മെൽബൺ: മെൽബണും സിഡ്‌നിയുമടക്കം ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും കണ്ണുടക്കുന്ന മൈതാനങ്ങളിൽ ട്വന്റി 20 ലോകകപ്പ് ആവേശം അതിന്റെ പരകോടിയിലെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.വിക്കറ്റു മഴയും റൺമഴയും പ്രതീക്ഷ കാണികൾക്ക് കിട്ടയതാകട്ടെ തോരാമഴയും.ടോസ് പോലും ഇടാൻ സമ്മതിക്കാതെ ഇന്നത്തെ രണ്ട് സൂപ്പർ-12 കളികളും ഉപേക്ഷിച്ചപ്പോൾ ഐസിസിയെ രൂക്ഷമായി വിമർശിക്കുകയാണ് ആരാധകരിൽ ഒരുപക്ഷം.

മഴയുടെ ലോകകപ്പായതോടെ ട്വന്റി 20 ലോകകപ്പിന് പുതിയ ലോഗോ തന്നെ നൽകിയിരിക്കുന്നു ആരാധകർ. ടി20 വിശ്വ കിരീടത്തിന് നനയാതിരിക്കാൻ മഞ്ഞനിറത്തിലുള്ള വർണാഭമായ കുട നൽകിയിരിക്കുകയാണ് ഒരു ആരാധകൻ. അങ്ങനെ നിരവധി ട്രോളുകൾ ഇതിനകം ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. ഓസ്‌ട്രേലിയൻ ലോകകപ്പിലെ ബാറ്റിംഗും ബൗളിംഗും വെള്ളത്തിലാണ് എന്നാണ് ആരാധകർ പറയുന്നത്. ആരാധകരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലല്ലോ.മെൽബൺ പോലെ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നിൽ ഓസീസ്-ഇംഗ്ലണ്ട് മത്സരം കാണാൻ തിങ്ങിനിറഞ്ഞ ആരാധകർക്ക് അത്ര വലിയ നിരാശയാണ് ഇന്നത്തെ മഴ സമ്മാനിച്ചത്.

 

ഇതുമാത്രമല്ല, ഇതേ വേദിയിൽ രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാൻ-അയർലൻഡ് മത്സരവും മഴമൂലം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു.ടി20 ലോകകപ്പിലെ സൂപ്പർ-12 ഘട്ടത്തിലെ മത്സരങ്ങളെ മഴ കാര്യമായി ബാധിക്കുകയാണ്. ഇത് ടീമുകളുടെ പ്രതീക്ഷകളെല്ലാം തകിടംമറിക്കുകയാണ്. ഇന്നത്തെ സൂപ്പർ-12 പോരാട്ടം ഉപേക്ഷിച്ചത് ഇംഗ്ലണ്ട്, ഓസീസ് ടീമുകളുടെ സെമി പ്രതീക്ഷകളെ സാരമായി ബാധിച്ചു. ഗ്രൂപ്പ് 1ൽ ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അയർലൻഡ്, ഓസീസ്, ശ്രീലങ്ക ടീമുകൾക്കെല്ലാം ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമായി മാറി. നെറ്റ് റൺറേറ്റിൽ ഏറെ പിന്നിലാണെന്നതാണ് ഓസീസിന്റെ പ്രധാന ആശങ്ക.

അതേസമയം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ(എംസിജി) നടക്കുന്ന മത്സരങ്ങൾ തുടർച്ചയായി മഴ മൂലം തടസപ്പെടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഇന്ന് എംസിജിയിൽ നടക്കേണ്ട ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ സൂപ്പർ 12 പോരാട്ടവും രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ-അയർലൻഡ് പോരാട്ടവും മഴമൂലം തടസപ്പെട്ടിരുന്നു. അഫ്ഗാൻ-അയർലൻഡ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചപ്പോൾ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം മഴമൂലം ഇതുവരെ ആരംഭിക്കാനായിട്ടില്ല.

 

സെമിഫൈനലിസ്റ്റുകളെ നിർണയിക്കുന്നതിൽ വലിയ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാൽ ഇരു ടീമുകൾക്കും അത് തിരിച്ചടിയാവും. ഈ സാഹചര്യത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ മേൽക്കൂരകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഓസ്‌ട്രേലിയയിൽ മഴക്കാലമാണിപ്പോൾ. മെൽബൺ സ്റ്റേഡിയത്തിന് മേൽക്കൂരയുണ്ട്. ഈ സമയത്ത് അത് ഉപയോഗിക്കുന്നതല്ലെ ബുദ്ധിപരമായ കാര്യമെന്ന് മൈക്കൽ വോൺ ട്വീറ്റിലൂടെ ചോദിച്ചു.

തുടർച്ചയായി മഴ പെയ്തിട്ടും മെൽബൺ ഗ്രൗണ്ട് കവർ ചെയ്യാതിരുന്നതിനെയും വോൺ വിമർശിച്ചു. ശ്രീലങ്കയിൽ കനത്ത മഴ പെയ്യുമ്പോൾ അവർ ഗ്രൗണ്ട് മുഴുവൻ കവർ ചെയ്യുകയും മഴ മാറിയാൽ ഉടൻ മത്സരം ആരംഭിക്കുകയും ചെയ്യാറുണ്ട്. അതുപോലെ എംസിജിയും രണ്ട് ദിവസം കവർ ചെയ്തിടാൻ കഴിയുമായിരുന്നില്ലെ, വെറുതെ ചോദിച്ചുവെന്നേയുള്ളു-വോൺ പറഞ്ഞു.