- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമിയിലും ഫൈനലിലും 50 ലേറെ റൺസ് നേടി വിരാട് കോലി; ലോകകപ്പിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്; ഒരു ലോകകപ്പിൽ 400 റൺസ് നേടുന്ന ആദ്യ അഞ്ചാം നമ്പർ ഇന്ത്യൻ ബാറ്ററായി രാഹുൽ; ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന നായകനായി രോഹിത്; അപൂർവ നേട്ടങ്ങൾ
അഹമ്മദാബാദ്: റെക്കോഡുകളുടെ തോഴനായ ഇന്ത്യൻ താരം വിരാട് കോലി ഇത്തവണത്തെ ലോകകപ്പിൽ നിരവധി റെക്കോഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. ഓസ്ട്രേലിയക്കെതിരായ ഫൈനലിലും അർധ സെഞ്ചുറി കുറിച്ചതോടെ കോലി 48 വർഷം നീണ്ട ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിലും ഫൈനലിലും 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ബ്രെയർലി (1979), മുൻ ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് ബൂൺ (1987), മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് (1992), മുൻ ശ്രീലങ്കൻ ബാറ്റർ അരവിന്ദ ഡി സിൽവ (1996), മുൻ ന്യൂസീലൻഡ് ഓൾറൗണ്ടർ ഗ്രാന്റ് എലിയറ്റ് (2015), ഓസീസ് താരം സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് അന്താരാഷ്ട്ര താരങ്ങൾ.
ഫൈനലിൽ 63 പന്തിൽ നിന്ന് 54 റൺസെടുത്താണ് കോലി പുറത്തായത്. ഇത്തവണത്തെ ലോകകപ്പിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് കോലി 50-ന് മുകളിൽ സ്കോർ ചെയ്യുന്നത്. 2019 ലോകകപ്പിലും കോലി തുടർച്ചയായ അഞ്ച് ഇന്നിങ്സുകളിൽ 50-ന് മുകളിൽ സ്കോർ ചെയ്തിരുന്നു.
ഇതോടൊപ്പം ഒരു ലോകകപ്പിൽ 750 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും കോലി സ്വന്തം പേരിലെഴുതി. ഈ ലോകകപ്പിൽ 11 കളികളിൽ നിന്ന് 95.62 ശരാശരിയിൽ 765 റൺസാണ് കോലിയുടെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളുമടക്കമാണ് കോലിയുടെ ഈ നേട്ടം.
ഫൈനൽ പോരാട്ടത്തിൽ 47 റൺസെടുത്ത് പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡുമായാണ് ഗ്രൗണ്ട് വിട്ടത്. 2023 ലോകകപ്പിലെ 11 ഇന്നിങ്സുകളിൽനിന്ന് 597 റൺസാണു രോഹിത് ശർമ നേടിയത്. 31 സിക്സുകളുമായി ഒരു ലോകകപ്പിൽ കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡും രോഹിത് ശർമയുടെ പേരിലാണ്.
ലോകകപ്പിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളും രോഹിത് സ്വന്തമാക്കി. ഫൈനലിൽ 31 പന്തുകളിൽനിന്നാണ് താരം 47 റൺസെടുത്തത്. മൂന്ന് സിക്സുകളും നാല് ഫോറുകളും നേടി. പത്താം ഓവറിൽ സ്പിന്നർ ഗ്ലെൻ മാക്സ്വെല്ലിന്റെ പന്തിൽ ട്രാവിസ് ഹെഡ് തകർപ്പനൊരു ക്യാച്ചിലൂടെ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കുകയായിരുന്നു.
ന്യൂസീലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിലും രോഹിത് ശർമ 47 റൺസെടുത്താണു പുറത്തായത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ 29 പന്തുകൾ നേരിട്ട രോഹിത് നാലു വീതം സിക്സുകളും ഫോറുകളും നേടിയിരുന്നു. ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്തായിരുന്നു രോഹിത് ശർമയെ പുറത്താക്കിയത്.
ഓസീസിനെതിരായ ഫൈനൽ പോരാട്ടത്തോടെ ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിലെ മികച്ച പാർട്ണർഷിപ്പ് സ്കോറെന്ന റെക്കോർഡിൽ രോഹിത് ശർമയും ശുഭ്മൻ ഗില്ലും രണ്ടാമതെത്തി. ഇരുവരും ഒരുമിച്ച് 1523 റൺസാണ് ഈ വർഷം അടിച്ചുകൂട്ടിയത്. 1635 റൺസുകളുമായി സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയുമാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്. 1998ലായിരുന്നു ഇരുവരുടേയും പ്രകടനം.
അതേ സമയം ഒരു ലോകകപ്പിൽ 400 റൺസ് നേടുന്ന ആദ്യ അഞ്ചാം നമ്പർ ഇന്ത്യൻ ബാറ്റർ എന്ന നേട്ടം കെ എൽ രാഹുൽ സ്വന്തമാക്കി. മത്സരത്തിൽ അർധസെഞ്ചുറിയും രാഹുൽ തികച്ചു.
ഈ ലോകകപ്പിൽ 400 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റർ കൂടിയാണ് കെഎൽ രാഹുൽ. വിരാട് കോലി, രോഹിത് ശർമ, ശ്രേയസ്സ് അയ്യർ എന്നിവരാണ് നേരത്തേ 400 റൺസ് തികച്ച താരങ്ങൾ. ഒരു ലോകകപ്പിൽ ഇതാദ്യമായാണ് നാല് ഇന്ത്യൻ താരങ്ങൾ 400-റൺസിലധികം റൺസ് നേടുന്നത്.
35-ാം ഓവറിലാണ് താരം അർധസെഞ്ചുറി നേടുന്നത്. 86-പന്തിൽ നിന്ന് അർധസെഞ്ചുറി നേടിയ രാഹുൽ ഇന്ത്യൻ സ്കോർ 200-കടത്തി. 107 പന്തിൽ നിന്ന് 66 റൺസെടുത്താണ് താരം മടങ്ങിയത്. ഈ ടൂർണമെന്റിൽ ഒരു സെഞ്ചുറി നേടിയ രാഹുലിന്റെ രണ്ടാം അർസെഞ്ചുറിയാണിത്. താരം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ലോകകപ്പ് കൂടിയാണിത്. 2019-ലോകകപ്പിൽ 361 റൺസാണ് താരം നേടിയത്.
സ്പോർട്സ് ഡെസ്ക്