്രിക്കുക.
ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ ആരാധകരുടെ പേടിസ്വപ്നമായ റിച്ചാർഡ് കെറ്റിൽബെറോ വീണ്ടുമെത്തുന്നു. കൈറ്റിൽബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഉണ്ടായിട്ടുള്ളത്.
ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ടിൽ അഞ്ച് തവണയാണ് കെറ്റിൽ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. അഞ്ചിടത്തും ഇന്ത്യക്ക് നിരാശ. 2014ലെ ടി20 ഫൈനലിലായിരുന്നു ആദ്യം. ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ആറ് വിക്കറ്റിന്.
തൊട്ടടുത്ത വർഷത്തെ ഏകദിന ലോകകപ്പ് സെമി. അന്ന് ഓസ്ട്രേലിയക്ക് മുന്നിൽ ടീം ഇന്ത്യ തകർന്നടിഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റിൽബെറോ. അന്നും ഇന്ത്യ തോറ്റു. 2017ൽ ചാംപ്യൻസ് ട്രോഫി ഫൈനൽ. പാക്കിസ്ഥാന് മുന്നിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങി.
2019 ലോകകപ്പിൽ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യൻ ടീമിനെ കെയ്ൻ വില്ല്യംസണും സംഘവും വീഴ്ത്തിയപ്പോഴും കളി നിയന്ത്രിച്ചവരിൽ ഒരാൾ കെറ്റിൽബെറോ. അന്ന് മറ്റൊരു അംപയർ ഇല്ലിങ്വർത്തായിരുന്നു.
കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇല്ലിങ്വർത്ത്. 1992, 96 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ടീമിൽ സ്പിന്നറായിരുന്നു ഇല്ലിങ്വർത്ത്. 1996 ലോകകപ്പിൽ ജയിച്ച ശ്രീലങ്കൻ ടീമിൽ അംഗമായിരുന്ന കുമാർ ധർമ്മസേന, കഴിഞ്ഞ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചിരുന്നു. വെസ്റ്റ് ഇന്ഡഡീസിന്റെ ജോയൽ വിൽസൻ മൂന്നാം അംപയറും സിംബ്ബാവേയുടെ ആൻഡി പൈക്രോഫ്റ്റ് നാലാം അംപയറുമാകും.
എന്നാൽ കെറ്റിൽബെറോയ്ക്കെതിരെയുള്ള പ്രചാരണം അന്ധവിശ്വാസം മാത്രമെന്ന് പറയുന്നവരും ഏറെയാണ്. മികച്ച അംപയർക്കുള്ള ഐസിസി പുരസ്കാരം നേടിയ വ്യക്തിയാണ് കെറ്റിൽബെറോ.
സ്പോർട്സ് ഡെസ്ക്