കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ഏറെക്കാലത്തെ സ്വപ്നപദ്ധതിയായ 'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ ഋഷഭ് ഷെട്ടി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026-ൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ വിവിധ ഭാഷകളിൽ ഒരുക്കാൻ കഴിവുള്ള സംവിധായകൻ എന്ന നിലയിലാണ് എം.ടിയുടെ കുടുംബം ഋഷഭ് ഷെട്ടിയെ പരിഗണിച്ചതെന്നാണ് റിപ്പോർട്ടുകൾ.

'രണ്ടാമൂഴം' യാഥാർത്ഥ്യമാക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി താൻ ഇതിന്റെ പിന്നാലെയാണെന്ന് എം.ടിയുടെ മകൾ അശ്വതി നായർ പറഞ്ഞു. ഒരു വലിയ പ്രൊഡക്ഷൻ ഹൗസും, അതികഴിവുള്ള ഒരു ടീമുമാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രത്തെ ഒരു ആഗോള സിനിമയായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, അതുകൊണ്ടാണ് കാര്യങ്ങൾ വൈകുന്നതെന്നും അശ്വതി വ്യക്തമാക്കി. ഫസ്റ്റ് ലുക്ക് പോസ്റ്ററോടുകൂടി ഔദ്യോഗികമായി ലോഞ്ച് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.

എം.ടി. വാസുദേവൻ നായർ ആഗ്രഹിച്ചതുപോലെ, ചിത്രം രണ്ട് ഭാഗങ്ങളായാകും ഒരുക്കുക. എം.ടിയുടെ താൽപ്പര്യപ്രകാരം, നേരത്തെ തന്നെ ഋഷഭ് ഷെട്ടിയുമായി പ്രാരംഭ ചർച്ചകൾ ആരംഭിച്ചിരുന്നു. നേരത്തെ, പ്രശസ്ത സംവിധായകൻ മണിരത്നം ഈ ചിത്രം സംവിധാനം ചെയ്യണമെന്ന് എം.ടി. വാസുദേവൻ നായർ ആഗ്രഹിച്ചിരുന്നു. ഏകദേശം ആറ് മാസത്തോളം എം.ടി. മണിരത്നത്തിനുവേണ്ടി കാത്തിരുന്നെങ്കിലും, ഇത്രയും വലിയ ക്യാൻവാസിലുള്ള ഈ പ്രോജക്റ്റിന് കൂടുതൽ സമയം ആവശ്യമാണെന്ന് പറഞ്ഞ് അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു.

ഋഷഭ് ഷെട്ടിയെ എം.ടിക്ക് ശുപാർശ ചെയ്തത് മണിരത്നമാണെന്നും റിപ്പോർട്ടുകളുണ്ട്. ഋഷഭ് ഷെട്ടി എം.ടിയുമായി കൂടിക്കാഴ്ച നടത്താൻ കോഴിക്കോട്ടെത്താനിരിക്കെയാണ് അഞ്ചുമാസം മുമ്പ് എം.ടിയെ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ കൂടിക്കാഴ്ച നടന്നില്ല. പ്രസ്തുത തിരക്കഥ സിനിമയാക്കാൻ പല വൻകിട നിർമാണ കമ്പനികളും ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ അവ നടക്കാതെ പോയി.

സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും, നിർമാണം വൈകിയതിനെത്തുടർന്ന് നിയമ നടപടികളിലൂടെ എം.ടി. കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന്, മകൾ അശ്വതി വി. നായരെ തിരക്കഥ ഏൽപിച്ച് എത്രയും വേഗം ചിത്രം പുറത്തിറക്കാൻ നടപടികൾ ആരംഭിച്ചു. നിലവിൽ കണ്ടെത്തിയിരിക്കുന്ന സംവിധായകന്റെ നിർമാണക്കമ്പനിയും എം.ടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാകും 'രണ്ടാമൂഴം' നിർമിക്കുക.

എം.ടിയുടെ ഒമ്പത് ചെറുകഥകൾ ഒമ്പത് സംവിധായകർ ചേർന്ന് ഒരുക്കിയ 'മനോരഥങ്ങൾ' എന്ന ചിത്രം അടുത്തിടെ ഒ.ടി.ടി.യിൽ റിലീസ് ചെയ്തിരുന്നു. എം.ടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണക്കമ്പനിയാണ് ഈ ചിത്രം നിർമിച്ചത്. അടുത്ത ദിവസങ്ങളിൽ സംവിധായകൻ കോഴിക്കോട്ടെത്തുമെന്നും അദ്ദേഹവും എം.ടിയുടെ കുടുംബവും ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.