ദുബായ്: ഏഷ്യാ കപ്പിൽ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരത്തില്‍ പരസ്പരം ട്രോളി ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയും പാക് താരം അബ്രാര്‍ അഹമ്മദും. ശ്രീലങ്കൻ സ്പിന്നർ ഹസരങ്കയും പാക്ക് ലെഗ് സ്പിന്നർ അബ്രാർ അഹമ്മദുമായി മൈതാനത്ത് നടന്ന സെലിബ്രേഷൻ വാർ ആണ് ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ ചർച്ച.

ശ്രീലങ്കൻ ഇന്നിംഗ്‌സിനിടെ ഹസരംഗയെ പുറത്താക്കിയപ്പോൾ, താരം വിക്കറ്റ് ആഘോഷിക്കുന്ന രീതി അബ്രാർ അനുകരിച്ചിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാൻ ഇന്നിംഗ്‌സിൽ സയിം അയൂബിന്റെയും ക്യാപ്റ്റൻ സൽമാൻ ആഗയുടെയും വിക്കറ്റ് നേടിയ ശേഷം ഹസരംഗയും അബ്രാർ അഹമ്മദിന്റെ ആഘോഷ രീതി അനുകരിക്കുകയായിരുന്നു.

എന്നാൽ, കളിക്ക് ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിക്കുകയായിരുന്നു. മത്സരശേഷം നടന്ന ഹസ്തദാനത്തിനിടെ ഇരുവരും സംസാരിക്കുകയും മൈതാനത്ത് നടന്ന കാര്യങ്ങളില്‍ പരിഭവങ്ങളില്ലെന്ന് പരസ്പരം വ്യക്തമാക്കുകയും ചെയ്തു. ഈ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റതോടെ ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനൽ കാണാതെ പുറത്തായി. സൂപ്പർ 4 ഘട്ടത്തിൽ തുടർച്ചയായി രണ്ട് തോൽവികളാണ് ലങ്കൻ ടീം ഏറ്റുവാങ്ങിയത്.