ന്യൂഡല്‍ഹി: ഐ.പി.എല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനോടേറ്റ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്‌സ് സഹ ഉടമ പ്രീതി സിന്റ. വൈകാരിക കുറിപ്പ് പങ്കുവെച്ചാണ് പ്രീതി സിന്റയുടെ പ്രതികരണം. ഈ വര്‍ഷം മനോഹരമായ യാത്രയാണ് തന്റെ ടീം നടത്തിയതെന്ന് പ്രീതി സിന്റ കുറിപ്പല്‍ വ്യക്തമാക്കി. അടുത്ത സീസണില്‍ ഇത്തവണ നോന്‍കഴിയാത്തത് നേടുമെന്നും പ്രീതി സിന്റ പറഞ്ഞു.

എല്ലാവരേയും സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന യാത്രയാണ് ടീമിലെ സിംഹക്കുട്ടികള്‍ നടത്തിയത്. ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റനില്‍ തുടങ്ങി അണ്‍ കാപ്ഡ് കളിക്കാര്‍ വരെ അഭിനന്ദനം അര്‍ഹിക്കുന്നു. നിരവധി കളിക്കാരെ പരിക്ക് മൂലം നഷ്ടപ്പെട്ടിട്ടും മികച്ച രീതിയില്‍ കളിക്കാനും പോയിന്റ് നിലയില്‍ ഒന്നാമതെത്താനും നമുക്ക് കഴിഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഐ.പി.എല്‍ ഫൈനലില്‍ ടീം തോറ്റതിന് പിന്നാലെ ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങളുടെ അടുത്തേക്ക് എത്തി പ്രീതി സിന്റ അവരെ ആശ്വസിപ്പിക്കുന്ന വിഡിയോകള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും പഞ്ചാബ് കിങ്‌സ് ഐ.പി.എല്‍ ഫൈനല്‍ കളിച്ചിട്ടില്ല.