സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ വീണ്ടും അച്ഛനായി. മൂന്നാമത്തെതും പെണ്‍കുഞ്ഞാണെന്നും മകള്‍ ജനിച്ചത്തില്‍ സന്തോഷമുണ്ടെന്നും താരം സമൂഹമാധ്യമത്തില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു. അമിറ മായ ഖവാജ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

'3 ഫ്രം 3, കഴിഞ്ഞ വെള്ളിയാഴ്ച അമിറ മായ ഖവാജ ജനിച്ചു. മറ്റൊരു മകളെ കൂടി ലഭിച്ചതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാന്‍ ഇനിയും 8 പേര്‍ കൂടി വേണം. ദൈവത്തിന് നന്ദി'' ഖവാജ പറഞ്ഞു. ഖവാജയ്ക്ക് ആശംസകളുമായി ഡേവിഡ് വാര്‍ണര്‍ രംഗത്ത് എത്തി.

''അഭിനന്ദനങ്ങള്‍ ഖവാജ, അല്ലെങ്കിലും ഓപ്പണര്‍മാര്‍ ഇങ്ങനെയാണ്'' എന്നായിരുന്നു വാര്‍ണറുടെ കമെന്റ്. ഇരുവരും ദീര്‍ഘനാള്‍ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിനായി ഓപ്പണിങ് റോളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഖവാജയെ പോലെ തന്നെ വാര്‍ണര്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ ആണ് ഉള്ളത്. അത് ഉദ്ദേശിച്ചാണ് വാര്‍ണര്‍ ഇങ്ങനെ പറഞ്ഞത്.

ഏതായാലും ഇരുവരുടെയും കമെന്റുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയിലാണ് ഉസ്മാന്‍ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 39 കാരനായ വെറ്ററന്‍ താരം 87 ടെസ്റ്റ് മത്സരങ്ങളിലെ 157 ഇന്നിങ്സുകളില്‍ നിന്നായി 43.39 ശരാശരിയില്‍ 6206 റണ്‍സ് നേടിയിട്ടുണ്ട്. 16 സെഞ്ച്വറികളും 28 അര്‍ദ്ധസെഞ്ച്വറികളും അടങ്ങുന്നതാണ് ടെസ്റ്റ് സമ്പാദ്യം.