അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ പത്ത് ഓവറിൽ തന്നെ നായകൻ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ടോസ് ലഭിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്‌ക്കെതിരെ ആദ്യം പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു. ഓസിസ് നായകന്റെ തീരുമാനം ശരിവച്ചാണ് ബൗളർമാരുടെ പ്രകടനം.

ടോസ് ലഭിക്കുന്നവർ ആദ്യം ബാറ്റു ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു കമിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിളിച്ചത്. മത്സരം നടക്കുന്ന പിച്ചിൽ ഡ്രൈ വിക്കറ്റാണെന്ന് കമ്മിൻസ് ടോസിനു ശേഷം പ്രതികരിച്ചു. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ രാത്രി മഞ്ഞിന്റെ സ്വാധീനമുണ്ടാകുമെന്നും കമ്മിൻസ് വ്യക്തമാക്കി.

''ഓസ്‌ട്രേലിയൻ ടീമിന്റെ പ്രകടനത്തിൽ വലിയ അഭിമാനമുണ്ട്. ലോകകപ്പിൽ മോശം തുടക്കമായിരുന്നു ലഭിച്ചത്. പക്ഷേ താരങ്ങളുടെ ഭാഗത്തുനിന്നു പിഴവുകളൊന്നുമുണ്ടായില്ല.'' കമ്മിൻസ് വ്യക്തമാക്കി. എന്നാൽ ടോസ് ലഭിച്ചിരുന്നെങ്കിൽ ബാറ്റിങ് തിരഞ്ഞെടുക്കുമെന്നായിരുന്നു രോഹിത് ശർമയുടെ പ്രതികരണം. ഇന്ത്യൻ ടീമിനെ ഫൈനലിൽ നയിക്കുകയെന്നതു ക്യാപ്റ്റനെന്ന നിലയിൽ തന്റെ സ്വപ്നമായിരുന്നെന്നും രോഹിത് ശർമ പറഞ്ഞു.

എന്തായാലും രോഹിത് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. രോഹിന് വേണ്ടിയുരന്നത് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന് രോഹിത് ടോസ് സമയത്ത് വ്യക്തമാക്കി. പരമാവാധി റൺ നേടുകയാണ് ലക്ഷ്യമെന്നും രോഹിത് കൂട്ടിചേർത്തു.

മോദി സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്നായിരുന്നു ക്യൂറേറ്ററവുടെ പ്രവചനം. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അഞ്ചാം നമ്പർ പിച്ചിലാണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടക്കുന്നത്. ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടത്തിയ പിച്ചിന്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്തു പരമാവധി സ്‌കോർ കണ്ടെത്തുന്നതാണു പ്രധാനമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ബാറ്റിങ്ങിലും ബോളിങ്ങിലും ആവശ്യത്തിനു കരുത്തുള്ള ഇന്ത്യയെപ്പോലൊരു ടീമിന് ടോസ് നിർണായകമാകില്ലെന്നാണ് ശാസ്ത്രിയുടെ നിലപാട്. ലോകകപ്പിൽ ഇതുവരെ ഉപയോഗിക്കാത്ത പിച്ചിൽ ഫൈനൽ സംഘടിപ്പിക്കുന്നതു പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഇന്ത്യയ്ക്കു പാക്കിസ്ഥാനെതിരെ അനായാസ വിജയം സമ്മാനിച്ച അഞ്ചാം നമ്പർ പിച്ച് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്നലെ രാവിലെ നനച്ച് ഉണക്കിയ ശേഷം വെയിൽ താഴും വരെ മൂടിയിട്ട പിച്ച് വൈകിട്ട് റോളിങ് നടത്തി വീണ്ടും മൂടി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ടീമംഗങ്ങളും ഇന്നലെ വൈകിട്ട് നെറ്റ്‌സിലെ പരിശീലനത്തിനു മുൻപ് വീണ്ടും പിച്ച് പരിശോധിച്ചിരുന്നു. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും രാവിലെ പിച്ചിൽ എത്തിയിരുന്നു. ഒക്ടോബർ 14ന് ആ മത്സരം നടക്കുമ്പോഴുള്ള വരണ്ട കാലാവസ്ഥയല്ല ഇപ്പോൾ അഹമ്മദാബാദിലേത്. വൈകിട്ട് പല ദിവസങ്ങളിലും മഞ്ഞുണ്ട്.

സെമി ഫൈനലിൽ കളിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആറാം ലോക കകിരീടമാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. ഇന്ത്യ മൂന്നാം കിരീടവും. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. അന്ന് എം എസ് ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. ഓസീസ് 2015ലാണ് അവസാന കിരീടം നേടുന്നത്.