- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര് ആശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ബ്രിസ്‌ബേന്‍ ടെസ്റ്റിന് പിന്നാലെ; ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ഓഫ് സ്പിന്നര്‍; 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 537 വിക്കറ്റുകള്‍; ആറ് സെഞ്ച്വറികളുമായി ബാറ്റിംഗിലും തിളക്കം
ആര് ആശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ഗാബ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ക്യാട്പടന്‍ രോഹിത് ശര്‍മ്മക്കൊപ്പം മാധ്യമങ്ങളെ കണ്ട അദ്ദേഹം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ അശ്വിന്‍ വിരമിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള ചില വൈകാരിക ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിരാട് കോലിയും രവിചന്ദ്രന്‍ അശ്വിനും സംസാരിക്കുന്നതും അതിനു ശേഷം കോലി അശ്വിനെ വൈകാരികമായി കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിലുള്ള താരം, മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ താരം കളിച്ചിരുന്നു. അനില്‍ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ് അശ്വിന്‍.
106 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളില്‍നിന്ന് 156 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമാണ്. 38 വയസാണ് താരത്തിന്റെ പ്രായം. ബാറ്റ് കൊണ്ട് ആറ് സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരവും അശ്വിനാണ്. 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു.
2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമംഗമായിരുന്നു അശ്വിന്‍. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിന്‍ തന്നെയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഏഴാമതുണ്ട് അശ്വിന്‍. അഡ്ലെയ്ഡില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനം കളിച്ചത്.
ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയിലാണ് അശ്വിന്‍ വേണ്ടവിധത്തില്‍ ശോഭിച്ചിരുന്നില്ല. മൂന്ന് ടെസ്റ്റില്‍ നിന്ന് ഒമ്പത് വിക്കറ്റ് മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്. ഇതിനിടെ വാഷിംഗ്ടണ്‍ സുന്ദര്‍ അശ്വിന്റെ പകരക്കാരനായി ടീമില്‍ തിളങ്ങിയതോടെയാണ് അശ്വിന്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് കടന്നത്. പുതുതലമുറക്ക് വഴിയൊരുക്കാനാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ വഴിമാറുന്നത്.
ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്‍, ഇക്കാര്യത്തില്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിലുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇടംകയ്യന്‍മാരെ പുറത്താക്കിയ ബോളറെന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാണ്. 268 തവണയാണ് ഇടംകയ്യന്‍ ബാറ്റര്‍മാര്‍ അശ്വിനു മുന്നില്‍ വീണത്.
ഇതിനെല്ലാം ഉപരിയായി, ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ കാത്തുസംരക്ഷിച്ച മികച്ചൊരു ബാറ്റര്‍ കൂടിയാണ് അശ്വിന്‍. ടെസ്റ്റില്‍ ആറു സെഞ്ചറികളും 14 അര്‍ധസെഞ്ചറികളും സഹിതം 3503 റണ്‍സാണ് അശ്വിന്റെ സമ്പാദ്യം. ഒരേ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചറികളും അഞ്ച് വിക്കറ്റും നേടിയ താരങ്ങളില്‍ രണ്ടാമനാണ് അശ്വിന്‍. നാലു തവണ ഈ നേട്ടം കൈവരിച്ച അശ്വിനു മുന്നിലുള്ളത് 5 തവണ ഇതേ നേട്ടം സ്വന്തമാക്കിയ ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതം മാത്രമാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്‍ ടീമുകളില്‍ അശ്വിന്‍ ഉണ്ടാകും. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിന്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് കളിക്കുക.