ഗുവാഹത്തി: ഐപിഎൽ പത്തൊൻപതാം സീസണിലെ ഗ്ലാമർ പോരാട്ടത്തിൽ ഇന്ന് 'റോയൽ' ടീമുകൾ നേർക്കുനേർ. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസും ഒന്നാം സ്ഥാനം ലക്ഷ്യമിട്ടെത്തുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഇന്നത്തെ മത്സരം. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ വൈകിട്ട് 7.30-നാണ് മത്സരം ആരംഭിക്കുന്നത്. ഈ സീസണിൽ ഇതുവരെ തോൽവി അറിയാത്ത ടീമുകളെന്ന റെക്കോർഡുമായാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരെ തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ. മറുവശത്ത് കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെയും ചെന്നൈയെയും വീഴ്ത്തിയാണ് ആർസിബി വരുന്നത്. നിലവിൽ ആർസിബി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ബാറ്റിംഗ് കരുത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.മുംബൈയെ അടിച്ചുതകർത്ത യശസ്വീ ജയ്സ്വാൾ - വൈഭവ് സൂര്യവംശി സഖ്യത്തിന്റെ ഓപ്പണിംഗ് വെടിക്കെട്ടിന് അതേ നാണയത്തിൽ മറുപടി നൽകാൻ വിരാട് കോലി - ഫിൽ സാൾട്ട് സഖ്യം ആർസിബി നിരയിലുണ്ട്.

നേരിടുന്ന ആദ്യ പന്തുതന്നെ ഗാലറിയിലെത്തിക്കുന്ന യുവതാരം വൈഭവ് സൂര്യവംശിയെ ആർസിബി ബൗളർമാർ എങ്ങനെ നേരിടുമെന്നത് നിർണ്ണായകമാകും. മധ്യനിരയിൽ രാജസ്ഥാനായി റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഹെറ്റ്മെയർ എന്നിവർ കരുത്താകുമ്പോൾ ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷകൾ. പേസ് നിരയിൽ ഭുവനേശ്വർ കുമാറും ജേക്കബ് ഡഫിയും ആർസിബിക്കായി പന്തെറിയുമ്പോൾ ജോഫ്ര ആർച്ചറും നാന്ദ്രേ ബർഗറും രാജസ്ഥാൻ നിരയിലുണ്ട്.

രവീന്ദ്ര ജഡേജയുടെയും സന്ദീപ് ശർമ്മയുടെയും സ്പിൻ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ക്രുനാൽ പണ്ഡ്യയും റൊമാരിയോ ഷെപ്പേർഡും ആർസിബി നിരയിൽ സജ്ജമാണ്. സ്പിൻ പോരാട്ടത്തിൽ രവി ബിഷ്ണോയിയും സുയാഷ് ശർമ്മയും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാകും. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 34 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 17 ജയവുമായി ആർസിബിക്കാണ് നേരിയ മുൻതൂക്കം. രാജസ്ഥാൻ 14 മത്സരങ്ങളിൽ ജയിച്ചു. മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചു. ഗുവാഹത്തിയിലെ ഹോം ഗ്രൗണ്ടിൽ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ആത്മവിശ്വാസം രാജസ്ഥാന് തുണയാകും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

സാധ്യത ഇലവൻ

രാജസ്ഥാൻ റോയൽസ്:

യശസ്വീ ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ (WK), റിയാൻ പരാഗ് (C), ഷിമ്രോൺ ഹെറ്റ്മെയർ, ഡോണവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ.

ഇംപാക്ട് പ്ലെയർ: രവി ബിഷ്ണോയ്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു:

വിരാട് കോലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (C), ജിതേഷ് ശർമ്മ (WK), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി.

ഇംപാക്ട് പ്ലെയർ: സുയാഷ് ശർമ്മ

ഗുവാഹത്തിയിലെ ബാർസപാര സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ടീം കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്താൻ കഴിയാത്തതിനാൽ പരാജയപ്പെടുകയായിരുന്നു. കളി പുരോഗമിക്കുംതോറും പിച്ചിലെ വേഗത കുറയും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ, ടോസ് ജയിക്കുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് സ്കോർ പ്രതിരോധിക്കുന്നതാകും കൂടുതൽ ഉചിതം.