- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിക്ക് തിരിച്ചടി; ഓപ്പണർമാർക്ക് അർധ സെഞ്ചുറി; തകർത്തടിച്ച് ശ്രേയസും; ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് പഞ്ചാബ്; 'ജയം ഏഴ് പന്ത് ബാക്കി നിൽക്കേ

മുല്ലാൻപൂർ: ഐപിഎല്ലിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഭദ്രമാക്കി വിജയക്കുതിപ്പ് തുടരുന്ന പഞ്ചാബ് കിങ്‌സ്. ആവേശം അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിനാണ് പഞ്ചാബ് തകർത്തത്. ഹൈദരാബാദ് ഉയർത്തിയ 220 റൺസെന്ന കൂറ്റൻ ലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
ഹൈദരാബാദ് ഓപ്പണർമാർ നൽകിയ വെടിക്കെട്ട് തുടക്കത്തിന് അതേ നാണയത്തിലാണ് പഞ്ചാബ് മറുപടി നൽകിയത്. ഓപ്പണർമാരായ പ്രിയാംശ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും ചേർന്ന് പവർപ്ലേയിൽ മാത്രം അടിച്ചുകൂട്ടിയത് 93 റൺസ്. പ്രിയാംശ് 20 പന്തിൽ 57 റൺസെടുത്തപ്പോൾ പ്രഭ്‌സിമ്രാൻ 25 പന്തിൽ 51 റൺസ് നേടി. ഒന്നാം വിക്കറ്റിൽ 99 റൺസ് ചേർത്താണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീടെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്നിങ്‌സ് ഏറ്റെടുത്തു. 33 പന്തിൽ 5 സിക്സും 5 ഫോറുമടക്കം 69 റൺസുമായി ശ്രേയസ് പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. ശശാങ്ക് സിങ് (16*) ഫോറടിച്ചാണ് പഞ്ചാബിന്റെ ജയം കുറിച്ചത്. ഹൈദരാബാദിനായി ശിവംഗ് കുമാർ റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സിനായി അഭിഷേക് ശർമയും (28 പന്തിൽ 74) ട്രാവിസ് ഹെഡും (23 പന്തിൽ 38) ചേർന്ന് കൊടുങ്കാറ്റ് തീർത്തു. വെറും 49 പന്തിൽ 120 റൺസാണ് ഒന്നാം വിക്കറ്റിൽ പിറന്നത്. അഭിഷേക് ശർമ 18 പന്തിൽ അർധസെഞ്ച്വറി തികച്ചു. ആദ്യ വിക്കറ്റിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് പഞ്ചാബ് ബൗളർമാരെ നിലംപരിശാക്കി. 8.1 ഓവറിൽ 120 റൺസാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. അഭിഷേക് ശർമ്മ വെറും 28 പന്തിൽ നിന്ന് 8 സിക്സറുകളും 5 ഫോറുകളുമടക്കം 74 റൺസ് നേടി. 264.29 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
ഒൻപതാം ഓവറിൽ ശശാങ്ക് സിങ് ഇരുവരെയും മടക്കിയതോടെയാണ് പഞ്ചാബിന് ശ്വാസം വീണത്. രു ഘട്ടത്തിൽ 250 നു മുകളിൽ പോകുമെന്ന് തോന്നിയെങ്കിലും മധ്യനിരയ്ക്ക് വേഗത്തിൽ സ്‌കോർ ചെയ്യാൻ സാധിച്ചില്ല. പിന്നീട് വന്ന ക്യാപ്റ്റൻ ഇഷാൻ കിഷൻ (27), ഹെൻറിച്ച് ക്ലാസൻ (39), അനികേത് വർമ്മ (18) എന്നിവരുടെ പ്രകടന മികവിൽ ഹൈദരാബാദ് 219 റൺസിലെത്തി. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും ശശാങ്ക് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


