- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ മികച്ച റെക്കോർഡ്, അഭിഷേകിനെ പുറത്താക്കാൻ മൂന്നു പന്തുകൾ ധാരാളം'; എന്റെ പന്തുകൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല; വെല്ലുവിളിയുമായി പാക്ക് പേസർ ഇഹ്സാനുല്ല
ദുബൈ: ഏഷ്യാ കപ്പിലെ വിവാദങ്ങൾ കെട്ടടങ്ങുന്നതിനുമുമ്പ്, ഇന്ത്യൻ ട്വന്‍റി20 ഓപ്പണർ അഭിഷേക് ശർമ്മയെ പുറത്താക്കാൻ മൂന്നു പന്തുകൾ തന്നെ ധാരാളമെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ പേസർ ഇഹ്സാനുല്ല. ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് 25കാരനായ അഭിഷേക് ശർമ്മ. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു അർധ സെഞ്ച്വറികളടക്കം 314 റൺസാണ് നേടിയത്. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് തുടങ്ങിയ പാക്ക് ബൗളർമാർ പോലും അഭിഷേകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരാണ്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് ഇഹ്സാനുല്ല അഭിഷേകിനെതിരെ വെല്ലുവിളി മുഴക്കുന്നത്. 'ഇന്ത്യക്കെതിരെ കളിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മൂന്നു മുതൽ ആറു പന്തുകൾക്കുള്ളിൽ അഭിഷേക് ശർമ്മയെ പുറത്താക്കും. എന്റെ 140 കി.മീ. വേഗതയുള്ള പന്തുകൾ താരത്തിന് 160 കി.മീ. വേഗത തോന്നിപ്പിക്കും. ഞാൻ എറിയുന്ന പന്തുകൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. ഇടംകൈയ്യൻ ബാറ്റർമാർക്ക് നേരെ എനിക്ക് ഇൻസ്വിങ് എറിയാനാകും, അത്തരം പന്തുകൾ നേരിടാൻ താരത്തിന് പ്രയാസമാകും. ഇടങ്കൈയൻ ബാറ്റർമാരുടെ വലത് ഷോൾഡറുകൾ ലക്ഷ്യമിട്ടുള്ള എന്റെ ബൗൺസറുകൾ ഏറെ ഫലപ്രദമാണ്,' ഇഹ്സാനുല്ല വിഡിയോയിൽ പറയുന്നു.
പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ 152.65 കി.മീ. വേഗതയിൽ പന്തെറിഞ്ഞാണ് ഇഹ്സാനുല്ല ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. മുൾത്താൻ സുൽത്താനുവേണ്ടി ഒരു മത്സരത്തിൽ 12 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ താരം ടൂർണമെന്റിന്റെ താരമായും ബൗളറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ടീമിനായി ട്വന്‍റി20യിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചെങ്കിലും കഴിഞ്ഞ നാല് ട്വന്‍റി20 മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകളാണ് താരം നേടിയത്.