റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പാകിസ്താന്റെ തോല്‍വിയിലും പഴി ഇന്ത്യക്ക്. മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം റമീസ് രാജയാണ് ഇന്ത്യക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. പാകിസ്താന്‍ ബൗളിങ് നിരയെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യ നിലംപരിശാക്കിയതിന് ശേഷമാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടികള്‍ ലഭിച്ചതെന്നാണ് റമീസ് രാജ പറയുന്നത്.

'കഴിഞ്ഞ ഏഷ്യാ കപ്പാണ് പാകിസ്താന്റെ തിരിച്ചടിക്ക് കാരണമായത്. പേസിനെ തുണക്കുന്ന പിച്ചുകളില്‍ അന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാക് പേസ് നിരയ്‌ക്കെതിരെ അനായാസം സ്‌കോര്‍ ചെയ്തു. ഇത് കണ്ട മറ്റ് ടീമുകള്‍ പാകിസ്താന്‍ ടീമിനെ എങ്ങനെ നേരിടണമെന്ന് മനസിലാക്കി. പാകിസ്താന്‍ പേസര്‍മാര്‍ക്കെതിരെ ആക്രമിച്ചു കളിച്ചാല്‍ റണ്‍സ് കണ്ടെത്താന്‍ എളുപ്പമാണെന്ന് എതിരാളികള്‍ മനസിലാക്കി. ഇതോടെ പാക് പേസ് നിരയുടെ ആത്മവിശ്വാസവും കരുത്തും നഷ്ടമാകുകയായിരുന്നു,' റമീസ് രാജ പറഞ്ഞു.

പാകിസ്ഥാന്റെ തോല്‍വിയുടെ വേറൊരു കാരണം ടീം സെലക്ഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഒരു സ്പിന്നറെ പോലും ഉള്‍പ്പെടുത്താതെ നാല് പേസര്‍മാരെ കളിപ്പിച്ചത് മണ്ടത്തരമായെന്നാണ് രാജയുടെ അഭിപ്രായം. ബംഗ്ലാദേശിനെതിരെ ആദ്യമായാണ് പാകിസ്താന്‍ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുന്നത്. ഇത് ഒരുപാട് വിമര്‍ശനങ്ങളിലേക്ക് വഴിയൊരുക്കിയിരുന്നു. താരങ്ങളുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ഒരുപാട് പേര്‍ രംഗത്തെത്തുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 448 റണ്‍സ് നേടി ഡിക്ലെയര്‍ ചെയ്ത പാകിസ്താനെതിരെ ബംഗ്ലാദേശ് 565 റണ്‍സ് നേടി തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും 146 റണ്‍സ് നേടി പാകിസ്താന്‍ പുറത്തായി. ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമാകാതെ തന്നെ രണ്ടാം ഇന്നിങ്‌സില്‍ വിജയലക്ഷ്യമായ 30 റണ്‍സ് സ്വന്തമാക്കി മത്സരം സ്വന്തമാക്കി.