- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'7 തവണ പുറത്താക്കി, ആ ബൗളർക്കെതിരെ കോലിയുടെ കണക്കുകൾ അത്ര മികച്ചതല്ല'; രാജസ്ഥാൻ പേസർ 'റൺ മെഷീന്' വെല്ലുവിളിയാകും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഗുവാഹത്തി: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആവേശപ്പോരാട്ടത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്. ആർസിബി ഇതിഹാസം വിരാട് കോലിക്ക് രാജസ്ഥാൻ പേസർ സന്ദീപ് ശർമ ഇന്ന് വലിയ വെല്ലുവിളിയാകുമെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 69*, 28 എന്നിങ്ങനെ മികച്ച പ്രകടനം പുറത്തെടുത്ത കോലിക്ക് സന്ദീപിന്റെ പന്തുകൾ കീറാമുട്ടിയാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഐപിഎൽ ചരിത്രത്തിൽ വിരാട് കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബൗളറാണ് സന്ദീപ് ശർമ. ഏഴ് തവണയാണ് സന്ദീപ് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത്. കോലി ഇഷ്ടപ്പെടുന്ന 'പേസ്' സന്ദീപിന്റെ പന്തുകളിൽ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. "സന്ദീപിനെതിരെ കോലിയുടെ കണക്കുകൾ അത്ര മികച്ചതല്ല. അദ്ദേഹത്തിന് സന്ദീപിനെ നേരിടാൻ വലിയ താൽപ്പര്യമില്ല. കാരണം, കോലി ആഗ്രഹിക്കുന്ന വേഗത സന്ദീപ് നൽകില്ല. സന്ദീപിനെതിരെ മാന്യമായ സ്ട്രൈക്ക് റേറ്റ് ഉണ്ടെങ്കിലും തുടർച്ചയായി വിക്കറ്റ് നഷ്ടമാകുന്നത് വലിയ ആശങ്കയാണ്," ചോപ്ര നിരീക്ഷിച്ചു.
സന്ദീപിനെതിരെ 18 ഇന്നിങ്സുകളിൽ നിന്ന് 150 സ്ട്രൈക്ക് റേറ്റിൽ 132 റൺസാണ് 37-കാരനായ കോലി നേടിയിട്ടുള്ളത്. ഐപിഎൽ ചരിത്രത്തിൽ 8,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട ഏക താരമായ കോലിക്ക് നിലവിൽ 8,700-ൽ അധികം റൺസുണ്ട്.
കഴിഞ്ഞ സീസണിൽ പുറത്തെടുത്ത അതേ പോരാട്ടവീര്യം ആവർത്തിക്കാനാണ് നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ ശ്രമം. കഴിഞ്ഞ തവണ പുറത്തെ ഏഴ് മത്സരങ്ങളും ജയിച്ച് ആർസിബി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ രാജസ്ഥാനെ വീഴ്ത്തുക അത്ര എളുപ്പമാകില്ല. ചെന്നൈ, ഗുജറാത്ത്, മുംബൈ ടീമുകളെ തകർത്ത് തുടർച്ചയായ മൂന്ന് ജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. ഗുവാഹത്തിയിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെ പരാജയപ്പെടുത്തിയാൽ ആർസിബിക്ക് പോയിന്റ് പട്ടികയിൽ തലപ്പത്തെത്താം.


