ചെന്നൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിലോ, കൃത്യമായ തന്ത്രങ്ങൾ മെനയുന്നതിലോ ഗില്ലിന് വ്യക്തതയില്ലെന്ന് അശ്വിൻ തുറന്നടിച്ചു. അശ്വിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിമർശനം.

ഡാരില്‍ മിച്ചലിനും ഗ്ലെൻ ഫിലിപ്‌സിനും എതിരെ കുൽദീപ് യാദവിനെ ഗിൽ ഉപയോഗിച്ച രീതിയെയാണ് അശ്വിൻ പ്രധാനമായും ചോദ്യം ചെയ്തത്. മഹേന്ദ്ര സിങ് ധോണിയെയും രോഹിത് ശർമയെയും പോലുള്ള നായകർക്ക് തങ്ങളുടെ ബൗളർമാരെ സാഹചര്യങ്ങൾക്കനുസരിച്ച് എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാൽ, ഗില്ലിന് ആ കഴിവ് പ്രകടിപ്പിക്കാനായില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട കൂട്ടുകെട്ടുകൾ പൊളിക്കാൻ ഗില്ലിന്റെ പക്കൽ 'പ്ലാൻ ബി' ഉണ്ടായിരുന്നില്ലെന്നും, കുൽദീപിനെ ഒരു 'ആയുധം' ആയി ഉപയോഗിക്കാതെ 'കാത്തുവെക്കുക' മാത്രമാണ് ഗിൽ ചെയ്തതെന്നും അശ്വിൻ കുറ്റപ്പെടുത്തി. ഒന്നോ രണ്ടോ മത്സരങ്ങളിലെ പ്രകടനം വെച്ച് ഒരു ബൗളറിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "നിങ്ങളുടെ പക്കലുള്ള ഏറ്റവും മികച്ച ബൗളർമാരെ ഉപയോഗിക്കുക, പരാജയപ്പെട്ടാലും കുഴപ്പമില്ല. കൃത്യമായ സമയത്ത് ഏറ്റവും നല്ല ബൗളർമാർക്ക് പന്ത് കൈമാറുക എന്നത് പ്രധാനമാണ്," അശ്വിൻ പറഞ്ഞു.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ 1-2നാണ് ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടത്. ഇന്ത്യയിൽ ന്യൂസിലൻഡ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. ഡാരില്‍ മിച്ചൽ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം രണ്ട് സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയും നേടിയിരുന്നു. ഗിൽ നയിച്ച രണ്ട് പരമ്പരകളും പരാജയപ്പെട്ട സാഹചര്യത്തിൽ, ബാറ്റിംഗ് സമ്മർദം കൂടി വരുമ്പോൾ ഭാവി പരമ്പരകളിൽ അദ്ദേഹത്തിന് മികവ് തെളിയിക്കാൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.