അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് വിശ്വകിരീടം കയ്യെത്തുംദൂരത്ത് കൈവിട്ടതോടെ ഇന്ത്യൻ താരങ്ങളും ആരാധകരും ഒരുപോലെ നിരാശയിൽ. ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യക്ക് കിരീടപ്പോരാട്ടത്തിൽ കാലിടറിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കടുത്ത നിരാശയോടെയാണ് മൈതാനത്ത് നിന്നും മടങ്ങിയത്. തലകുനിച്ച് മടങ്ങിയ രോഹിത്തിന്റെ മുഖത്ത് ഇതുവരെ കാണാത്ത ദുഃഖഭാവം.

ലോകകപ്പിൽ ടോപ് സ്‌കോററായിട്ടും സെഞ്ചുറികളിൽ അർധസെഞ്ചുറി തികച്ച് ലോക റെക്കോർഡിട്ടും ലോകകപ്പ് മാത്രം സ്വന്തമാക്കാനാവാത്തതിലെ നിരാശയിൽ വിരാട് കോലി നിസംഗനായി നിന്നു. ടൂർണമെന്റിൽ ചങ്കു പറിച്ച് പന്തെറിഞ്ഞിട്ടും ഫൈനലിൽ മാത്രം നിറം മങ്ങിയ മുഹമ്മദ് സിറാജിന് പക്ഷെ കണ്ണീരടക്കാനായില്ല. കുട്ടികളെ പോലെ കരഞ്ഞ സിറാജിനെ സഹതാരം ജസ്പ്രീത് ബുമ്രയെത്തി ആശ്വസിപ്പിച്ചു.

ഗ്ലെൻ മാക്‌സ്വെൽ വിജയറൺ കുറിച്ച് വിജയഭേരി മുഴക്കിയപ്പോൾ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തുന്ന ഓസീസ് താരങ്ങൾക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾ നിരാശയോടെ തലകുനിച്ചു നടന്നു.

ഫൈനലിൽ ഇന്ത്യയുടെ ടോപ് സ്‌കോററായ കെ എൽ രാഹുൽ നിരാശയോടെ ഗ്രൗണ്ടിൽ തലകുനിച്ചിരുന്നു. വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമയും കെ എൽ രാഹുലിന്റെ ഭാര്യ അതിയാ ഷെട്ടിയും നിരാശയോടെ വിഐപി ഗ്യാലറിയിൽ തലകുനിച്ചിരുന്നു.

ഇനിയൊരു ലോകകപ്പിൽ വിരാട് കോലിയുടെ കവർ ഡ്രൈവോ രോഹിത് ശർമയുടെ പുൾ ഷോട്ടോ കാണാനാകില്ലെന്ന തിരിച്ചറിവിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം കാണികൾ ഒന്നും മിണ്ടാനാവാതെ പരസ്പരം ആശ്വിസിപ്പിക്കാൻ പോലുമാകാതെ ഓസീസിന്റെ വിശ്വവിജയത്തിന് മൂക സാക്ഷികളായി.

ഫൈനലിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായപ്പോൾ തുടക്കത്തിൽ തകർന്നിട്ടും ട്രാവിസ് ഹെഡിന്റെ സെഞ്ചുറി കരുത്തിൽ ഓസ്‌ട്രേലിയ 43 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഓസ്‌ട്രേലിയയുടെ ആറാം ലോകകിരീടമാണിത്.

ഇന്ത്യയുടെ പേടിസ്വപ്നമായ റിച്ചാർഡ് കെറ്റിൽബെറോയായിരുന്നു മത്സരത്തിലെ ഒരു അംപയർ. കൈറ്റിൽബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഉണ്ടായിട്ടുള്ളത്. ഈ ഫൈനലിന് മുമ്പ് ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ടിൽ അഞ്ച് തവണയാണ് കെറ്റിൽ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. അഞ്ചിടത്തും ഇന്ത്യക്ക് നിരാശ. 2014ലെ ടി20 ഫൈനലിലായിരുന്നു ആദ്യം. ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ആറ് വിക്കറ്റിനായിരുന്നു.

തൊട്ടടുത്ത വർഷത്തെ ഏകദിന ലോകകപ്പ് സെമിയിലും ഇതുതന്നെയായിരുന്നു അവസ്ഥ. അന്ന് ഓസ്‌ട്രേലിയക്ക് മുന്നിൽ ടീം ഇന്ത്യ തകർന്നടിഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റിൽബെറോ. അന്നും ഇന്ത്യ തോറ്റു. 2017ൽ ചാംപ്യൻസ് ട്രോഫി ഫൈനൽ. പാക്കിസ്ഥാന് മുന്നിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. 2019 ലോകകപ്പിൽ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യൻ ടീമിനെ കെയ്ൻ വില്ല്യംസണും സംഘവും വീഴ്‌ത്തിയപ്പോഴും കളി നിയന്ത്രിച്ചവരിൽ ഒരാൾ കെറ്റിൽബെറോ. അന്ന് മറ്റൊരു അംപയർ ഇല്ലിങ്വർത്തായിരുന്നു.

ന്യൂസിലൻഡിനെതിരായ ആദ്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ പരാജയത്തിന്റെ ദൃക്സാക്ഷിയായി കെറ്റിൽബെറോ. അന്ന് ഗ്രൗണ്ടിലുണ്ടായിരുന്നില്ലെന്ന് മാത്രം. തേഡ് അമ്പയറായിരുന്നു അദ്ദേഹം. ഈ വർഷമാദ്യം നടന്ന ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ കളിക്കുമ്പോൾ ടിവി അംപയറായും കെറ്റിൽബെറോ ഉണ്ടായിരുന്നു. ചുരുക്കത്തിൽ ഏഴ് തവണ അദ്ദേഹം ഇന്ത്യയെ കരയിപ്പിച്ചു.

കെറ്റിൽബെറോയ്ക്കൊപ്പം ഇന്ന് ഫീൽഡിൽ ഉണ്ടായിരുന്ന മറ്റൊരാൾ റിച്ചാർഡ് ഇല്ലിങ്വർത്തായിരുന്നു. കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇല്ലിങ്വർത്ത്. 1992, 96 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ടീമിൽ സ്പിന്നറായിരുന്നു ഇല്ലിങ്വർത്ത്. 1996 ലോകകപ്പിൽ ജയിച്ച ശ്രീലങ്കൻ ടീമിൽ അംഗമായിരുന്ന കുമാർ ധർമ്മസേന, കഴിഞ്ഞ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചിരുന്നു.