- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്ര നേട്ടത്തിനരികെ വിരാട് കോഹ്ലി; ഒരു സെഞ്ചുറി നേടാനായാൽ സ്വന്തമാകുന്നത് 148 വർഷത്തെ ക്രിക്കറ്റ് റെക്കോഡ്; ഓസ്ട്രേലിയൻ മണ്ണിൽ സച്ചിനൊപ്പമെത്താനും അവസരം
പെർത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ താരം വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടങ്ങൾ. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തുന്ന കോഹ്ലിക്ക് ഒരു സെഞ്ചുറി നേടാനായാൽ ക്രിക്കറ്റിന്റെ 148 വർഷത്തെ ചരിത്രത്തിൽ ഒരു ഫോർമാറ്റിൽ 52 സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി മാറാം. കൂടാതെ, ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരം എന്ന റെക്കോർഡും കോഹ്ലിയെ കാത്തിരിക്കുന്നു.
നിലവിൽ ഏകദിനത്തിൽ 51 സെഞ്ചുറികളുമായി കോഹ്ലി ഒന്നാമതാണ്. 2023 ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ച്വറിയോടെയാണ് കോഹ്ലി ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടന്നത്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ച്വറികളുമായി സച്ചിൻ ടെണ്ടുൽക്കർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏകദിനത്തിൽ ഒരു സെഞ്ച്വറി കൂടി നേടിയാൽ, ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരം എന്ന റെക്കോർഡും വിരാട് കോഹ്ലി സ്വന്തമാക്കും.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡ് ഇപ്പോഴും സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ് (100 സെഞ്ച്വറികൾ). ഇതിൽ ടെസ്റ്റിൽ 51ഉം ഏകദിനത്തിൽ 49ഉം ഉൾപ്പെടുന്നു. വിരാട് കോഹ്ലിക്ക് നിലവിൽ 82 സെഞ്ച്വറികളുണ്ട് (ഏകദിനത്തിൽ 51, ടെസ്റ്റിൽ 30, ടി20യിൽ ഒന്ന്). ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ എന്ന സച്ചിന്റെ റെക്കോർഡിനൊപ്പമെത്താനും കോഹ്ലിക്ക് സാധ്യതയുണ്ട്. ഓസ്ട്രേലിയക്കെതിരെ സച്ചിന് 9 ഏകദിന സെഞ്ച്വറികളാണുള്ളത്. 8 സെഞ്ചുറികളുമായി കോഹ്ലിയും രോഹിത് ശർമയും രണ്ടാമതുണ്ട്.
അതേസമയം, മൂന്നു ഫോർമാറ്റുകളിലുമായി ഓസ്ട്രേലിയക്കെതിരെ കോഹ്ലിക്ക് 17 സെഞ്ച്വറികളുണ്ട്. സച്ചിന് 20 സെഞ്ചുറികലുണ്ട്. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം 19ന് പെർത്തിലാണ് നടക്കുന്നത്. തുടർന്ന് 23ന് അഡലെയ്ഡിലും 25ന് സിഡ്നിയിലും മത്സരങ്ങളുണ്ട്. ഇതിനുശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ആരംഭിക്കും. 2027 ഏകദിന ലോകകപ്പ് വരെ ഇരുവരും ടീമിലുണ്ടാകുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.