- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20 ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പൊള്ളാർഡ്; നായകനായി 300 സിക്സറുകൾ തികയ്ക്കുന്ന ആദ്യ താരം; മറികടന്നത് എം.എസ് ധോണിയെ
അബുദാബി: ടി20 ക്രിക്കറ്റിൽ നായകനെന്ന നിലയിൽ 300 സിക്‌സറുകൾ നേടുന്ന ആദ്യ താരമായി വെസ്റ്റ് ഇൻഡീസ് താരം കെയ്‌റോൺ പൊള്ളാർഡ്. എംഐ എമിറേറ്റ്സ് നായകനായ പൊള്ളാർഡ്, ദുബായ് ക്യാപിറ്റൽസിനെതിരായ ഐഎൽടി20 മത്സരത്തിൽ അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ നേട്ടം കൈവരിച്ചത്. 2025-26 ഐഎൽടി20 ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദുബായ് ക്യാപിറ്റൽസിനെതിരെ എംഐ എമിറേറ്റ്സിനായി പുറത്താകാതെ 31 പന്തിൽ 44 റൺസ് നേടിയതോടെയാണ് പൊള്ളാർഡ് ഈ നേട്ടത്തിലെത്തിയത്.
അഞ്ച് സിക്സറുകളും ഒരു ബൗണ്ടറിയും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. വഖാർ സലാംഖൈലിന്റെ 15-ാം ഓവറിൽ നാല് സിക്സറുകളും ഒരു ബൗണ്ടറിയും ഉൾപ്പെടെ 30 റൺസ് നേടി പൊള്ളാർഡ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ എംഐ എമിറേറ്റ്സ് ഫൈനലിലേക്ക് രണ്ട് അവസരങ്ങളോടെ പ്രവേശനം ഉറപ്പിച്ചു. 2025-26 ഐഎൽടി20 സീസണിൽ 10 കളികളിൽ നിന്ന് ഏഴ് വിജയങ്ങളുമായി മികച്ച പ്രകടനമാണ് എംഐ എമിറേറ്റ്സ് നടത്തുന്നത്.
എം.എസ്. ധോണി, ഫാഫ് ഡു പ്ലെസിസ്, രോഹിത് ശർമ്മ തുടങ്ങിയവരെ പിന്തള്ളിയാണ് പൊള്ളാർഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. രോഹിത് ശർമ്മ നിലവിൽ മുംബൈ ഇന്ത്യൻസിന്റെ നായകനല്ലാത്തതിനാൽ ഈ നേട്ടത്തിലെത്താനുള്ള സാധ്യത കുറവാണ്. ഫാഫ് ഡു പ്ലെസിസ് നിലവിൽ എസ്എ20-യിൽ ജോബർഗ് സൂപ്പർ കിംഗ്സിനെ നയിക്കുന്നുണ്ട്. 209 മത്സരങ്ങളിൽ നിന്ന് 304 സിക്സറുകൾ നേടി പൊള്ളാർഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
210 മത്സരങ്ങളിൽ നിന്ന് 286 സിക്സറുകളുമായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസ് രണ്ടാം സ്ഥാനത്തും, 331 മത്സരങ്ങളിൽ നിന്ന് 281 സിക്സറുകൾ നേടിയ എം.എസ് ധോണി മൂന്നാം സ്ഥാനത്താണ്.
രോഹിത് ശർമ്മ 273 സിക്സറുകളും വിരാട് കോലിയ്ക്ക് 227 സിക്സറുകളുമാണ് അക്കൗണ്ടിലുള്ളത്.
ടി20 ക്രിക്കറ്റിൽ ഏറ്റവുമധികം സിക്‌സറുകൾ (1056) നേടിയ ക്രിസ് ഗെയ്‌ലിന് പിന്നിൽ 980 സിക്സറുകളുമായി രണ്ടാം സ്ഥാനത്തും ഈ 38-കാരനായ പൊള്ളാർഡാണ്. വെസ്റ്റ് ഇൻഡീസ് ദേശീയ ടീം, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, ഐഎൽടി20, മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി), ബാർബഡോസ് ട്രൈഡന്റ്സ്, കേപ് കോബ്രാസ്, സെന്റ് ലൂസിയ സ്റ്റാർസ്, ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് എന്നിവയുടെ നായകനായി പൊള്ളാർഡ് പ്രവർത്തിച്ചിട്ടുണ്ട്.




