കൊളംബോ: ടി20 ലോകകപ്പിലെ ജീവൻമരണപ്പോരാട്ടത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്ഥാൻ 9.5 ഓവറിൽ 84/1 എന്ന നിലയിലാണ്. സാഹിബ്സാദ ഫർഹാൻ (46), സൽമാൻ ആലി ആഗ (21) എന്നിവരാണ് ക്രീസിൽ. പാകിസ്ഥാന് വേണ്ടി സാഹിബ്സാദ ഫർഹാനും സയിം അയൂബും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്.

എന്നാൽ ആറാം ഓവറിലെ ആദ്യ പന്തിൽ സയിം അയൂബ് (14 റൺസ്) പുറത്തായി. ജാക്ക് ബ്രാസലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ പിടിച്ചാണ് അയൂബ് മടങ്ങിയത്. ഫർഹാന്റെ പോരാട്ടം: തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച സാഹിബ്സാദ ഫർഹാൻ പാകിസ്ഥാൻ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു. ഇന്ത്യക്കെതിരെ ദയനീയമായി തോറ്റതിന് പിന്നാലെ ടീമിൽ നിർണായക മാറ്റങ്ങളുമായാണ് പാകിസ്ഥാൻ ഇന്ന് കളത്തിലിറങ്ങിയത്.

പേസർ ഷഹീൻ അഫ്രീദിയെയും സ്പിന്നർ അബ്രാർ അഹമ്മദിനെയും പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി. അതേസമയം, മോശം ഫോമിലായിരുന്നിട്ടും ബാബർ അസം സ്ഥാനം നിലനിർത്തി. ഷഹീനും അബ്രാറിനും പകരം സൽമാൻ മിർസയും യുവതാരം ഖവാജ നാഫേയും ടീമിൽ ഇടംനേടി. ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താനുറച്ചാണ് പാകിസ്ഥാൻ ഇന്ന് കൊളംബോയിൽ ഇറങ്ങുന്നത്.

വമ്പൻ സ്കോർ പടുത്തുയർത്തി നമീബിയയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പാക് നായകൻ സൽമാൻ അലി ആഗ വ്യക്തമാക്കി. നിലവിൽ ബാറ്റിംഗിൽ ചില പോരായ്മകളുണ്ടെങ്കിലും യുഎസ്എയ്ക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനം ഇന്ന് ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ഈ മത്സരത്തിൽ വിജയിച്ചാലോ അല്ലെങ്കിൽ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാലോ പാകിസ്ഥാന് സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടാം. മറിച്ചാണെങ്കിൽ, ജയിച്ചാൽ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറി കുറിക്കാൻ നമീബിയയ്ക്ക് കഴിയും.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഖവാജ നാഫേ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.

നമീബിയ പ്ലേയിംഗ് ഇലവന്‍: ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), അലക്സാണ്ടർ വോൾഷെങ്കി, ജെജെ സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംപിൾമാൻ, വില്ലെം മൈബർഗ്, ബെർണാഡ് ഷോൾട്സ്, ജാക്ക് ബ്രാസൽ.