ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ലോകകപ്പ് വിജയത്തിന് പിന്നാലെ ദ്രാവിഡ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് നന്ദി പറഞ്ഞിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവേയായിരുന്നു ദ്രാവിഡ് ക്യാപ്റ്റനോട് നന്ദി പറയാനുള്ള കാരണം സൂര്യകുമാര്‍ വിശദീകരിച്ചത്.

'വിജയത്തിന് ശേഷം ദ്രാവിഡ് സാര്‍ രോഹിത്തിനോട് നന്ദി പറഞ്ഞു. നവംബറിലെ ആ ഫോണ്‍ കോളിന് നന്ദി' എന്നാണ് അദ്ദേഹം ക്യാപ്റ്റനോട് പറഞ്ഞത്. കാരണം ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തിന് ശേഷം ദ്രാവിഡിന് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് തുടരാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ രോഹിത്തും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് അദ്ദേഹത്തോട് തുടരണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു', സൂര്യകുമാര്‍ പറഞ്ഞു.

ഏകദിന ലോകകപ്പിന് ശേഷമെത്തിയ രോഹിത് ശര്‍മയുടെ ഫോണ്‍കാളിന് രാഹുല്‍ ദ്രാവിഡ് നേരിട്ട് നന്ദി പറഞ്ഞിരുന്നു. രോഹിത് പറഞ്ഞതുപ്രകാരം ചെയ്തില്ലായിരുന്നെങ്കില്‍ വലിയൊരു ചരിത്രത്തിന്റെ ഭാഗമാവാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ പരിശീലകന്‍ വെളിപ്പെടുത്തി. ട്വന്റി20 ലോകകിരീട നേട്ടത്തിന് ശേഷം ബി.സി.സി.ഐ പങ്കുവെച്ച വിഡിയോയിലാണ് ദ്രാവിഡ് ഇക്കാര്യം വ്യക്തമാക്കിയത്.

"രോ, എന്നോട് തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നവംബറിലെ ഫോണ്‍കാളിന് വളരെ നന്ദി. ഓരോരുത്തര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരവും സന്തോഷം നല്‍കുന്നതുമാണ്. എനിക്കും രോഹിത്തിനും ഇടയില്‍ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടായിട്ടുണ്ട്. എപ്പോഴും പറയാറുള്ളതുപോലെ റണ്‍സോ വിക്കറ്റോ കരിയറോ അല്ല, ഈ നിമിഷമാണ് എല്ലാവരുടെയും ഓര്‍മകളില്‍ ബാക്കിയുണ്ടാവുക" -ദ്രാവിഡ് തുടര്‍ന്നു.

ദ്രാവിഡിനു ശേഷം ആരാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുകയെന്ന് ഇതുവരെ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ വി.വി.എസ്. ലക്ഷ്മണാണ് ഇന്ത്യന്‍ ടീമിന്റെ കോച്ച്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പരിശീലകന്റെ ചുമതല ഏറ്റെടുക്കുമെന്നാണു വിവരം.

17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയത്. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.