- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹമ്മദാബാദിലെ പിച്ചിൽ എത്ര റൺസ് പിറക്കും? ടോസ് നേടിയാൽ ബാറ്റിങ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റർ; പിച്ച് വിശദമായി പഠിച്ച് രോഹിതും ദ്രാവിഡും; ഫൈനലിന്റെ പിച്ചിനെ ചൊല്ലിയും വിവാദം; കലാശപ്പോരിന് മുമ്പ് പരിശീലനത്തിനായി ഇരുടീമുകളും
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചിൽ എത്ര റൺസ് പിറക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ കൂറ്റൻ സ്‌കോർ ഉയർത്തിയ ഇന്ത്യ 70 റൺസ് ജയം നേടിയപ്പോൾ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ മത്സരത്തിൽ വിധി നിർണയിച്ചത് ബൗളർമാരായിരുന്നു. കലാശപ്പോരിൽ വമ്പൻ സ്‌കോർ ഉയരുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്.
ഇക്കാര്യത്തിൽ പിച്ച് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ ക്യൂറേറ്ററുടെ വാക്കുകൾ പ്രധാനമാണ്. ടോസ് നേടിയാൽ ബാറ്റിങ് എടുക്കണോ ഫീൽഡോ ചെയ്യണോ എന്നുള്ളത് അദ്ദേഹത്തിന്റെ വാക്കുകൾക്ക് അനുസരിച്ചിരിക്കും. ടോസ് നേടിയാൽ ബാറ്റിങ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റർ പറയുന്നു. രണ്ടാമത് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും 315 പ്രതിരോധിക്കാൻ കഴിയുന്ന സ്‌കോറാണെന്നും പിച്ച് ക്യൂറേറ്ററുടെ വാക്കുകൾ.
അതേ സമയം ഫൈനൽ പോരാട്ടം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും വിശദമായി പിച്ച് പഠിക്കുകയുണ്ടായി. ഇന്നലെ വൈകിട്ട് മൂന്നോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഇരുവരും അഞ്ചു വരെ മൈതാനത്തുണ്ടായിരുന്നു. പല തവണ പിച്ച് ചുറ്റി നടന്നും തൊട്ടുനോക്കിയും പരിശോധന നീണ്ടു. നീണ്ട ചർച്ചകളുമുണ്ടായി.
കമന്ററി ടീമിനൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫുമായും അരമണിക്കൂറിലേറെ ഇരുവരും സംസാരിച്ചു. 11 പിച്ചുകളുള്ള മൈതാനത്തെ 2 പിച്ചുകൾ വെള്ളം സ്‌പ്രേ ചെയ്തും റോൾ ചെയ്തും ഒരുക്കുകയായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്. ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ പ്രതിക്കൂട്ടിലാക്കി 'പിച്ച് വിവാദം' പച്ചപിടിച്ചതോടെ എല്ലാ കണ്ണുകളും ഫൈനൽ പിച്ചിലേക്കാണ്.
ഇവിടത്തെ 11 പിച്ചിൽ 5 എണ്ണം കറുത്ത മണ്ണിലും ആറെണ്ണം ചെമ്മണ്ണ് കലർത്തിയുമാണ് തയാറാക്കിയിരിക്കുന്നത്. നന്നായി സ്‌കോർ ചെയ്യാൻ കഴിയുന്ന വിധം ബൗൺസ് നൽകുന്നതാണ് കരിമൺ പിച്ചുകൾ. വേഗം വരണ്ട് കളി പുരോഗമിക്കുംതോറും സ്പിന്നർമാരെ തുണയ്ക്കുന്നതാണ് ചെമ്മൺ പിച്ചുകൾ. ബാറ്റിങ്ങിന് അനുകൂലമാണിത്. ബോളർമാർക്കും പിന്തുണ കിട്ടും. 59 മുതൽ 74 മീറ്റർ വരെയാണ് ബൗണ്ടറി ദൂരം.
നാളെ ഇന്ത്യ -ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം എതു പിച്ചിൽ നടക്കും? മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലേതു പോലെ ലോകകപ്പിലെ മുൻ മത്സരങ്ങൾക്ക് ഉപയോഗിച്ച പിച്ചിലായിരിക്കുമോ പുതിയ പിച്ചിലായിരിക്കുമോ? തീരുമാനം എന്തായാലും ഇന്ത്യൻ ടീമിന്റെ താൽപര്യത്തിനുസരിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന മത്സര പിച്ച് മാറ്റുന്നതായി ആരോപിക്കുന്നവർക്ക് രോഹിത്തിന്റെയും ദ്രാവിഡിന്റെയും 48 മണിക്കൂർ മുൻപേയുള്ള ഈ പിച്ച് പഠനവും രസിക്കാനിടയില്ല.
്അതേ സമയം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലും പിച്ച് വിവാദം പുകഞ്ഞുതുടങ്ങി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐസിസിയുടെ മേൽനോട്ടമില്ലാതെ ഇന്ത്യൻ ക്യുറേറ്റർ ആണ് പിച്ച് തയ്യാറാക്കുന്നത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. ഐസിസിയുടെ പിച്ച് കൺസൽട്ടന്റായ ആൻഡി അറ്റ്കിൻസൺ മത്സര തലേന്നായ ഇന്ന് മാത്രമേ ഒരുക്കങ്ങൾ വിലയിരുത്താൻ സ്റ്റേഡിയത്തിലെത്തൂ എന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച മാത്രമാണ് ആൻഡി അറ്റ്കിൻസൺ അഹമ്മദാബാദിൽ എത്തിച്ചേർന്നത്. ലോകകപ്പിലെ പിച്ചുകളെ ചൊല്ലി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ വലിയ വിമർശനം ഉയർത്തുന്നതിനിടെയാണ് അഹമ്മദാബാദിൽ നിന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആൻഡി അറ്റ്കിൻസണെ ബിസിസിഐക്ക് താൽപര്യമില്ല എന്ന് ഇൻസൈഡ്സ്‌പോർടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനലിലെ പിച്ച് ബിസിസിഐ അവസാന നിമിഷം മാറ്റിയതായി ആൻഡി ആരോപിച്ചിരുന്നു. സ്ലോ ബാറ്റിങ് ട്രാക്കാണ് ഫൈനലിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുക്കുന്നത് എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ, ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനലിൽ ആദ്യ പന്തെറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പിച്ച് മാറ്റിയതായി കടുത്ത വിവാദമുയർന്നിരുന്നു. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാൻ അവസാന നിമിഷം ബിസിസിഐ പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം. മുൻ തീരുമാനപ്രകാരം ലോകകപ്പിൽ വാങ്കഡെയിൽ നടക്കുന്ന സെമി ഉൾപ്പെടെയുള്ള അഞ്ച് മത്സരങ്ങൾക്ക് 6-8-6-8-7 പിച്ചുകളാണ് യഥാക്രമം ഉപയോഗിക്കേണ്ടിയിരുന്നത്. 6-8-6-8 എന്ന രീതിയിൽ മാറ്റിമറിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ 'ക്യൂറേറ്ററുടെ നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കാറ്. മാറ്റത്തെക്കുറിച്ച് ഐസിസിയുടെ പിച്ച് കൺസൾട്ടന്റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിന് മുമ്പ് പിച്ച് മാറ്റരുതെന്ന് പറയുന്ന തരത്തിലുള്ള നിയമങ്ങളൊന്നുമില്ല' എന്നും വിവാദത്തിന് പിന്നാലെ ഐസിസി പ്രതികരിച്ചിരുന്നു.
സെമി ജയിച്ച് മുംബൈയിൽനിന്നു വ്യാഴാഴ്ച വൈകിട്ട് ഇവിടെ എത്തിയ ഇന്ത്യൻ താരങ്ങൾക്ക് വലിയ സ്വീകരണമാണ് എയർപോർട്ടിൽ ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ടീം പരിശീലനം നടത്താൻ എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും രവീന്ദ്ര ജഡേജ മാത്രമാണ് രോഹിത്തിനൊപ്പം വന്നത്. നെറ്റ്‌സിൽ ജഡേജ ഒരു മണിക്കൂറിലേറെ ബാറ്റിങ് പരിശീലനം നടത്തി. ഓസ്‌ട്രേലിയൻ ടീമും കൊൽക്കത്തയിൽനിന്ന് ഇന്നലെയെത്തി.
സ്പോർട്സ് ഡെസ്ക്