- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജി ട്രോഫിയിൽ രണ്ടാംദിനം കേരളത്തിന് മേൽക്കൈ; സർവീസസിനെ എറിഞ്ഞൊതുക്കി ബൗളർമാർ; ആറ് വിക്കറ്റിന് 167 റൺസ് എന്ന നിലയിൽ; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യം
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 327 റൺസ് പിന്തുടരുന്ന സർവീസസിന് രണ്ടാം ദിനം കളി നിർത്തുമ്പോൾ 53 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനെ കഴിഞ്ഞിട്ടുള്ളു. കേരളത്തിന്റെ സ്‌കോറിനേക്കാൾ 160 റൺസ് പിന്നിലാണ് സർവീസസ് ഇപ്പോൾ. രണ്ട് വിക്കറ്റ് വീതവുമായി വൈശാഖ് ചന്ദ്രനും ജലജ് സക്സേനയും ഓരോ വിക്കറ്റ് നേടി എം ഡി നിഥീഷും സിജോമോൻ ജോസഫും തിളങ്ങി.
സർവീസസിനായി രവി ചൗഹാൻ അർധ സെഞ്ചുറി നേടി. ചൗഹാൻ 114 പന്തിൽ 50 റൺസുമായി പുറത്തായി. ശുഭം രോഹില്ല(67 പന്തിൽ 31), സുഫിയാൻ ആലം(29 പന്തിൽ 18), ഗാലൗത് രാഹുൽ സിങ്(14 പന്തിൽ 19), നായകൻ രജത് പലിവാൽ(22 പന്തിൽ 11), എൽ എസ് കുമാർ(35 പന്തിൽ 12) എന്നിവരുടെ വിക്കറ്റാണ് സർവീസസിന് നഷ്ടമായത്. പുൽകിത് നരംഗ്(29 പന്തിൽ 10*), മോഹിത് രാത്തീ(9 പന്തിൽ 8*) എന്നിവരാണ് രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോൾ ക്രീസിൽ.
സെന്റ് സേവ്യർസ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരളം ഒന്നാം ഇന്നിങ്‌സിൽ 121 ഓവറിൽ 327 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സർവീസസിന് ഓപ്പണർമാർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ വിക്കറ്റിൽ ഓപ്പണർമാരായ രോഹില്ലയും സൂഫിയാൻ അലവും ചേർന്ന് 48 റൺസ് ചേർത്തു.
എന്നാൽ സ്പിന്നർമാരെ ഇറക്കി കേരളം മത്സരം തിരിച്ചുപിടിച്ചു. സൂഫിയാനെ പുറത്താക്കി വൈശാഖ് ചന്ദ്രൻ സർവീസസിന്റെ ആദ്യ വിക്കറ്റ് നേടി. പിന്നാലെ വന്ന ബാറ്റർമാരിൽ രവി ചൗഹാൻ മാത്രമാണ് പിടിച്ചുനിന്നത്. രവി ചൗഹാൻ 114 പന്തുകളിൽ നിന്ന് 50 റൺസെടുത്തെങ്കിലും താരത്തെ നായകൻ സിജോമോൻ ജോസഫ് പുറത്താക്കി.
254-6 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തെ സച്ചിൻ ബേബിയും ക്യാപ്റ്റൻ സിജോമോൻ ജോസഫും ചേർന്ന് 300 കടത്തിയിരുന്നു. സ്‌കോർ 311ൽ നിൽക്കെ സിജോമോൻ ജോസഫിനെ പുറത്താക്കി എം എസ് രാത്തീ ആണ് സർവീസസിന് ബ്രേക്ക് ത്രൂ നൽകിയത്. 55 റൺസെടുത്ത സിജോമോനെ രാത്തീ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പൊരുതി നിന്ന സച്ചിൻ ബേബി റണ്ണൗട്ടായി. 308 പന്ത് നേരിട്ട സച്ചിൻ ബേബി159 റൺസെടുത്ത് മടങ്ങി.
പി രാഹുൽ(13 പന്തിൽ 0), ജലജ് സക്സേന(10 പന്തിൽ 8), രോഹൻ പ്രേം(6 പന്തിൽ 1), വത്സൽ ഗോവിന്ദ്(13 പന്തിൽ 1), സൽമാൻ നിസാർ(97 പന്തിൽ 42), അക്ഷയ് ചന്ദ്രൻ(72 പന്തിൽ 32), വൈശാഖ് ചന്ദ്രൻ(13 പന്തിൽ 4*), ബേസിൽ തമ്പി(0), എം ഡി നിഥീഷ്(12 പന്തിൽ 11) എന്നിങ്ങനെയായിരുന്നു മറ്റ് കേരള താരങ്ങളുടെ സ്‌കോർ.
സ്പോർട്സ് ഡെസ്ക്