- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പര വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി; ആ കാര്യം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഐസിസി; ലാഹോറിൽ 5 മണിക്കൂർ നീണ്ട ചർച്ച; അനിശ്ചിതാവസ്ഥ തുടരുന്നു

ലാഹോർ: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണി പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുന്നോട്ടുവെച്ച ഉപാധികൾ തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശ് ടീമിനെ ടൂർണമെന്റിൽനിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ഐ.സി.സി തങ്ങളുടെ ആവശ്യങ്ങൾ നിരസിച്ചതോടെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്.
ഇന്ത്യയുമായി ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കാൻ ഐ.സി.സി ഇടപെടണമെന്നതായിരുന്നു പി.സി.ബി മുന്നോട്ടുവെച്ച പ്രധാന ആവശ്യം. എന്നാൽ, ഇത് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഐ.സി.സി വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളെ ഉൾപ്പെടുത്തി ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കണമെന്ന ആവശ്യവും ഐ.സി.സി നിരാകരിച്ചു. ഈ വർഷം ഒടുവിൽ ഇന്ത്യ ബംഗ്ലാദേശ് സന്ദർശിച്ച് പരമ്പര കളിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിലും ഇടപെടാനാകില്ലെന്ന് ഐ.സി.സി നിലപാടെടുത്തു.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന വനിതാ ടി20 ലോകകപ്പ് ദുബായിലേക്ക് മാറ്റിയതിനെ തുടർന്ന് അവർക്കുണ്ടായ സാമ്പത്തിക നഷ്ടപരിഹാരമോ മറ്റൊരു ഐ.സി.സി ടൂർണമെന്റോ നൽകണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിൽ ഐ.സി.സി അനുകൂലമായി പ്രതികരിച്ചു. അടുത്ത അണ്ടർ-19 ലോകകപ്പ് ബംഗ്ലാദേശിന് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഐ.സി.സി സൂചിപ്പിച്ചു. കൂടാതെ, ബംഗ്ലാദേശിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കുറവ് വരുത്തരുതെന്ന ആവശ്യത്തോടും ഐ.സി.സി പോസിറ്റീവായാണ് പ്രതികരിച്ചത്.
ലാഹോറിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ, അന്തിമ തീരുമാനം അറിയിക്കുന്നതിനായി പി.സി.ബിക്ക് ഐ.സി.സി 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി അന്തിമ തീരുമാനം പ്രഖ്യാപിക്കും. പാക്കിസ്ഥാൻ മത്സരത്തിൽനിന്ന് വിട്ടുനിന്നാൽ ഐ.സി.സി വലിയ പിഴ ചുമത്താനും ഫണ്ടുകൾ തടഞ്ഞുവെക്കാനും സാധ്യതയുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ച പ്രകാരം മത്സരം നടക്കാനുള്ള സാധ്യതയാണ് കൂടുതൽ.


