നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ തുടക്കത്തിലെ പതര്‍ച്ചക്ക് ശേഷം വിദര്‍ഭ കളം പിടിക്കുന്നു. ആദ്യത്ത് മൂന്ന് വിക്കറ്റുകള്‍ എളുപ്പം കൊയ്ത കേരളത്തിന് നാലാം വിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 24ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വിദര്‍ഭ ചായക്ക് പിരിയുമ്പോള്‍ 170 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ച്വറിയുമായി ഡാനിഷ് മലെവറും 47 റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസിലുള്ളത്. ഒരു വിശത്ത് മലെവര്‍ ആക്രമിച്ചു കളിക്കുമ്പോള്‍ മറുവത്ത് കരുണ്‍ നായര്‍ നങ്കൂരമിട്ടു നില്‍ക്കുകയാണ്.

24റണ്‍സിന് മൂന്നെണ്ണം നഷ്ടമായപ്പോള്‍ ക്രീസില്‍ ഒന്നിച്ച കരുണും മലെവറും 146 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. 171 പന്ത് കളിച്ച 12 ഫോറും രണ്ട് സിക്‌സറുമടിച്ച് 104 റണ്‍സാണ് മലെവര്‍ നേടിയതെങ്കില്‍ 121 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സറുമടിച്ചാണ് കരുണ്‍ നായര്‍ 47 റണ്‍സ് സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ പാര്‍ഥ് രേഖാഡെ (0), ധ്രുവ് ഷോറെ (35 പന്തില്‍ 16), സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായി എത്തിയ ദര്‍ശന്‍ നല്‍കാണ്ഡെ (21 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. രേഖാഡെ, നല്‍കാണ്ഡെ എന്നിവരെ എം.ഡി. നിധീഷും ധ്രുവ് ഷോറെയെ യുവ പേസര്‍ ഏദന്‍ ആപ്പിളുമാണ് പുറത്താക്കിയത്. പേസ് ബൗളര്‍മാര്‍ക്ക് സഹായം നല്‍കുന്നതിലാന്‍ തന്നെ ഒരു എക്‌സ്ട്രാ പേസറെ ഉള്‍പ്പെടുത്തിയാണ് കേരളം കളത്തിലിറങ്ങിയത്. എന്നാല്‍ ആദ്യ സെഷന് ശേഷം പിച്ച് ബാറ്റിങ്ങിന് അനുകൂലമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

കരുണ്‍ നായര്‍-ഡാനിഷ് മലെവര്‍ കൂട്ടുക്കെട്ട് അക്ഷാര്‍ത്ഥത്തില്‍ കേരളത്തെ വെള്ളം കുടിപ്പിക്കുകയാണ്. കേരളത്തിന്റെ സ്റ്റാര്‍ സ്പിന്നര്‍മാരായ ജലജ് സക്‌സേന ആതിഥ്യ സര്‍വാതെ എന്നിവര്‍ ഒമ്പത് ഓവര്‍ വീതം എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. പതിയെ സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ആദ്യ രണ്ട് ദിനം പരമാവധി റണ്‍സ് നേടാനായിരിക്കും വിദര്‍ഭ ശ്രമിക്കുക. കേരളത്തിന് മത്സരത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് അനിവാര്യമാണ്.