അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആകാംക്ഷയിലാണ് ആരാധകർ. വിശ്വകിരീടത്തിലേക്ക് ഇനി ഇന്ത്യക്ക് വേണ്ടത് ഒരു വിജയം മാത്രം. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ആധികാരികമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതും തുടർച്ചായി പത്ത് മത്സരങ്ങളിൽ ഉശിരൻ വിജയം നേടിക്കൊണ്ട്. ഈ ലോകകപ്പിൽ അപരാജിതക്കുതിപ്പ് നടത്തിയ ഏകടീമും രോഹിത്തും സംഘവുമാണ്. കലാശപ്പോരിൽ ഓസ്‌ട്രേലിയയെ കീഴടക്കി രോഹിത് ശർമയും സംഘവും ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏകദിന ലോകകപ്പിൽ നേർക്കുനേർ പോരിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 13 മത്സരങ്ങളിൽ എട്ടിലും ജയം ഓസീസിന്. ലോകകപ്പിലെ കണക്കിലെ കളിയിൽ ആധിപത്യം ഓസ്ട്രേലിയയ്ക്ക്. ഓസീസിന്റെ എട്ടിൽ ഏഴും ഇന്ത്യയുടെ അഞ്ചിൽ മൂന്നും ജയം ആദ്യം ബാറ്റ് ചെയ്തപ്പോൾ. ഇരു ടീമും ലോകകപ്പിൽ ആദ്യം ഏറ്റുമുട്ടിയത് 1983ൽ. ഓരോ മത്സരം ജയിച്ച് തുല്യത. 1987ലും ആവർത്തനം. 1992 മുതൽ 2003വരെ നാല് ലോകകപ്പുകളിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ സമ്പൂർണ ജയവുമായി ഓസീസീസിന്റെ സമഗ്രാധിപത്യം.



ഫൈനലിൽ ജോഹാന്നസ്ബർഗിലെ മുറിപ്പാട് മറന്നിട്ടില്ല ആരാധകർ. 2011 ക്വാർട്ടർ ഫൈനലിൽ ധോണിപ്പടയുടെ മധുരപ്രതികാരം. അടുത്ത സെമിയിൽ ഇന്ത്യയുടെ കണ്ണുനീർ. ഈ ലോകകപ്പിലേതുൾപ്പെടെ അവസാനത്തെ രണ്ട് അങ്കത്തിലും ജയം ഇന്ത്യക്കൊപ്പം. സാഹചര്യങ്ങൾ മാറി താരങ്ങളും മാറി. കണക്കിലെ മേൽക്കോയ്മയുമായി ഓസീസും ടൂർണമെന്റിലെ അപരാജിതരായി ഇന്ത്യയും നേർക്കുനേർ വരുമ്പോൾ അഹമ്മദാബാദിൽ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത് ഉശിരൻ പോരാട്ടമാണ്.



ഒരേയൊരു ജയം കൂടി നേടിയാൽ മൂന്നാം ലോകകിരീടം ഇന്ത്യക്ക് സ്വന്തമാക്കാം. ടീം ഇന്ത്യയും രാജ്യവും ആ സ്വപ്നനിമിഷത്തിനായി കാത്തിരിക്കുന്നു. ബാറ്റർമാരും ബൗളർമാരും ഉജ്വല ഫോമിൽ. പത്തിൽ പത്തും ജയിച്ചുള്ള അപരാജിതക്കുതിപ്പ്. ഫൈനൽ ഒട്ടും എളുപ്പമാവില്ല. പ്രഫഷണലിസവും ഫീൽഡിങ് മികവും തീതുപ്പുന്ന പേസർമാരുമുള്ള ഓസീസാണ് എതിരാളി. വിലകുറച്ചുകാണണ്ട. സെമിയിൽ ന്യൂസിലൻഡിനോട് 2019 ലെ കണക്ക് വീട്ടിയാണ് സെമി കടന്നത്.



കങ്കാരുക്കളോട് ഇന്ത്യക്ക് വീട്ടാനുള്ളത് 20 വർഷം മുമ്പത്തെ കണക്കാണ്. 2003 ഫൈനലിലെ കണ്ണീരിന് പകരം ചോദിക്കാൻ ഇതിലും മികച്ച അവസരം വേറെയില്ല. ലീഗ് റൗണ്ടിൽ ഓസീസിനെ തകർത്ത ആത്മവിശ്വാസം ഇന്ത്യക്ക് കരുത്താണ്. പക്ഷേ തുടക്കത്തിൽ ഞെട്ടിയ ഓസീസല്ല ഫൈനലിലെത്തിയ ഓസീസ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന മാക്‌സ് വെൽ അടക്കമുള്ളവരുണ്ട്. ഷമിയും സിറാജും ബുംറയും കുൽദീപും ചേർന്ന് വാർണറേയും ഹെഡ്ഡിനേയും സ്മിത്തിനേയും ലംബുഷെയ്‌നേയും മാർഷിനേയും പിടിച്ചുകെട്ടുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. കോലിയും രോഹിത്തും ഗില്ലും രാഹുലും അയ്യരും മതി നമുക്ക് സ്റ്റാർക്കും ഹേസൽവുഡും കമിൻസും സാംപയും ഒന്നും പ്രശ്‌നമല്ലെന്ന് തെളിയിക്കാൻ.

1983-ലെയും 2011-ലെയും കിരീടനേട്ടം ആവർത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോൾ ഇന്ത്യയെ പിടിച്ചുകെട്ടാൻ ഓസീസ് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. ലോകകപ്പിന് മുന്നോടിയായി നിരവധി പ്രശ്നങ്ങൾ ഇന്ത്യയെ പിടിച്ചുലച്ചെങ്കിലും ഈ വലിയ മാമാങ്കവേദിയിലേക്കെത്തിയപ്പോൾ ഇന്ത്യ ഒരേ മനസ്സോടെ ഒരൊറ്റ ലക്ഷ്യത്തോടെ പോരാടി. മധ്യനിരയിലെ ആശങ്കകളെ ശ്രേയസ് അയ്യരും കെ.എൽ.രാഹുലും അടിച്ചുപരത്തി ഓപ്പണിങ്ങിൽ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും കൊടുങ്കാറ്റായി.

മൂന്നാമനായി ഇറങ്ങിയ സൂപ്പർ താരം വിരാട് കോലി സെഞ്ചുറികളും അർധസെഞ്ചുറികളുമായി റെക്കോഡ് നേട്ടത്തോടെ ടീമിന് ഉജ്വല വിജയങ്ങൾ സമ്മാനിച്ചു. സ്പിൻ ബൗളർമാരെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് പേസർമാരുടെ കരുത്തിൽ ഫൈനൽ വരെയെത്തിയിരിക്കുന്നു. മുഹമ്മദ് ഷമിയെന്ന പോരാളിയുടെ തീപ്പന്തുകൾക്ക് മുന്നിൽ എതിരാളികൾ മുട്ടുമടങ്ങി. ബുംറയും സിറാജും മികച്ച പിന്തുണ നൽകി. കുൽദീപും ജഡേജയും എതിരാളികളെ കറക്കിവീഴ്‌ത്തി. ഈ ഫോം തുടർന്നാൽ സംശയം വേണ്ട ലോകകപ്പ് കിരീടം ഇന്ത്യയുടെ ഷെൽഫിലെത്തും.

ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയെ ആറുവിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ മത്സരത്തിൽ ഓപ്പണർ ഗിൽ ഡങ്കിപ്പനി മൂലം കളിച്ചിരുന്നില്ല. ഓസീസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് പക്ഷെ കിട്ടിയ തിരിച്ചടി ചെറുതായിരുന്നില്ല. വെറും രണ്ട് റൺസിനിടെ മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. എങ്ങും ഓസീസ് ചിരി. പക്ഷേ നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച കോലിയും രാഹുലും ക്ഷമയോടെ ബാറ്റുവീശി. ഇരുവരുടെയും അർധസെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു.



ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം വ്യക്തമായ മത്സരമായിരുന്നു അത്. പിന്നാലെ നടന്ന മത്സരത്തിൽ ഇന്ത്യ എട്ടുവിക്കറ്റിന് അഫ്ഗാനിസ്താനെ തകർത്തു. രോഹിത്തിന്റെ സെഞ്ചുറിയായിരുന്നു പ്രധാന ഹൈലൈറ്റ്. മൂന്നാം മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനായിരുന്നു എതിരാളികൾ. പക്ഷേ കടലാസിൽ ശക്തരായ പാക്കിസ്ഥാനെ നിലംതൊടാനനുവദിക്കാതെ ഇന്ത്യ തകർത്തു. രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ പാക് ബൗളിങ് നിര ശിഥിലമായി. ഏഴുവിക്കറ്റിനാണ് ഇന്ത്യ പാക് പടയെ തുരത്തിയത്. തകർപ്പൻ പ്രകടനം പുറത്തെടുത്ത ബൗളർമാരും ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ മത്സരത്തിലൂടെ പനി മാറി ഗിൽ ടീമിൽ തിരിച്ചെത്തി. ഇതോടെ ഇഷാൻ കിഷന് പകരം ഗിൽ ഓപ്പണറായി വന്നു.

നാലാം മത്സരത്തിൽ ബംഗ്ലാദേശിനെയും ഇന്ത്യ അനായാസം മറികടന്നു. സൂപ്പർതാരം വിരാട് കോലി സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യയുടെ വിജയം ഏഴുവിക്കറ്റിനായിരുന്നു. എന്നാൽ ഈ മത്സരത്തിനുശേഷം ഇന്ത്യയ്ക്ക് വലിയൊരു തിരിച്ചടി കിട്ടി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായി. ഇതോടെ ടീമിന്റെ ബാലൻസ് തെറ്റി. പക്ഷേ ഇന്ത്യൻ ടീമിന്റെ പ്ലാൻ ബി ഏവരും കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഓൾറൗണ്ടറിന് പകരം മറ്റൊരു ഓൾറൗണ്ടറെ കൊണ്ടുവരുന്നതിന് പകരം പരിശീലകൻ ദ്രാവിഡ് ഒരു ബാറ്ററെയും ഒരു ബൗളറെയും കൊണ്ടുവന്ന് ടീമിന്റെ ബലം ഇരട്ടിപ്പിച്ചു. ഹാർദിക്കിന് പരിക്കേറ്റപ്പോൾ ടീമിലുണ്ടായിരുന്ന മറ്റൊരു ഓൾറൗണ്ടറായിരുന്ന ശാർദൂൽ ഠാക്കൂറിനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കി.

ശാർദുലിന്റെ ഫോം ടീമിന് വലിയൊരു തിരിച്ചടിയായിരുന്നു. ആ പിഴവ് ടീം നികത്തി. ബൗളിങ്ങിൽ മുഹമ്മദ് ഷമിയെയും ബാറ്റിങ്ങിൽ സൂര്യകുമാർ യാദവിനെയും പരീക്ഷിച്ചു. ഇതോടെ ഇന്ത്യൻ ടീം ശരിക്കും വിജയ ഇലവനെ കണ്ടെത്തുകയായിരുന്നു. ഇതോടെ ടീമിന്റെ ശക്തി പതിന്മടങ്ങായി വർധിച്ചു. ഷമിയുടെ വരവ് ബൗളിങ് ഡിപ്പാർട്ട്‌മെന്റിന് നൽകിയ ശക്തി ചെറുതല്ല. ന്യൂസീലൻഡിനെതിരായ മത്സരത്തിൽ അഞ്ചുവിക്കറ്റ് നേടിക്കൊണ്ട് വരവറിയിച്ച ഷമി ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു.



ഷമിയുടെ വരവിൽ ഇന്ത്യൻ ബൗളിങ് ഡിപ്പാർട്മെന്റ് ലോകനിലവാരത്തിലേക്കുയർന്നു. പിന്നാലെ ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് ടീമുകളെയും തകർത്ത് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സെമിയിലെത്തി. അതിൽ ഇംഗ്ലണ്ടിനെ 129 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ ശ്രീലങ്കയെ വെറും 55 റൺസിനും പേരുകേട്ട ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്കയെ വെറും 83 റൺസിനും ചുരുട്ടിക്കൂട്ടി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കോലി സെഞ്ചുറി നേടി സച്ചിൻ തെണ്ടുൽക്കർ സ്ഥാപിച്ച 49 ഏകദിന സെഞ്ചുറികളുടെ റെക്കോഡിനൊപ്പമെത്തി.

ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതക്കുതിപ്പ് നടത്തിയ ഇന്ത്യയെ സെമിയിൽ കാത്തിരുന്നത് ന്യൂസീലൻഡായിരുന്നു. 2019 ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് കണക്കുതീർക്കുക എന്ന ലക്ഷ്യത്തോടെ രോഹിത്തും സംഘവും കിവീസിനെതിരേ ബാറ്റിങ് തുടങ്ങി. ബാറ്റർമാർ ആറാടിയ മത്സരത്തിൽ ഇന്ത്യ അടിച്ചെടുത്തത് നാലുവിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ്. ഏകദിനത്തിൽ 50-ാം സെഞ്ചുറി നേടി മുംബൈ വാംഖെഡെ സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച കോലിയുടെയും ശതകം നേടിയ ശ്രേയസ് അയ്യരുടെയും പ്രകടനത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഈ സെഞ്ചുറിയോടെ കോലി സച്ചിന്റെ റെക്കോഡ് തകർത്ത് ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായി മാറി.

ഒരു ലോകകപ്പിൽ ഏറ്റവുമധികം തവണ 50 ന് മേൽ റൺസ് സ്‌കോർ ചെയ്യുന്ന താരം എന്ന റെക്കോഡും താരം സ്വന്തമാക്കി. ഇത്ര വലിയ സ്‌കോർ നേടിയിട്ടും പേരുകേട്ട ഇന്ത്യൻ ബൗളിങ് നിരയെ വിറപ്പിക്കാൻ ന്യൂസീലൻഡിന് സാധിച്ചു. ഒരുഘട്ടത്തിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ പിടിച്ച് കൂട്ടിലടച്ചത് മുഹമ്മദ് ഷമിയുടെ അത്ഭുത പ്രകടനമാണ്. താരം 57 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്തപ്പോൾ കിവീസിന്റെ പോരാട്ടം 327 റൺസിലൊതുങ്ങി. ഇന്ത്യയ്ക്ക് 70 റൺസിന്റെ വിജയം. ഒരു ഇന്ത്യൻ താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഷമി കുറിച്ചത്. ഈ വിജയത്തോടെ ഇന്ത്യ ആധികാരികമായി ഫൈനലിലെത്തി.

ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ റൺസെടുത്ത താരം വിരാട് കോലിയാണ്. 10 മത്സരങ്ങളിൽ നിന്ന് 101.57 ശരാശരിയിൽ 711 റൺസാണ് താരം അടിച്ചുകൂട്ടിയത്. 10 മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ 550 റൺസും ശ്രേയസ് അയ്യർ 526 റൺസും നേടിയിട്ടുണ്ട്. ഒന്നാംസ്ഥാനം കോലി ഉറപ്പാക്കിയിട്ടുണ്ട്. ബൗളർമാരിൽ മുഹമ്മദ് ഷമി വെറും ആറ് മത്സരങ്ങളിൽ നിന്നായി 23 വിക്കറ്റുകൾ വീഴ്‌ത്തി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ബുംറയുടെ അക്കൗണ്ടിൽ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുണ്ട്. ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനവും ബൗളിങ് ആവറേജും ഷമിയുടേതാണ്. മികച്ച ബാറ്റിങ് ആവറേജ് കോലിക്ക് സ്വന്തം. കോലി ഇതിനോടകം അഞ്ചുഅർധസെഞ്ചുറിയും മൂന്ന് സെഞ്ചുറിയും നേടിക്കഴിഞ്ഞു.



അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്നാണ് ക്യൂറേറ്ററവുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ൽ കൂടുതൽ സ്‌കോർ ചെയ്യുന്ന തരത്തിലുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കും.

നാളെ ടീമിൽ മാറ്റം വരുത്താതെയായിരിക്കും ഇറങ്ങുക. നിർണായക മത്സരത്തിൽ ആർ അശ്വിനെ കളിപ്പുമോ എന്നാണ് പ്രധാന ചോദ്യം. അശ്വിൻ കഴിഞ്ഞ ദിവസം പരിശീലനം നടത്തുകയും ചെയ്തതിരുന്നു. ബാറ്റിങ് നിരയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എന്തായാലും മാറ്റത്തിന് സാധ്യതയില്ല. ശുഭ്മാൻ ഗിൽ - രോഹിത് ശർമ സഖ്യം ഓപ്പണർമാരായി തുടരും. മൂന്നാമൻ വിരാട് കോലി, പിന്നാലെ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലും ക്രീസിലെത്തും.

സൂര്യകുമാർ യാദവിന്റെ കാര്യമാണ് കുറച്ച് പ്രശ്നം. കിട്ടിയ അവസരങ്ങളിലൊന്നും സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല. സൂര്യക്ക് പകരം അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. എന്നാൽ വിന്നിങ് കോംപിനേഷനിൽ മാറ്റം വരുത്താൻ ടീം മാനേജ്മെന്റ് മുതിരില്ല. രവീന്ദ്ര ജഡേജയും ടീമിൽ സ്ഥാനം നിലനിർത്തും. മറ്റൊരു സ്പിന്നറായി കുൽദീപ് യാദവും. പേസർമാരായി മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് തുടരും.

ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടത് ഒഴിച്ചാൽ മികച്ച വിജയങ്ങൾ നേടിയാണ് ഓസിസിന്റെ മുന്നേറ്റം. സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയതാകട്ടെ ബൗളർമാരുടെ മികവിലും. എന്നാൽ സ്പിന്നർമാർക്ക് മുന്നിൽ മുട്ടിടിക്കുന്ന ഓസിസ് ബാറ്റിങ് നിരയെയാണ് ലോകകപ്പിലുടനീളം കണ്ടത്. വേഗം കുറഞ്ഞ പിച്ചിൽ ഇന്ത്യൻ സ്പിന്നർക്ക് മുന്നിൽ ഓസിസ് ബാറ്റിങ് വിയർക്കും. അഹമ്മദബാദിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം നടന്ന അതേ പിച്ചിലാകും ഫൈനൽ പോരാട്ടമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഓസ്‌ട്രേലിയ കനത്ത വെല്ലുവിളി നേരിടേണ്ടി വരും.

ഇനിയൊരു വിജയം ഒരേയൊരു വിജയം മാത്രമകലെ കിരീടം ഇന്ത്യയ്ക്കായി കാത്തിരിക്കുകയാണ്. മൂന്ന് തവണയാണ് ഇന്ത്യ ഇതുവരെ ഫൈനലിലെത്തിയത്. അതിൽ 1983-ലും 2011-ലും കിരീടം നേടി. 2003-ൽ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് വമ്പൻ തോൽവി ഏറ്റുവാങ്ങി. ആ കനത്തതോൽവിക്ക് പകരം ചോദിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് വന്നുചേർന്നിരിക്കുന്നത്. സെമിയിൽ ന്യൂസീലൻഡിനോട് കണക്കുതീർത്തു, ഫൈനലിൽ ഓസീസിനെ തകർത്ത് ഇന്ത്യ മൂന്നാം കിരീടം നേടുമോ? ഈ ഫോം തുടർന്നാൽ ഒരുകാര്യമുറപ്പാണ് അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ രോഹിത് ശർമ ഇന്ത്യയ്ക്ക് വേണ്ടി കിരീടമുയർത്തും.