- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡഫി 'മാജിക്' ഹേസൽവുഡിന് പകരമാകുമെന്ന് അശ്വിൻ; ഐപിഎല്ലിലെ കിവി പേസറുടെ മാസ്മരിക പ്രകടനത്തെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ

ബെംഗളൂരു: ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) കിവി പേസർ ജേക്കബ് ഡഫിയെ പ്രശംസകൾ കൊണ്ട് മൂടി ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. പന്തിന് ഇരുവശത്തേക്കും സ്വിങ് നൽകാനുള്ള ഡഫിയുടെ കഴിവ് ആർസിബിക്ക് വലിയ കരുത്താകുമെന്ന് അശ്വിൻ നിരീക്ഷിച്ചു. 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഡഫിയായിരുന്നു മത്സരത്തിലെ താരം.
"ലേലത്തിൽ ഡഫിയെ ആർസിബി തിരഞ്ഞെടുത്തപ്പോൾ തന്നെ അതൊരു മികച്ച നീക്കമാണെന്ന് പറഞ്ഞ ആദ്യത്തെ ആൾ ഞാനായിരിക്കും. ജോഷ് ഹേസൽവുഡിന് പകരം വയ്ക്കാൻ ഇതിലും നല്ലൊരു താരം വേറെയില്ല. കരിയറിന്റെ ഏറ്റവും മികച്ച ഫോമിലുള്ള അദ്ദേഹം ന്യൂസീലൻഡിലെ സാഹചര്യങ്ങളിൽ പന്തെറിഞ്ഞ് നല്ല പരിചയസമ്പത്തുള്ള ബൗളറാണ്," സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവേ അശ്വിൻ പറഞ്ഞു. ഹൈദരാബാദിന്റെ കരുത്തരായ അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ വെറും 14 പന്തുകൾക്കിടയിലാണ് ഡഫി കൂടാരം കയറ്റിയത്. ട്രാവിസ് ഹെഡ് ഒരു പന്തിൽ സിക്സർ അടിച്ചെങ്കിലും തൊട്ടടുത്ത പന്തുകളിൽ തന്നെ ലെങ്ത് മാറ്റാനുള്ള ഡഫിയുടെ ബുദ്ധി സാങ്കേതികമായി ആർസിബിക്ക് മുൻതൂക്കം നൽകിയെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാത്രി വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തിൽ മുംബൈ ജയിക്കുമെന്നാണ് അശ്വിന്റെ പ്രവചനം. ടീമിലെ ബാറ്റിങ് ആഴവും രോഹിത് ശർമ – ക്വിന്റൺ ഡികോക്ക് ഓപ്പണിങ് കൂട്ടുകെട്ടും മുംബൈക്ക് ഗുണകരമാകുമെന്ന് അദ്ദേഹം കരുതുന്നു.
"രോഹിത് ശർമയും ക്വിന്റൺ ഡികോക്കും വീണ്ടും ഓപ്പണിങ്ങിൽ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്. തിലക് വർമയുടെ പ്രകടനത്തിലും വലിയ പ്രതീക്ഷയുണ്ട്. മുംബൈ ഒരു 'സ്റ്റാർ സ്റ്റഡഡ്' സൈഡാണ്. അതേസമയം, ചില പരുക്ക് പ്രശ്നങ്ങൾ കൊൽക്കത്തയെ അലട്ടുന്നുണ്ട്. കൊൽക്കത്തയുടെ സ്പിന്നർമാർക്ക് മുംബൈ ബാറ്റിങ് നിരയെ തടയാൻ കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റ് പരമായ കാര്യങ്ങൾ പരിഗണിച്ചാൽ മുംബൈ ഇന്ത്യൻസിനാണ് ഇന്ന് വിജയസാധ്യത," അശ്വിൻ വ്യക്തമാക്കി.


