- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലി കെട്ടി അടുത്ത കൊല്ലം കപ്പുയർത്തിയ പോണ്ടിങ്; സാക്ഷിയെ കൂടെ കൂട്ടിയപ്പോൾ ധോണിക്കും കിട്ടി ക്രിക്കറ്റ് സൗഭാഗ്യം; സൂപ്പർ ഓവർ ടൈയായിട്ടും മോർഗനും ഹണിമൂൺ കാലത്ത് വേൾഡ് കപ്പ്; കുട്ടി പിറന്ന ശേഷം കാമുകിയെ ഭാര്യയാക്കിയ കമ്മിൻസിനും കോളടിച്ചു! ഇത് ലോകകപ്പ് വിജയത്തിലെ കല്യാണ മിത്ത്
അഹമ്മദാബാദ്: 2022 ഓഗസ്റ്റിലായിരുന്നു ഓട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റനും കൊൽക്കത്ത നൈറ്റ് റൈഡോഴ്സ് പേസറുമായ പാറ്റ് കമ്മിൻസിന്റെ വിവാഹം. കൂട്ടുകാരി ബെക്കി ബോസ്റ്റൺ ആയിരുന്നു വധു. ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വച്ചായിരുന്നു വിവാഹം. ദീർഘനാളായി പ്രണയത്തിലായ ഇരുവർക്കും ഒമ്പത് മാസമായ ആൽബി ബോസ്റ്റൺ കമ്മിൻസ് എന്ന് പേരുള്ള കുഞ്ഞുണ്ടായിരുന്നു വിവാഹ സമയത്ത്. ഭാര്യയുടെ ഗർഭകാല വീഡിയോ കമിൻസ് തന്റെ വീഡിയോ ബ്ലോഗിൽ നേരത്ത പങ്കുവെച്ചിരുന്നു. കുട്ടിയുടെ ജനനശേഷം മാതാപിതാക്കൾ ഒരുമിച്ചു. ഈ കുടുംബ നിയോഗത്തിന് ശേഷം ഓസ്ട്രേലിയൻ ടീമിനെ ഒരു കുടുംബത്തെ പോലെ ചേർത്തു നിർത്തിയ കമ്മിൻസ്. അതാണ് 2023ൽ ഓസ്ട്രേലിയയുടെ ഇന്ത്യയിലെ വിശ്വവിജയമായി മാറിയതും.
വിവാഹ ശേഷമാണ് ഓസ്ട്രേലിയൻസ് ഏകദിന ടീമിനെ നയിക്കാനുള്ള നിയോഗം കമ്മിൻസിനെ തേടിയെത്തുന്നത്. രോഹിത് ശർമയ്ക്കു സംഘത്തിനും ഇത്തവണ നിരാശപ്പെടേണ്ടി വരുമെന്നും പാറ്റ് കമ്മിൻസിന്റെ ഓസീസ് കിരീടം നേടിയേക്കുമെന്നുമാണ് രസകരമായ ഒരു സ്റ്റാറ്റസ് ഫൈനലിന് മുമ്പ് തന്നെ എത്തിയിരുന്നു. ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട രസകരമായ വസ്തുതയായിരുന്നു ഇത്. ഇതു പ്രകാരം വിവാഹിതനായ ഒരു ക്യാപ്റ്റൻ തൊട്ടടുത്ത വർഷം ലോകകപ്പ് സ്വന്തമാക്കിയതായി ക്രിക്കറ്റ് ചരിത്രം പറയുന്നു.
ആദ്യമായി കല്ല്യാണം കഴിച്ച ശേഷം അടുത്ത വർഷം ലോകകപ്പ് നേടിയ ക്യാപ്റ്റൻ ഓസ്ട്രേലിയയുടെ മുൻ ഇതിഹാസ ബാറ്റർ കൂടിയായ റിക്കി പോണ്ടിങാണ്. 2002ലായിരുന്നു അദ്ദേഹം റിയാന ജെന്നിഫർ കാന്ററിനെ വിവാഹം കഴിച്ചത്. തൊട്ടടുത്ത വർഷം (2003) പോണ്ടിങിന്റെ ക്യാപ്റ്റൻസിയിൽ ഓസ്ട്രേലിയ ലോക കിരീടം സ്വന്തമാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നടന്ന ടൂർണമെന്റിൽ സൗരവ് ഗാംഗുലിയുടെ കീഴിലിറങ്ങിയ ഇന്ത്യയെ 125 റണ്ണിനു തകർത്തായിരുന്നു പോണ്ടിങും സംഘവും വിശ്വവിജയികളായത്.
അതിനു ശേഷം വിവാഹം ഭാഗ്യം എത്തിച്ചത് ഇന്ത്യയുടെ മുൻ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിക്കാണ്. 2010ലായിരുന്നു കൂട്ടുകാരിയായ സാക്ഷിയെ ധോണി തന്റെ ജീവിത സഖിയാക്കിയത്. തൊട്ടുത്ത വർഷം 2011ൽ ലോക കിരീടവും കിട്ടി. ശ്രീലങ്കയെ തകർത്തായിരുന്നു 1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം. ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചായതും ധോണിയായിരുന്നു. ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ ഒയ്ൻ മോർഗനും വിവാഹത്തിനു ശേഷം ലോകകപ്പുയർത്തി. 2018ലായിരുന്നു ടറ റിഡ്വേയെ മിന്നു ചാർത്തിയത്. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിൽ മോർഗനു കീഴിൽ ഇംഗ്ലണ്ട് ലോക ചാംപ്യന്മാരുമായി.
2019ൽ സൂപ്പർ ഓവറിലേക്കു നീണ്ട ഫൈനലിൽ ന്യൂസിലാൻഡിനെയായിരുന്നു ഇംഗ്ലണ്ട് തോൽപ്പിച്ചത്. നിശ്ചിത 50 ഓവറിലും തുടർന്നുള്ള സൂപ്പർ ഓവറിലും കളി ടൈയിൽ കലാശിക്കുകയായിരുന്നു. ഇതേ തുടർന്നു മൽസരത്തിൽ കൂടുതൽ ബൗണ്ടറികളടിച്ച ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ദീർഘകാലം തന്റെ കാമുകിയായിരുന്ന ബെക്കി ബോസ്റ്റണിനെ കമ്മിൻസ് വിവാഹം കഴിച്ചത്. 2020ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും വിവാഹം കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു. അങ്ങനെ വീണ്ടും കല്യാണ മാഹാത്മ്യം ലോക കിരീട നേട്ടത്തിൽ മിത്തായി മാറുന്നു.
ഓൺലൈൻ സ്റ്റോർ നടത്തുന്ന ഇംഗ്ലീഷുകാരിയായ ബെക്കി ബോസ്റ്ററാണ് കമ്മിൻസിന്റെ ഭാര്യ. ഏറെക്കാലയമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത പരിചയത്തിന് ശേഷമാണ് കമ്മിൻസ്, ബെക്കിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പ്രൊപ്പോസ് ചെയ്തപ്പോൾ സമ്മാനിച്ച മോതിരം അണിഞ്ഞുള്ള ബെക്കിയുടെ ചിത്രം കമ്മിൻസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രണയം പുറത്ത് അറിഞ്ഞത്. ഓസ്ട്രേലിയയിലെ ഒരു പിക്നിക് സ്പോട്ടിൽവച്ചായിരുന്നു കമ്മിൻസിന്റെ പ്രൊപ്പോസൽ. ആ ദിവസത്തെ മനോഹരം എന്നാണ് ബെക്കി വിശേഷിപ്പിച്ചത്. കമ്മിൻസിനൊപ്പം അവിടെയെത്തിയപ്പോൾ പ്രൊപ്പോസലിന്റെ ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും ബെക്കി പറയുന്നു.
'എന്നേയും കൂട്ടി കമ്മിൻസ് ഒരു പിക്നിക് സ്പോട്ടിൽ പോയി. ഇങ്ങനെ ഒരു പ്രൊപ്പോസലിന്റെ ഒരു സൂചനയും എനിക്ക് ലഭിച്ചിരുന്നില്ല. കമ്മിൻസ് ഒരു ഷാംപെയ്ൻ ബോട്ടിൽ പുറത്തെടുത്തപ്പോൾ എനിക്കെന്തോ സംശയം തോന്നി. പെട്ടെന്നുതന്നെ മുട്ടുകുത്തിയിരുന്ന് കമ്മിൻസ് എന്റെ നേരെ മോതിരം നീട്ടി എന്നെ വിവാഹം ചെയ്യാമോ? എന്ന് ചോദിച്ചു. അതു വളരെ റൊമാന്റിക് ആയിരുന്നു. ആദ്യം ഞെട്ടിയ ഞാൻ ഒന്നും ആലോചിക്കാതെ, പരിസരം മറന്ന് കമ്മിൻസിനെ കെട്ടിപ്പിടിച്ചു.' ആ ദിവസം ബെക്കി ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. എന്തായാലും ആ തീരുമാനം ക്രിക്കറ്റിന് മറ്റൊരു വിശ്വ വിജയിയെ സമ്മാനിക്കുന്നുവെന്നതാണ് മിത്തുകൾ പറഞ്ഞു വയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ