അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കി വിശ്വകിരീടത്തിൽ വീണ്ടും മുത്തമിട്ട് ഓസ്ട്രേലിയ. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും അർധ സെഞ്ചുറി നേടിയ മാർനസ് ലെബുഷെയ്ന്റെയും ബാറ്റിങ് മികവിലാണ് ലക്ഷ്യത്തിലെത്തിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആറാം കിരീടമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

2003 ലോകകപ്പ് ഫൈനലിന് സമാനമായി ഒരിക്കൽ കൂടി ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ തല്ലിത്തകർത്താണ് ഓസിസ് കിരീടത്തിൽ മുത്തമിട്ടത്. ഒരു കളിയും തോൽക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലിൽ രോഹിതും സംഘവും വീണുപോയി. ആർത്തലയ്ക്കുന്ന കാണികളും 140 കോടി ജനങ്ങളുടെ പ്രാർത്ഥനകൾക്കും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ആറാം ലോകകപ്പുമായി കങ്കാരുക്കൾ മടങ്ങുമ്പോൾ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയിൽ ഇന്ത്യ.

2003 ഫൈനലിനേതിന് സമാനമായി രണ്ട് പതിറ്റാണ്ടിന് ശേഷം 2023 ഫൈനലിലും ഇന്ത്യയ്ക്ക് കണ്ണീർ. ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റൺസെടുത്തപ്പോൾ ലബൂഷെയ്ൻ 58 റൺസ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു.

തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യ ഇത്രയും മികച്ച ഫോമിൽ കളിച്ച മറ്റൊരു ലോകകപ്പ് ഇല്ല. കപ്പ് ഉയർത്താനായില്ലെങ്കിലും ഇന്ത്യൻ ടീമിനെ ചേർത്തുവെക്കാം. അത്രയും സുന്ദരമായ കളി കാഴ്ചവെച്ചതിന്. ഓസീസ് അടക്കം ലോകകകപ്പ് കളിക്കാനെത്തിയ എല്ലാ ടീമിനേയും തോൽപിച്ച ഏക ടീമെന്ന നിലയിൽ രോഹിത്തും സംഘവും മടങ്ങുന്ന തലയുയർത്തി തന്നെ. കമിൻസ് പറഞ്ഞത് അവർ അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു.

സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്‌നുമാണ് ഓസ്‌ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. ഇന്ത്യൻ ആരാധകർ നിലക്കടൽ തീർത്ത നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യൻ താരങ്ങളുയർത്തിയ എൽബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയർ ഔട്ട് വിധിക്കുകയായിരുന്നു.

ഒരു ലക്ഷത്തോളം വരുന്ന കാണികളുടെ ആരവവും ചെറുത്താണ് അവർ കപ്പുമായി മടങ്ങുന്നത്. ട്രാവിസ് ഹെഡ് എന്ന പോരാളി ആരെയും പേടിക്കാതെ ബാറ്റുവീശിയപ്പോൾ ആർത്തലച്ച സ്റ്റേഡിയം മൂകമായി. മൂന്നാം കിരീടത്തിൽ ഇന്ത്യ മുത്തമിടുന്നത് കാണാനെത്തിയ ആരാധകർ കണ്ണീരണിഞ്ഞ് സ്റ്റേഡിയം വിട്ടു. ഓസീസ് തിരിച്ചുമടങ്ങുന്നു ആറാം ലോകകിരീടവുമായി. ഇന്ത്യ സ്വന്തം മണ്ണിൽ കിരീടമുയർത്തുന്നത് കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരുണ്ടായിരുന്നു. പക്ഷേ നിരാശയോടെ മടങ്ങാനായിരുന്നു ഏവരുടെയും വിധി.

ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറിൽ തന്നെ 15 റൺസ് കിട്ടി. ഡേവിഡ് വാർണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വാർണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറൺസെടുത്ത വാർണർ സ്ലിപ്പിൽ നിന്ന കോലിയുടെ കൈയിലൊതുങ്ങി. പിന്നാലെ മിച്ചൽ മാർഷ് ക്രീസിലെത്തി. ആദ്യ നാലോവറിൽ ഓസീസ് 41 റൺസാണ് അടിച്ചെടുത്തത്.

എന്നാൽ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ മാർഷിനെ മടക്കി ബുംറ വമ്പൻ തിരിച്ചുവരവ് നടത്തി. 15 പന്തിൽ 15 റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയിലെത്തിച്ചു. ഇതോടെ ഓസീസ് 41 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനും പിടിച്ചുനിൽക്കാനായില്ല. വെറും നാല് റൺസ് മാത്രമെടുത്ത സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി. സ്മിത്ത് പുറത്താകുമ്പോൾ ഓസീസ് സ്‌കോർ 47 റൺസിലാണെത്തിയത്.

സ്മിത്തിന് പകരം വന്ന മാർനസ് ലബൂഷെയ്നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ടീമിനെ നയിച്ചു. 8.5 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ആദ്യ പത്തോവറിൽ ടീം 60 റൺസാണ് നേടിയത്. ലബൂഷെയ്ൻ പ്രതിരോധിച്ചപ്പോൾ മറുവശത്ത് ഹെഡ് അനായാസം ബാറ്റുവീശി. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 19.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു. പിന്നാലെ ഹെഡ് അർധസെഞ്ചുറി നേടി. 58 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. ഹെഡ്ഡും ലബൂഷെയ്നും അനായാസം ബാറ്റിങ് തുടർന്നതോടെ ഇന്ത്യൻ ക്യാമ്പിൽ നിരാശ പടർന്നു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ രോഹിത്തിന് സാധിച്ചില്ല. പിന്നാലെ ലബൂഷെയ്നും ഹെഡ്ഡും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

പിന്നീട് നിരാശയുടെ പടുകുഴിയിലേക്ക് നരേന്ദ്ര മോദി സ്റ്റേഡിയം വീണു. താരങ്ങളും ആരാധകരും ഒരുപോലെ സങ്കടത്തിൽ മുങ്ങിയപ്പോൾ മറുവശത്ത് ട്രാവിസ് ഹെഡ് പൊട്ടിത്തെറിച്ചു. ഇന്ത്യൻ ബൗളർമാരെ അവർക്ക് വേണ്ടി ആർത്തലയ്ക്കുന്ന കാണികൾക്ക് മുന്നിൽ ഹെഡ് നിലംപരിശാക്കി. വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. ബാറ്റർമാർക്ക് നിലതെറ്റുമെന്ന് കരുതിയ അതേ പിച്ചിൽ ഹെഡ് വെറും 95 പന്തുകളിൽ നിന്ന് സെഞ്ചുറി നേടി. മൂകമായ സ്റ്റേഡിയത്തിൽ ഹെഡ് ബാറ്റുയർത്തി ഓസീസിന്റെ വീരനായകനായി. 36.3 ഓവറിൽ ഓസ്ട്രേലിയൻ സ്‌കോർ 200 കടന്നു. തകർപ്പൻ സിക്സിലൂടെ ഹെഡ് തന്നെയാണ് സ്‌കോർ 200 കടത്തിയത്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോഡ് ഹെഡ്ഡും ലബൂഷെയ്നും ചേർന്ന് സ്വന്തമാക്കി. പിന്നാലെ ലബൂഷെയ്ൻ അർധസെഞ്ചുറി നേടി. 99 പന്തിൽ നിന്നാണ് താരം അർധശതകം കുറിച്ചത്.

വൈകാതെ ഓസീസിനായി ഹെഡ് ഉജ്ജ്വല വിജയം സമ്മാനിച്ചു. ഇന്ത്യൻ ബാറ്റർമാരെല്ലാം വിരണ്ട അതേ പിച്ചിൽ ഹെഡും ലബൂഷെയ്നും ബാറ്റിങ് വിരുന്നൊരുക്കി. ജയിക്കാൻ വെറും രണ്ട് റൺസ് വേണ്ടിയിരുന്ന സമയത്ത് ഹെഡ് പുറത്തായി. താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി. 120 പന്തിൽ 15 ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 137 റൺസെടുത്ത് വിജയമുറപ്പിച്ച ശേഷമാണ് ഹെഡ് കളം വിട്ടത്. പിന്നാലെ വന്ന മാക്സ്വെൽ രണ്ട് റൺസ് നേടി ടീമിന് കിരീടം സമ്മാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റൺസ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പിൽ ഓൾ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

2003 ൽ ടോസിലെ ഭാഗ്യം കിട്ടിയിട്ടും ബൗളിങ് തിരഞ്ഞെടുത്തതാണ് പിഴച്ചതെങ്കിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് തുണച്ചത് ഓസീസിനെ. എന്നിട്ടും രോഹിത് ആഗ്രഹിച്ച ആദ്യ ബാറ്റിങ് തന്നെ ഓസീസ് വിധിച്ചു. നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഏഴുപന്തിൽ നാലുറൺസ് മാത്രമെടുത്ത താരത്തെ സ്റ്റാർക്ക് ആദം സാംപയുടെ കൈയിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി.

ഏഴാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോർ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ അർധസെഞ്ചുറിക്കരികിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെൻ മാക്സ്വെല്ലിനെ തുടർച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തിൽ നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 47 റൺസെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 76-ൽ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയിൽ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റൺറേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറിൽ ടീം സ്‌കോർ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകൾ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറിൽ 115 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറിൽ ഇന്ത്യ 80 റൺസെടുത്തപ്പോൾ അടുത്ത പത്തോവറിൽ വെറും 35 റൺസ് മാത്രമാണ് നേടാനായത്. റൺറേറ്റ് എട്ടിൽ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോൾ 25 ഓവറിൽ 131 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അർധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അർധസെഞ്ചുറിയാണിത്.

27-ാം ഓവറിലെ രണ്ടാം പന്തിൽ ഫോറടിച്ചുകൊണ്ട് രാഹുൽ ബൗണ്ടറി വരൾച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകൾക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അർധസെഞ്ചുറി നേടിയ വിരാട് കോലിയെ പുറത്താക്കി കമ്മിൻസ് ആരാധകരെ നിശബ്ദരാക്കി. 63 പന്തിൽ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റൺസെടുത്ത കോലി കമ്മിൻസിന്റെ ബൗൺസർ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ വീണു. ഇതോടെ ഇന്ത്യ 148 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.ആറാമനായി സൂര്യകുമാർ യാദവിന് പകരം രവീന്ദ്ര ജഡേജയെയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് ഗ്രൗണ്ടിലേക്കയച്ചത്. ജഡേജയെ സാക്ഷിയാക്കി രാഹുൽ അർധസെഞ്ചുറി നേടി. 86 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അർധസെഞ്ചുറി കൂടിയാണിത്. എന്നാൽ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തിൽ ഒൻപത് റൺസ് മാത്രമെടുത്ത ജഡേജയെ ഹെയ്സൽവുഡ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ജഡേജയ്ക്ക് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. 40 ഓവറിൽ ഇന്ത്യ 197 റൺസാണ് നേടിയത്. 40.5 ഓവറിൽ ടീം സ്‌കോർ 200-ൽ എത്തി. എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റൺസെടുത്ത രാഹുലിനെ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്.എന്നാൽ വെറും ആറുറൺസെടുത്ത ഷമിയെ സ്റ്റാർക്ക് പുറത്താക്കി. ഷമിക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 48-ാം ഓവറിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവും പുറത്തായി. ഹെയ്സൽവുഡിന്റെ ബൗൺസറിൽ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തിൽ 18 റൺസാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റിൽ കുൽദീപും സിറാജും ചേർന്നാണ് ടീം സ്‌കോർ 240-ൽ എത്തിച്ചത്. ഇന്നിങ്സിലെ അവസാന പന്തിൽ കുൽദീപ് റൺ ഔട്ടായി. 10 റൺസാണ് താരത്തിന്റെ സമ്പാദ്യം. സിറാജ് 9 റൺസ് നേടി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തപ്പോൾ ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.