- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്താത്തതിനെ ചൊല്ലി തർക്കം; പരിശീലകന്റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങൾ; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പോണ്ടിച്ചേരി: മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻ്റിനായുള്ള ടീമിൽ ഉൾപ്പെടുത്താത്തതിൻ്റെ പേരിൽ, പോണ്ടിച്ചേരി അണ്ടർ 19 ടീം പരിശീലകൻ എസ് വെങ്കട്ടരമണനെ ആക്രമിച്ച് യുവതാരങ്ങൾ. തിങ്കളാഴ്ച ഗ്രൗണ്ടിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിശീലകൻ്റെ നെറ്റിയിൽ 20 തുന്നലുകളുണ്ട്. തോളെല്ലിനും വാരിയെല്ലിനും പൊട്ടലുമേറ്റിട്ടുണ്ട്. സംഭവത്തിൽ കാർത്തികേയൻ, അരവിന്ദ് രാജ്, സന്തോഷ് കുമാർ എന്നീ മൂന്ന് പ്രാദേശിക താരങ്ങൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
അണ്ടർ 19 താരങ്ങളുടെ പരിശീലനത്തിന് വെങ്കട്ടരമണ മേൽനോട്ടം വഹിക്കുന്നതിനിടെയാണ് യുവതാരങ്ങൾ ഗ്രൗണ്ടിലെത്തിയത്. മുഷ്താഖ് അലി ട്രോഫി ടീമിൽ തങ്ങളെ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ഇവർ കോച്ചിനോട് ചോദ്യം ചെയ്യുകയായിരുന്നു. വാക്കേറ്റം പെട്ടെന്ന് കൈയാങ്കളിയിലേക്ക് നീങ്ങുകയും, പ്രകോപിതരായ താരങ്ങൾ കോച്ചിനെ മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം മൂന്നുപേരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
ഇതൊരു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും പരിശീലകനെ വളരെ മൃഗീയമായാണ് താരങ്ങൾ മർദിച്ചതെന്നും പോലീസ് വ്യക്തമാക്കി. വെങ്കട്ടരമണയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റതിന് പുറമെ, തോളെല്ലിനും വാരിയെല്ലുകൾക്കും പൊട്ടലുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. നിലവിൽ വെങ്കട്ടരമണ ചികിത്സയിൽ തുടരുകയാണ്. ഗ്രൗണ്ടിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.




