കൊളംബോ: ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി, 'ഹാന്‍ഡ്ഷേക്ക്' (കൈകൊടുക്കല്‍) വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗ. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് താരം ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പരോക്ഷമായി വിമര്‍ശിച്ചത്.

കളി നല്ല രീതിയില്‍ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ആഗ പറഞ്ഞു. അതിനൊപ്പം ഇന്ത്യയുടെ നിലപാടിനെ കുറിച്ച് ഒരു വരി കൂടി ചേര്‍ത്തു. ' മത്സരം യഥാര്‍ഥ സ്‌പോര്‍ട്ട്‌സ്മാന്‍ഷിപ്പോടെ നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'. ഇന്ത്യന്‍ ടീം കൈ കൊടുക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അത് നമുക്ക് നാളെ കണ്ടറിയാം എന്നായിരുന്നു വിവാദച്ചൂട് കൂട്ടി കൊണ്ട് ആഗയുടെ പ്രതികരണം.

നേരത്തെ ഏഷ്യാ കപ്പിനിടെ കൈകൊടുക്കാന്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ വിസമ്മതിച്ചതിനെ ആഗ വിമര്‍ശിച്ചിരുന്നു. ഇത് കായികരംഗത്തിനും വളര്‍ന്നുവരുന്ന ആരാധകര്‍ക്കും നല്ല മാതൃകയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കൊളംബോയില്‍ നൃത്തവും മേളവുമായി ഇന്ത്യന്‍ ടീമിന് സ്വീകരണം

വെള്ളിയാഴ്ച കൊളംബോയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ പ്രാദേശിക നര്‍ത്തകരും ചെണ്ടമേളക്കാരും ചേര്‍ന്ന് ടീമിനെ എതിരേറ്റു. അര്‍ഷ്ദീപ് സിംഗ് നൃത്തം ചെയ്ത് ആരാധകരെ കയ്യിലെടുത്തു. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ വളരെ ഗൗരവത്തിലായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് പാകിസ്ഥാനും വൈകുന്നേരം ഇന്ത്യയും ആര്‍.പി.ഐ.സി.എസ് (RPICS) സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.

പോരാട്ടവീര്യവുമായി പാക് നായകന്‍

രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ മാറ്റിവെച്ച് ക്രിക്കറ്റിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് പാക് നായകന്‍ ആഗ്രഹിക്കുന്നത്. 'കഴിഞ്ഞകാല റെക്കോര്‍ഡുകളില്‍ കാര്യമില്ല. അതൊരു പുതിയ ദിവസമായിരിക്കും. ചരിത്രം മാറ്റാന്‍ കഴിയില്ലെങ്കിലും നന്നായി കളിച്ച് വിജയിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.' - സല്‍മാന്‍ അലി ആഗ പറഞ്ഞു.

ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയുടെ തുറുപ്പുചീട്ടായേക്കും. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് തുടങ്ങിയ വെടിക്കെട്ട് ബാറ്റിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.