- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ'; ആർസിബിയുടെ വിജയത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയവർക്ക് പ്രകാശ് രാജിന്റെ മറുപടി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) കിരീടം നേടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വർഗീയ ചുവയുള്ള പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിജയത്തെ മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള എക്സ് (ട്വിറ്റർ) പോസ്റ്റിനെ 'അറപ്പുളവാക്കുന്ന ചിന്ത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗസിനെയും ആർ.സി.ബി നായിക സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഒരു പോസ്റ്റ് പങ്കുവെച്ചത്. "ജെമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാൽ സ്മൃതി മന്ദാനയ്ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നൽകി. വനിതാ ഐ.പി.എൽ. കിരീടം നേടിയ ആർ.സി.ബിക്ക് അഭിനന്ദനങ്ങൾ" എന്നായിരുന്നു വിവാദ പോസ്റ്റിലെ വാചകങ്ങൾ.
ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. "അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ... നമ്മൾ എവിടെയാണ് എത്തിയിരിക്കുന്നത്?" എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കായിക നേട്ടങ്ങളെപ്പോലും മതപരമായ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
വഡോദരയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നിൽക്കെ മറികടന്നാണ് ആർ.സി.ബി ചരിത്ര കിരീടം ചൂടിയത്. കടുത്ത പനി അവഗണിച്ചാണ് സ്മൃതി ഗ്രൗണ്ടിലിറങ്ങിയതെന്നും 41 പന്തിൽ 87 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്നും പിന്നീട് ടീം കോച്ച് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, തോൽവിയിലും പതറാതെ തന്റെ ടീമിനെക്കുറിച്ച് അഭിമാനമുണ്ടെന്നായിരുന്നു ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ പ്രതികരണം. വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് തുടർച്ചയായ നാലാം ഫൈനലിലാണ് ഡൽഹിക്ക് കിരീടം നഷ്ടമാകുന്നത്.


