- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉസ്മാൻ താരിഖിന്റെയും ഷദാബിന്റെയും പന്തുകളിൽ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീണു; ടി20 ലോകകപ്പിൽ നമീബിയ തകർന്നു; പാകിസ്ഥാന് 102 റൺസിന്റെ പടുകൂറ്റൻ ജയം

കൊളംബോ: ടി20 ലോകകപ്പിൽ നമീബിയക്കെതിരെ പാകിസ്ഥാന് 102 റൺസിന്റെ ആധികാരിക വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 199 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയ 17.3 ഓവറിൽ വെറും 97 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഉസ്മാൻ താരിഖും മൂന്ന് വിക്കറ്റ് നേടിയ ഷദാബ് ഖാനുമാണ് നമീബിയയെ തകർത്തത്. നേരത്തെ ഓപ്പണർ സാഹിബ്സാദ ഫർഹാൻ നേടിയ തകർപ്പൻ സെഞ്ചുറിയാണ് പാക്കിസ്ഥാൻ മികച്ച സ്‌കോർ സമ്മാനിച്ചത്.
200 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന നമീബിയക്ക് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാക് ബൗളർമാർ നമീബിയയെ സമ്മർദ്ദത്തിലാക്കി. അഞ്ചാം ഓവറിൽ 9 റൺസെടുത്ത ജെ. ഫ്രൈലിങ്ക് പുറത്തായതോടെയാണ് നമീബിയയുടെ തകർച്ചയ്ക്ക് തുടക്കമായത്. തൊട്ടുപിന്നാലെ ആറാം ഓവറിൽ എൻ. ലോഫ്റ്റി-ഈറ്റണെയും റൺഔട്ടിലൂടെ അവർക്ക് നഷ്ടമായി. ഏഴാം ഓവറിൽ 23 റൺസെടുത്ത ഓപ്പണർ എൽ. സ്റ്റീൻകാമ്പ് 6.5 ഓവറിൽ മടങ്ങിയതോടെ നമീബിയ കടുത്ത പ്രതിരോധത്തിലായി.
എട്ടാം ഓവറിൽ നായകൻ ജി. ഇറാസ്മസ് കൂടി പുറത്തായതോടെ നമീബിയയുടെ പതനം വേഗത്തിലായി. മധ്യനിരയിൽ പൊരുതാൻ ശ്രമിച്ച എ. ബസിംഗ്-വോൾഷെങ്ക് 12.3 ഓവറിലും, തൊട്ടടുത്ത ഓവറിൽ ജെ.ജെ സ്മിത്തും പുറത്തായതോടെ നമീബിയൻ നിര പൂർണ്ണമായും തകർന്നു. തുടർന്ന് വന്ന സി. ഗ്രീൻ (7), ആർ. ട്രംപൽമാൻ (0), ബി. ഷോൾട്സ് (1), ഡബ്ല്യു.പി. മൈബർഗ് (8) എന്നിവർക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഒടുവിൽ 17.3 ഓവറിൽ വെറും 97 റൺസിന് നമീബിയയുടെ പത്ത് വിക്കറ്റുകളും വീണതോടെ പാകിസ്ഥാൻ ആധികാരിക വിജയം ഉറപ്പാക്കി.
നാല് വിക്കറ്റ് വീഴ്ത്തിയ ഉസ്മാൻ താരിഖും മൂന്ന് വിക്കറ്റ് നേടിയ ഷദാബ് ഖാനുമാണ് നമീബിയയെ തകർത്തത്. ഉസ്മാൻ താരിഖ് 3.3 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 16 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഷദാബ് ഖാൻ 4 ഓവറിൽ 19 റൺസ് നൽകി 3 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, സൽമാൻ മിർസ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൊളംബോയിലെ എസ്.എസ്.സി ഗ്രൗണ്ടിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത് ഓപ്പണർ സാഹിബ്സാദ ഫർഹാനാണ്. ആറാം ഓവറിലെ ആദ്യ പന്തിൽ സയിം അയൂബ് (14 റൺസ്) പുറത്തായി. ജാക്ക് ബ്രാസലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ പിടിച്ചാണ് അയൂബ് മടങ്ങിയത്. എന്നാൽ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച സാഹിബ്സാദ ഫർഹാൻ പാകിസ്ഥാൻ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു.
ഇന്ത്യക്കെതിരെ ദയനീയമായി തോറ്റതിന് പിന്നാലെ ടീമിൽ നിർണായക മാറ്റങ്ങളുമായാണ് പാകിസ്ഥാൻ ഇന്ന് കളത്തിലിറങ്ങിയത്.നമീബിയൻ ബൗളർമാരെ സ്റ്റേഡിയത്തിന്റെ നാനാഭാഗത്തേക്കും പറത്തിയ ഫർഹാൻ വെറും 57 പന്തിൽ തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറി പൂർത്തിയാക്കി. ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം പാക് താരമെന്ന റെക്കോർഡും ഫർഹാൻ സ്വന്തം പേരിൽ കുറിച്ചു.
രണ്ടാം വിക്കറ്റിൽ ഫർഹാനൊപ്പം ക്രീസിലെത്തിയ നായകൻ സൽമാൻ ആലി ആഗ 23 പന്തിൽ 38 റൺസ് നേടി മികച്ച പിന്തുണ നൽകി. ഓപ്പണർ ഫർഹാനൊപ്പം ചേർന്ന് സ്കോർ 100 കടത്തിയ നായകൻ സൽമാൻ ആലി ആഗ 13-ാം ഓവറിലാണ് പുറത്തായത്. 23 പന്തിൽ 38 റൺസ് നേടിയ താരത്തെ ജാക്ക് ബ്രാസലിന്റെ പന്തിൽ ഗെർഹാർഡ് ഇറാസ്മസ് ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ഖവാജ നഫായ്ക്ക് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. 14-ാം ഓവറിലെ രണ്ടാം പന്തിൽ 5 റൺസെടുത്ത നഫായെ ഗെർഹാർഡ് ഇറാസ്മസ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
എന്നാൽ ഈ മൂന്ന് വിക്കറ്റുകൾക്ക് ശേഷം ഒത്തുചേർന്ന സാഹിബ്സാദ ഫർഹാനും (100*) ഷദാബ് ഖാനും (36*) നമീബിയക്ക് പിന്നീട് അവസരങ്ങളൊന്നും നൽകാതെ പാകിസ്ഥാനെ 199 എന്ന ശക്തമായ നിലയിൽ എത്തിച്ചു. നമീബിയക്ക് വേണ്ടി ജാക്ക് ബ്രാസൽ 4 ഓവറിൽ 48 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. നായകൻ ഗെർഹാർഡ് ഇറാസ്മസ് 3 ഓവറിൽ 25 റൺസിന് ഒരു വിക്കറ്റും സ്വന്തമാക്കി.


