ശ്രീനഗർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ജമ്മു കശ്മീരിന്റെ ഏറ്റവും മികച്ച ഓൾറൗണ്ടർ ഒരാളുമായ പർവേസ് റസൂൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യൻ ദേശീയ ടീമിലെത്തിയ ആദ്യത്തെ ക്രിക്കറ്റ് താരം കൂടിയാണ് 36-കാരനായ റസൂൽ. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ബി.സി.സി.ഐയെ ഔദ്യോഗികമായി അറിയിച്ചതോടെ 17 വർഷം നീണ്ട കായിക ജീവിതത്തിനാണ് തിരശ്ശീല വീണത്.

2014 ജൂൺ 15-ന് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് റസൂൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. തുടർന്ന് 2017 ജനുവരി 26-ന് ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി20 മത്സരത്തിലും അദ്ദേഹം കളിച്ചു. ദേശീയ ടീമിനായി രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചതെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇന്ത്യൻ ടീമിന് പുറമെ, ഐ.പി.എല്ലിൽ കളിച്ച ആദ്യ കശ്മീരി താരമെന്ന ഖ്യാതിയും റസൂലിനുണ്ട്.

17 വർഷത്തെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കരിയറിൽ 352 വിക്കറ്റുകളും 5648 റൺസും താരം നേടിയിട്ടുണ്ട്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല എന്നത് ശ്രദ്ദേയമാണ്. 2013-2014, 2017-2018 രഞ്ജി ട്രോഫി സീസണുകളിൽ മികച്ച ഓൾറൗണ്ടർക്കുള്ള ലാലാ അമർനാഥ് ട്രോഫി നേടിയിരുന്നു.

2012-13 രഞ്ജി സീസണിൽ 594 റൺസും 33 വിക്കറ്റുമായി തിളങ്ങിയതോടെയാണ് റസൂൽ ദേശീയ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്. തുടർന്ന് അദ്ദേഹത്തെ ഏകദിന ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചു. പിന്നീട് സൗരവ് ഗാംഗുലി നായകനായിരുന്ന പൂനെ വാരിയേഴ്സ് ടീമിലൂടെ ഐ.പി.എല്ലിലും താരം സാന്നിധ്യമറിയിച്ചു.

കഴിഞ്ഞ കുറച്ചുകാലമായി ജമ്മു കശ്മീർ ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് താരത്തിന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് റസൂൽ ശ്രീലങ്കൻ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ കളിതുടർന്നത്. ജൂനിയർ താരങ്ങളുടെ പരിശീലകനായും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ലെവൽ-2 കോച്ചിംഗ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു. 2017-2018 സീസണിൽ ജമ്മു കശ്മീർ ടീം മെന്ററും മുൻ താരവുമായ മിഥുൻ മൻഹാസുമായുണ്ടായ ഭിന്നതകളാണ് കശ്മീർ ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമായത്.