അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചറി നേടിയ കെ.എൽ.രാഹുലും തൊട്ടുപിന്നാലെ മുഹമ്മദ് ഷമിയുമാണ് പുറത്തായത്. 107 പന്തിൽ 66 റൺസ് നേടിയ രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ആരാധകരെ നിരാശപ്പെടുത്തി. ഒൻപത് റൺസ് നേടിയ ജഡേജയെ ഹെയ്‌സൽവുഡ് ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ, വിരാട് കോലി, രവീന്ദ്ര ജഡേജ, കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

സൂപ്പർ താരം വിരാട് കോലി അർധ സെഞ്ചറി നേടി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ശുഭ്മൻ ഗില്ലിന്റേയും 47 റൺസ് നേടിയ നായകൻ രോഹിത് ശർമയുടേയും വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ പാറ്റ് കമ്മിൻസിന്റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്‌സ്വെലുമാണ് പുറത്താക്കിയത്. അഞ്ചാം ഓവറിൽ സ്‌കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്സ്വെല്ലിന്റെ പന്തിൽ തുടർച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.

3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്.