- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചില ടീമുകൾക്കെതിരെ ആ ആഘോഷം ഞാൻ തുടരും'; സഞ്ജുവിന് നല്കിയ ആ 'സെന്ഡ് ഓഫ്' ലോകകപ്പിലും ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ സ്പിന്നർ

ലാഹോർ: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ താൻ പുറത്താക്കുന്ന ബാറ്റർമാർക്ക് നേരെ തന്റെ ട്രേഡ്മാർക്ക് 'സെൻഡ് ഓഫ്' ആഘോഷം ആവർത്തിക്കുമെന്ന് പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ്. ഇന്ത്യയുൾപ്പെടെയുള്ള ടീമുകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അബ്രാർ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസൺ, ശുഭ്‌മൻ ഗിൽ എന്നിവരെ പുറത്താക്കിയപ്പോഴും അബ്രാർ ഇതേ ആംഗ്യം കാണിച്ചത് വലിയ ചർച്ചയായിരുന്നു.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അബ്രാർ തന്റെ നിലപാട് അറിയിച്ചത്. വിക്കറ്റ് നേടിയ ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി തലയാട്ടി, തിരികെ പോകാൻ ആംഗ്യം കാണിക്കുന്നതാണ് അബ്രാറിന്റെ ഈ പ്രത്യേക രീതിയിലുള്ള ആഘോഷം. "എനിക്ക് എപ്പോൾ തോന്നുന്നുവോ അപ്പോൾ ഞാൻ അത് ചെയ്യും. ലോകകപ്പിൽ ചില ടീമുകൾക്കെതിരെ തീർച്ചയായും ആ ആഘോഷം ഞാൻ തുടരും," അബ്രാർ പറഞ്ഞു.
Abrar Ahmed Silent Message to Team India.#PakvsAus #AbrarAhmed #India pic.twitter.com/0HolE1uF9H
— Anas Saeed (@anussaeed1) January 29, 2026
കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിൽ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയ ശേഷം അബ്രാർ നൽകിയ 'സെൻഡ് ഓഫ്' ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ താരങ്ങളായ അർഷ്ദീപ് സിംഗും ജിതേഷ് ശർമയും ഹർഷിത് റാണയും ചേർന്ന് അബ്രാറിനെ പരിഹസിച്ച് വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ശുഭ്‌മൻ ഗില്ലിനെ പുറത്താക്കിയപ്പോഴും അബ്രാർ സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു.
Abrar Ahmed's Action 🤡
— CricSachin (@Sachin_Gandhi7) September 29, 2025
Sanju Samson and his friends Reaction🤣pic.twitter.com/VGpKnK4m9G
ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എ-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ ഹൈവോൾട്ടേജ് പോരാട്ടം ഫെബ്രുവരി 15-ന് ശ്രീലങ്കയിലെ കൊളംബോയിലാണ് നടക്കുക. അതേസമയം, പാകിസ്ഥാൻ ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്ന് പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി സൂചന നൽകിയിട്ടുണ്ട്.


