കൊളംബോ: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സാഹിബ്സാദ ഫർഹാന്റെ സെഞ്ചുറിയുടെ കരുത്തിൽ പാകിസ്ഥാന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ 199 റൺസാണ് അടിച്ചുകൂട്ടിയത്. സൂപ്പർ 8 സാധ്യതകൾ നിലനിർത്താൻ നമീബിയയെ വലിയ റൺ വ്യത്യാസത്തിൽ തോൽപ്പിക്കേണ്ടത് പാകിസ്ഥാന് അത്യാവശ്യമാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത് ഓപ്പണർ സാഹിബ്സാദ ഫർഹാനാണ്. ആറാം ഓവറിലെ ആദ്യ പന്തിൽ സയിം അയൂബ് (14 റൺസ്) പുറത്തായി. ജാക്ക് ബ്രാസലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ പിടിച്ചാണ് അയൂബ് മടങ്ങിയത്. എന്നാൽ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച സാഹിബ്സാദ ഫർഹാൻ പാകിസ്ഥാൻ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു.

ഇന്ത്യക്കെതിരെ ദയനീയമായി തോറ്റതിന് പിന്നാലെ ടീമിൽ നിർണായക മാറ്റങ്ങളുമായാണ് പാകിസ്ഥാൻ ഇന്ന് കളത്തിലിറങ്ങിയത്.നമീബിയൻ ബൗളർമാരെ സ്റ്റേഡിയത്തിന്റെ നാനാഭാഗത്തേക്കും പറത്തിയ ഫർഹാൻ വെറും 57 പന്തിൽ തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറി പൂർത്തിയാക്കി. ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം പാക് താരമെന്ന റെക്കോർഡും ഫർഹാൻ സ്വന്തം പേരിൽ കുറിച്ചു.

രണ്ടാം വിക്കറ്റിൽ ഫർഹാനൊപ്പം ക്രീസിലെത്തിയ നായകൻ സൽമാൻ ആലി ആഗ 23 പന്തിൽ 38 റൺസ് നേടി മികച്ച പിന്തുണ നൽകി. ഓപ്പണർ ഫർഹാനൊപ്പം ചേർന്ന് സ്കോർ 100 കടത്തിയ നായകൻ സൽമാൻ ആലി ആഗ 13-ാം ഓവറിലാണ് പുറത്തായത്. 23 പന്തിൽ 38 റൺസ് നേടിയ താരത്തെ ജാക്ക് ബ്രാസലിന്റെ പന്തിൽ ഗെർഹാർഡ് ഇറാസ്മസ് ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ഖവാജ നഫായ്ക്ക് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. 14-ാം ഓവറിലെ രണ്ടാം പന്തിൽ 5 റൺസെടുത്ത നഫായെ ഗെർഹാർഡ് ഇറാസ്മസ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

എന്നാൽ ഈ മൂന്ന് വിക്കറ്റുകൾക്ക് ശേഷം ഒത്തുചേർന്ന സാഹിബ്സാദ ഫർഹാനും (100*) ഷദാബ് ഖാനും (36*) നമീബിയക്ക് പിന്നീട് അവസരങ്ങളൊന്നും നൽകാതെ പാകിസ്ഥാനെ 199 എന്ന ശക്തമായ നിലയിൽ എത്തിച്ചു. നമീബിയക്ക് വേണ്ടി ജാക്ക് ബ്രാസൽ 4 ഓവറിൽ 48 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. നായകൻ ഗെർഹാർഡ് ഇറാസ്മസ് 3 ഓവറിൽ 25 റൺസിന് ഒരു വിക്കറ്റും സ്വന്തമാക്കി.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഖവാജ നാഫേ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.

നമീബിയ പ്ലേയിംഗ് ഇലവന്‍: ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), അലക്സാണ്ടർ വോൾഷെങ്കി, ജെജെ സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംപിൾമാൻ, വില്ലെം മൈബർഗ്, ബെർണാഡ് ഷോൾട്സ്, ജാക്ക് ബ്രാസൽ.