- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിന്നുന്ന അർധസെഞ്ച്വറിയുമായി ഭാനുക രാജപക്സെയും വിശ്വാസം കാത്ത് സാംകറണും; ഐപിഎല്ലിൽ വീണ്ടും വെട്ടിക്കെട്ട് ബാറ്റിങ്ങ് വിരുന്ന്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് 192 റൺസ് വിജയലക്ഷ്യം
മൊഹാലി: തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ്ങ് വെടിക്കെട്ട് കണ്ട മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 192 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഭാനുക രാജപക്സെയുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു.32 പന്തിലായിരുന്നു രാജപക്സെയുടെ അർധശതകം.
തുടക്കം മുതൽക്കെ തന്നെ നയം വ്യക്തമാക്കിയാണ് പഞ്ചാബ് തുടങ്ങിയത്.ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ഒമ്പത് റൺസെടുത്ത പഞ്ചാബ് ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറിൽ 14 റൺസെടുത്തു. എന്നാൽ തകർത്തടിച്ച് തുടങ്ങിയ പ്രഭ്സിമ്രാൻ സിംഗിനെ വീഴ്ത്തി രണ്ടാം ഓവറിൽ സൗത്തി പഞ്ചാബിന് ബ്രേക്കിടാൻ ശ്രമിച്ചെങ്കിലും വൺ ഡൗണായി എത്തിയ ഭാനുക രാജപക്സെ വെടിക്കെട്ട് തുടർന്നതോടെ പവർ പ്ലേയിൽ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസിലെത്തി.
സുനിൽ നരെയ്നും ഷർദ്ദുൽ ഠാക്കൂറും നിറം മങ്ങിയപ്പോൾ പഞ്ചാബിനെ പിടിച്ചു കെട്ടാനാവാതെ കൊൽക്കത്ത വിയർത്തു. രാജപക്സെ മിന്നലടികളുമായി കളം നിറഞ്ഞപ്പോൾ ധവാൻ മികച്ച കൂട്ടായി. ഇരുവരും രണ്ടാം വിക്കറ്റിൽ 86 റൺസടിച്ചു.29 പന്തിൽ അർധസെഞ്ചുറി തികച്ച രാജപക്സെ 10 ഓവറിൽ പഞ്ചാബിനെ 100 കടത്തി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ രാജപക്സെയെ ഉമേഷ് മടക്കി. 32 പന്തിൽ 50 റൺസെടുത്ത രാജപക്സെ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി.
10 ഓവറിൽ 100 കടന്ന പഞ്ചാബ് പതിനാറാം ഓവറിലാണ് 150 കടന്നത്.അവസാന നാലോവറിൽ സിക്കന്ദർ റാസയും(16) സാം കറനും 17 പന്തിൽ 26 നോട്ടൗട്ട്, ഷാരൂഖ് ഖാനും 7 പന്തിൽ 11 നോട്ടൗട്ട് ആഞ്ഞടിച്ചതോടെ ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് കരുതിയ പഞ്ചാബ് 191ൽ എത്തി. അവസാന നാലോവറിൽ 38 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്.
രാജപക്സെ വീണതിന് പിന്നാലെ എത്തിയ ജിതേഷ് ശർമയും മോശമാക്കിയില്ല.11 പന്തിൽ രണ്ട് സിക്സും ഒരു ഫോറും പറത്തി 21 റൺസെടുത്ത ജിതേഷിനെ ഉമേഷിന്റെ കൈകളിലെത്തിച്ച സൗത്തി പഞ്ചാബിന് കടിഞ്ഞാണിട്ടു, പിന്നാലെ ക്യാപ്റ്റൻ ശിഖർ ധവാനെ(29 പന്തിൽ 40) വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കി.കൊൽക്കത്തക്കായി ടിം സൗത്തി രണ്ടും വരുൺ ചക്രവർത്തി സുനിൽ നരെയ്ൻ എന്നിവർ ഒരോ വിക്കറ്റുമെടുത്തു.
സ്പോർട്സ് ഡെസ്ക്